രചന : സെഹ്റാൻ✍

അപ്പോൾ എന്റെ ചക്രക്കസേര
വലത്തോട്ട് തിരിഞ്ഞു!
ഇടത്തോട്ടായിരുന്നുവത്
തിരിയേണ്ടിയിരുന്നത്.
ഇടതുപോലെ തോന്നിപ്പിക്കുന്ന
വലത്തോട്ടോ,
വലതുപോലെ തോന്നിപ്പിക്കുന്ന
ഇടത്തോട്ടോ?
മുറിഞ്ഞുപോയ കാലുകളിൽ
മുട്ടിയുരുമ്മുന്ന ആട്ടിൻപറ്റങ്ങൾ.
അവയുടെ വളഞ്ഞ കൊമ്പുകളിൽ
വിശ്രമിക്കുന്ന കൊക്കുകൂർത്ത
പ്രാപ്പിടിയൻമാർ.
ചതുപ്പിനരികിലെ ബുക് ഷെൽഫിൽ
ഇതുവരെയും വായിച്ചിട്ടില്ലാത്ത
മെയിൻ കാംഫ്.
ഖണ്ഡികകളിൽ അധികാരം.
രക്തം.
ബാബേൽ ഭാഷകൾ!
അരണ്ട വെളിച്ചമുള്ള മദ്യശാല.
ഇരുണ്ടനിറമുള്ള റമ്മിന്റെ
കോപ്പയിൽ നിന്നുമൊരു
പെരുച്ചാഴി തൊണ്ടക്കുഴിയിലൂടെ,
നെഞ്ചിലൂടെ, ആമാശയത്തിലേക്ക്…
കാലുകളുണ്ടായിരുന്ന കാലം.
കസേരകൾക്ക്
ചക്രങ്ങളില്ലാതിരുന്ന കാലം.
വിയർത്തുനാറിയ കക്ഷത്ത്
നനഞ്ഞുവിറങ്ങലിച്ച
മാനിഫെസ്റ്റോ പ്രതി.
പ്രിയപ്പെട്ട മാർക്സ്,
താങ്കളെഴുതിയ മനോഹരമായ
സർറിയൽ കവിതയല്ലെങ്കിൽ
വേറെന്താണ് വൈരുദ്ധ്യാത്മക
ഭൗതികവാദം…?
ജാഥയെ നയിക്കുകയാണ്.
അശാന്തിയുടെ ഇടറുന്ന
തൊണ്ടകൾ.
നഗരഹൃദയത്തിൽ ആഴമുറിവുകൾ
തീർക്കുന്ന മുദ്രാവാക്യങ്ങൾ.
കാക്കിയണിഞ്ഞ ‘സമാധാന’പാലകർ.
ലാത്തികളിൽ വിറകൊള്ളുന്ന
കൈകൾ.
അവരുടെ കണ്ണുകളിൽ
അവരുടെ കുട്ടികൾ.
മുദ്രാവാക്യങ്ങൾ നിർത്തി
ഒരു കവിത ചൊല്ലട്ടേ?
നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി…?
മുദ്രാവാക്യങ്ങൾ നിലയ്ക്കുന്നു.
കവിത പിറക്കുന്നു!
കാക്കിയണിഞ്ഞവരുടെ
കണ്ണുകൾക്കകത്ത് കുട്ടികൾ
കവിതയിലേക്ക് കാതുകൂർപ്പിക്കുന്നു.
എനിക്കൊരു ഗോഡ്സെയെ
വധിക്കണം.
അതിനുമുമ്പ് ഗാന്ധിയുടെ
പിടിവിടുവിക്കണം.
കവിത നിലയ്ക്കുന്നു.
മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു.
അതെ!
കാലുകൾ നിലത്തുറച്ചിട്ടുണ്ട്…
ആ തീവണ്ടിക്ക് കാലുകളുണ്ട്.
തേരട്ടകളെപ്പോലെ.
കാലുകൾ നഷ്ടപ്പെടുമ്പോൾ
ഭൂമി തുലനാവസ്ഥയെ താഴെയിടുന്നു.
(എന്തൊരു തത്വചിന്ത!)
തീവണ്ടി കാത്തുകിടക്കുന്നത്
ആർക്കുവേണ്ടിയാണ്‌?
എനിക്കോ…?
ഞാനെഴുതുന്ന കവിത നിങ്ങൾക്ക്
ഇടത്തുനിന്നും വലത്തോട്ടോ,
വലത്തുനിന്നും ഇടത്തോട്ടോ
വായിക്കാവുന്നതല്ല.
അതിന്റെ വരികൾ
തീവണ്ടിപ്പുകയേറ്റ് കറുത്തുമങ്ങിയിരിക്കുന്നു.
കാലുകളില്ലെന്നതിനാൽ
തേരട്ടക്കാലുകളുള്ള തീവണ്ടിയിൽ
കയറിപ്പറ്റാനാഗ്രഹിക്കുന്നു.
കാലാവധി തീർന്നൊരു നിലവിളി
ഭൂമിയുടെ അടിത്തട്ടിൽ നിന്നും
മുകളിലേക്ക് വലിഞ്ഞുകയറുന്നു.
ചക്രക്കസേര ചെളിയിൽ
പൂണ്ടുകിടക്കുന്നു.
നമ്മുടെ കാലുകൾ എങ്ങോട്ടാണ്
പുറപ്പെട്ടു പോകുന്നത്?
നമ്മോടു പറയാതെ…
ജീർണിച്ച തുറുങ്കുകളിലേക്ക് അയക്കപ്പെടുന്നവരുടെ
കാലടിയൊച്ചകൾ.
ആകാശം തൊടുന്ന നിലവിളികൾ.
മുറിഞ്ഞുപോയ കാലുകൾക്ക്
താഴെ നിറയെ വേരുകൾ.
ഉണങ്ങിയതെങ്കിലും അവ
ഭൂമിയുടെ ഈർപ്പം തിരയുന്നു!

സെഹ്റാൻ

By ivayana