സൗദാമിനി അടുക്കളയിലെ ജോലികൾ തിരക്കിട്ടു ചെയ്തു കൊണ്ടിരുന്നു.
ചെത്തിതേക്കാത്ത വെട്ടുകല്ലിൻ ചുമരുകൾ നിരന്തരമായി അടുപ്പിലെ പുകയേറ്റ് കരിഞ്ഞു കരുവാളിച്ചു കിടന്നു. മൺതറയിട്ട കല്ലടുപ്പുകളിലൊന്നിൽ അലുമിനിയംകലത്തിൽ അരി തിളയ്ക്കുന്നു. ചെറിയ അടുപ്പിൽ
വെച്ചിരിക്കുന്ന ദോശക്കല്ലിൽ കുട്ടികൾക്കുള്ള ഗോതമ്പട വെന്തു
കൊണ്ടിരിക്കുന്നു.
മഴയിൽ നനഞ്ഞറബർമരചുള്ളികൾ കത്താൻ മടിച്ച് അടുപ്പിലിരുന്ന് ചൂളം വിളിച്ചപ്പോൾ
മുകളിലെ ചേരിൽ നിന്നുംഉണങ്ങിയ മൂന്നുനാലുവിറകുകൊള്ളികൾ വലിച്ചെടുത്തു സൗദാമിനി അടുപ്പിലേക്ക് തള്ളി. ഈറ്റക്കുഴലിന്റെ
കുംഭമെടുത്തു ക്ഷമയോടെ ഊതാൻ തുടങ്ങി. വായുപ്രവാഹമേറ്റ് കനൽ
ജ്വലിച്ചതോടെ ക്ഷീണം മറന്ന വിറകുകൊള്ളികൾ ആവേശത്തോടെ ആളിപ്പടർന്നു.
തീ നന്നായി കത്തുന്നുണ്ട് എന്നുറപ്പാക്കിയതിനു ശേഷം
അവൾ പുറത്തേക്ക് പോയി.
മുറ്റത്ത്‌ നിന്നും പാതി ഉണങ്ങിയ വിറക് കമ്പുകൾ വാരിയെടുത്തു കൊണ്ട് വന്ന് ചേരിൽ ഉണങ്ങാനിട്ടു.
അപ്പോഴേക്കും മുറ്റത്ത്‌നാട്ടിയിരിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിൽ നിന്നുംപശുക്കിടാവ് തുമ്മുന്നത് പോലെ പൊട്ടലും ചീറ്റലും കേട്ടുതുടങ്ങി. പൈപ്പിന്റെ കീഴിൽ നിരത്തി വെച്ചിരിക്കുന്ന വലിയ പെയിന്റ് ബക്കറ്റുകളിലൊന്നിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൾ വീണ്ടും പുറത്തേക്ക് പോയി.
ബക്കറ്റുകൾ മാറിമാറി വെച്ച് അടുക്കള യിലേക്കും കുളിമുറിയിലേക്കും ടോയ്ലറ്റിലേക്കുമുള്ള വെള്ളം ശേഖരിച്ചു. പാത്രങ്ങളെല്ലാം നിറഞ്ഞപ്പോൾ പൈപ്പിൽ ചെറിയ ഹോസ് ഘടിപ്പിച്ച് മുറ്റത്തു തന്നെ വെച്ചിരിക്കുന്ന
അഞ്ഞൂറ് ലിറ്ററിന്റെ ടാങ്കിലേക്കിട്ടു.
അത് നിറയുമ്പോഴേക്കും വെള്ളത്തിന്റ വരവ് നിലയ്ക്കുമെന്ന് അവൾക്കറിയാമായിരുന്നു.
അതിനു ശേഷം ഒരു പറ്റുപോലും തൂവി പോവാതെ കഞ്ഞി വാർത്തു തവിക്കണ കൊണ്ട് മുട്ട് കൊടുത്തു. ഗോതമ്പടകൾ അല്പം പോലും കരിയാതെ സൂക്ഷ്മതയോടെ ചുട്ടെടുത്തു. മോഹനേട്ടന്ചൂട് പിടിക്കാനുള്ള വെള്ളം അടുപ്പിൽ വെച്ചു.
ഈ ജോലികളെല്ലാം തന്നെ അപാരമായ കയ്യടക്കത്തോടെയും സ്വാഭാവികമായ ആനന്ദത്തോടെയും എന്നാൽ വളരെ നിസ്സാരമെന്ന ഭാവത്തിലും
ആണ് സൗദാമിനി ചെയ്തു തീർത്തത്. അതും കുറഞ്ഞ സമയത്തിനുള്ളിൽ.
കുട്ടികൾ സ്കൂൾ വിട്ടു വരാറായല്ലോ എന്നോർത്തു കൊണ്ട് അവൾ ചായക്കുള്ള വെള്ളം വെച്ചു.
മുഷിഞ്ഞു കിടന്ന ഒന്നോ രണ്ടോ തുണികളുമായി
അലക്കുകല്ലിന്റെ അടുത്തേക്ക് നടന്നു.
തുണികൾ അലക്കിപ്പിഴിഞ്ഞ് അയയിൽ വിരിച്ചു വന്നപ്പോഴേക്കും ചായക്കുള്ള വെള്ളം തിളച്ചിരുന്നു.
പൊടിയിട്ട് വാങ്ങി ഇടത്തരം
സ്റ്റീൽചെരുവത്തിൽ എല്ലാവർക്കുമുള്ള ചായയെടുത്ത് പഞ്ചസാരയിട്ട് തണുക്കാൻ വെച്ചു. നടുമുറിയിലെ നീളത്തിലുള്ള ഡെസ്കിൽ ബെഡ്ഷീറ്റ്
വിരിച്ച് അവൾക്ക് ജോലിക്ക് പോവുമ്പോൾ ഉടുക്കാനുള്ള സാരിയും ബ്ലൗസും ഓടിച്ചൊന്ന് ഇസ്തിരിയിട്ടു.
കുട്ടികൾ ഇപ്പോഴെത്തും എന്ന് മനസ്സിൽ കരുതിയ മാത്രയിൽ പടിക്കൽ അവരുടെ കലപില ശബ്ദം കേട്ടു. അതങ്ങനെയാണ്. സമയവും സമയത്തിന്റെ
അളവുകോലുകളും അവൾക്ക് കാണാപ്പാഠമാണ്.
തന്റെ ദൈനംദിനജോലികളെസമയത്തിന്റെ സൂചികകളുമായി
അവൾ ബന്ധിപ്പിച്ചിരിക്കുന്നു.
കുട്ടികൾക്ക് ചായ കൊടുത്ത് മോഹനേട്ടനുള്ള ചായയുമായി ചെല്ലുമ്പോൾ അദ്ദേഹം ഉറക്കത്തിലാണ്. പാഴ്ത്തടി പോലെ
അനക്കമില്ലാതെ കിടക്കുന്ന മെലിഞ്ഞ ശരീരത്തിൽ അവൾ മുട്ടി വിളിച്ചു
“മോഹനേട്ടാ “
ഏതോ ഭീകരസ്വപ്‌നത്തിൽ നിന്നും ഞെട്ടിയുണർന്നവനെപ്പോലെ അയാൾ സൗദാമിനിയെ തുറിച്ച് നോക്കി.
കണ്ണുകളിൽ ഭീതിയുടെ തിരയിളക്കം.
ചിരപരിചിതമായ മുഖവും സാഹചര്യവും തിരിച്ചറിഞ്ഞപ്പോൾ യുദ്ധത്തിൽ മുറിവേറ്റു വീണുപോയ യോദ്ധാവിനെപ്പോലെ അയാളുടെ കണ്ണുകളിൽ ദൈന്യത നിഴലിട്ടു.
അവൾ അയാളുടെ തല ഉയർത്തി തലയിണയിൽ വെച്ചു.
സമീപത്തിരുന്ന് ചെറിയ സ്പൂൺ ഉപയോഗിച്ച് അയാളുടെ ഉണങ്ങിയ ചുണ്ടുകളിൽ ചായ ഇറ്റിച്ചു കൊടുത്തു. കടവായിലൂടെ ഒലിച്ചിറങ്ങിയ തുള്ളികൾ ടവൽ കൊണ്ട് തുടച്ചു നീക്കി. ഗ്ലാസിലെ ചായ പകുതി ആയപ്പോൾ മോഹനൻ മതിയെന്ന അർത്ഥത്തിൽ തല വെട്ടിച്ചു
സംസാരശേഷിയും, ചലന ശേഷിയും നഷ്ടപ്പെട്ട അയാളുടെ ഓരോ പ്രതികരണങ്ങളും സൗദാമിനി പഠിച്ചു കഴിഞ്ഞിരുന്നു. അയാളുടെ കണ്ണുകളിലൂടെ ഉള്ളിലെ വികാരവിചാരങ്ങൾ പോലും മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു.
മോഹനൻ ചുണ്ടുകൾ കോട്ടി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു.
മൂത്രമൊഴിക്കണം. സൗദാമിനി കട്ടിലിന്റെ അടിയിൽ നിന്നും പാത്ര
മെടുത്ത് അയാളുടെ ശുഷ്കിച്ചു നിർവീര്യമായ ലിംഗമെടുത്ത് പാത്രത്തിനകത്തേക്ക് നീട്ടി പിടിച്ചു. അതിൽ നിന്നും വളരെ സാവധാനം ഇടമുറിഞ്ഞ തുള്ളികളായി മൂത്രം ഇറ്റിറ്റു വീണു കൊണ്ടിരുന്നു. ചേതനയറ്റ് നിർജീവമായ
ആ വസ്തുവിലേക്ക് നോക്കികൊണ്ടിരുന്നപ്പോൾ വർധിത വീര്യത്തോടെ തന്റെ മേൽ പടർന്നുകയറി ശരീരത്തിലെ രസമുകുളങ്ങളിലും മനസിലും രതിയുടെ തിരയിളക്കം
സൃഷ്ടിച്ചിരുന്ന പഴയ മോഹനേട്ടനെഅവൾക്ക് ഓർമ്മ വന്നു.
ഒരു സ്വകാര്യകമ്പനിയിൽ സൂപ്പർവൈസറായിരുന്നു മോഹനൻ.
ഭേദപ്പെട്ട ശമ്പളവുമുണ്ടായിരുന്നു.
വല്ലപ്പോഴും മാത്രം ചെറുതായി മദ്യപിച്ചിരുന്ന അയാൾ
ജോലിസ്ഥലത്തെ സുഹൃത്തുക്കളുമായി വാരാന്ത്യങ്ങളിൽ ആഘോഷം തുടങ്ങിയപ്പോഴേ അവൾ എതിർത്തിരുന്നതാണ്.
അയാൾ കൂട്ടാക്കിയില്ല.
ഒരു രാത്രിയിൽ അമിതമായി മദ്യപിച്ചു വീട്ടിലേക്ക് തിരികെ വരുമ്പോൾ മോഹനന്റെ
ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു.
ദൂരേക്ക് തെറിച്ചു വീണമോഹനൻ പിന്നെ എഴുന്നേറ്റില്ല. നട്ടെല്ല് തകർന്ന് തലയ്ക്കു സാരമായി പരിക്ക്പറ്റി ജീവച്ഛവം പോലെ കഴിയാനായിരുന്നു അയാളുടെ വിധി.
തകർന്നു പോയത് അയാളുടെ നട്ടെല്ല് മാത്രമായിരുന്നില്ല. സൗദാമിനിയുടെ സ്വപ്‌നങ്ങളുംആ കുടുംബത്തിന്റെ സന്തോഷവും സമാധാനവും കൂടിയായിരുന്നു.
മോഹനനെ ഉപേക്ഷിച്ചു വേറൊരു വിവാഹം കഴിക്കാൻ പലരും ഉപദേശിച്ചെങ്കിലും അവൾ തയ്യാറായില്ല. മോഹനന്റെ ശുശ്രുഷയും ചികിത്സയും ജീവിത നിയോഗമായി കരുതി ഏറ്റെടുത്തു.
ഓർമ്മകൾ സൗദാമിനിയുടെ മനസിനെ ചുട്ടുപൊള്ളിച്ചു.
തിങ്ങിവിങ്ങുന്നവികാരവിക്ഷോഭത്താൽ അവളുടെ മുഖം തീപ്പന്തം കണക്കെ ദീപ്തമായി.
നൈരാശ്യവും പകയും കലർന്ന മുഖഭാവത്തോടെ അവൾ മോഹനനെ നോക്കി.
അവളുടെ ചാട്ടുളിനോട്ടം നേരിടാനാവാതെ അയാൾ കണ്ണുകൾ ഇറുക്കിയടച്ചു.
ക്ഷോഭമടങ്ങിയപ്പോൾ സൗദാമിനി അടുക്കളയിൽ നിന്നും
ചെറുചൂടുവെള്ളം എടുത്തുകൊണ്ടു വന്ന്
കുഴമ്പ് ചേർത്ത് അയാളുടെ ദേഹം തുടക്കാൻ തുടങ്ങി.
മാതൃനിർവിശേഷമായ വാത്സല്യത്തോടെ അയാളുടെ ശരീരത്തിലെ ഓരോ കോശങ്ങൾ പോലും അവൾ സൂക്ഷ്മതയോടെ വൃത്തിയാക്കി. ഇക്കിളിപ്പെട്ടിട്ടെന്ന വണ്ണം മോഹനൻ ഒരു ശിശുവിന്റെ നിഷ്കളങ്കതയോടെ ഇടയ്ക്കിടെ ചിരിക്കുന്നുണ്ടായിരുന്നു. അവൾ അയാളുടെ മുഖം തുടച്ച് പൗഡർ ഇട്ടു കൊടുത്തു. അയാളുടെ ദേഹം വൃത്തിയുള്ള ഷീറ്റ് കൊണ്ടു പുതപ്പിച്ചു.
സൗദാമിനി വീണ്ടും അടുക്കളയിൽ തിരികെ വന്ന് എല്ലാം യഥാസ്ഥാനത്തു തന്നെ ക്രമീകരിച്ചു. ഉറങ്ങുകയായിരുന്ന നാരായണിയമ്മയെ വിളിച്ചുണർത്തി ചായ കൊടുത്തു. മോഹനനുള്ള കഞ്ഞിയും മരുന്നും കൃത്യമായി കൊടുക്കുന്നതിനെ കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തിയിട്ട് ജോലിക്ക് പോവാനുള്ള തയ്യാറെടുപ്പുകൾ നടത്തി. ഏഴു മണിക്കാണ് നഗരത്തിലേക്കുള്ള അവസാന വണ്ടി.
കുളിച്ചിറങ്ങിയ സൗദാമിനി വാതിൽ ഓടാമ്പലിട്ടതിനു ശേഷം നിലക്കണ്ണാടിയുടെ മുമ്പിൽ നിന്ന് ഈറൻ മാറാൻ തുടങ്ങി. അവളുടെ മേനിയിൽ നിന്നും വാസന സോപ്പിന്റെ ഗന്ധം ഉയർന്നു. ഈറൻ വസ്ത്രങ്ങൾ ഉരിഞ്ഞു
മാറ്റിക്കൊണ്ട് അവൾ മോഹനനെ നോക്കി. അയാൾ ഉറങ്ങുകയാണ്. അയാൾ ഉണർന്നിരിക്കുന്ന ചില സമയങ്ങളിൽ അഴകളവുകൾ ഒത്തിണങ്ങിയ യൗവനസമ്പുഷ്ടമായ തന്റെ നഗ്നലാവണ്യം അയാൾക്ക്‌ മുമ്പിൽ പരിപൂർണ്ണമായും അവൾ അനാവരണം ചെയ്യുമായിരുന്നു.
സിരകളെ ചൂട് പിടിപ്പിക്കുന്ന ആ കാഴ്ച്ചയിൽ നിസ്സഹായനായ ഷണ്ഡനെ പോലെ അയാളുടെ ശ്വാസഗതി വർധിക്കുകയും കണ്ണുകൾ വെട്ടിത്തിളങ്ങുകയും ചെയ്യുന്നത് കാണുമ്പോൾ നിഗൂഢവും അനിർവചനീയവുമായ ഒരുന്മാദം അവളുടെ മനസ്സിൽ നിറയും. മനസ്സിന് ജീവനുണ്ടായിരിക്കുമ്പോൾ
ഇന്ദ്രിയങ്ങൾ മൃതമായിരിക്കുന്നത് ഒരു വല്ലാത്ത അവസ്ഥയാണ്.
വസ്ത്രം ധരിച്ച് അയാളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ച് അവൾ പുറത്തിറങ്ങി. കുട്ടികളോട് യാത്ര പറഞ്ഞ് മുറ്റത്തേക്കിറങ്ങിയപ്പോൾ
ഇറയത്തിരുന്നു പതം പറഞ്ഞു കൊണ്ടിരുന്ന നാരായണിയമ്മ ഉറക്കെ വിളിച്ചു പറഞ്ഞു.
“രണ്ടു കണ്ണി പൊകല “
മേടിക്കാം.. അമ്മേ….”
അവൾ മറുപടി പറഞ്ഞു. പടിയിറങ്ങുബോൾ പിന്നെയും പുലമ്പൽ കേൾക്കാം.
“കാവിലെ ഭഗോതിയെ പോലെ സുന്ദരിയാ ന്റെ കുട്ടി…..ന്റെ കുട്ടിക്ക് യോഗല്യാണ്ടായല്ലോന്റെ കൃഷ്ണാ “.
സൗദാമിനിക്ക് ഉറക്കെ ചിരിക്കാൻ തോന്നി. പടിയിറങ്ങി താഴെ എത്തിയപ്പോഴേക്കും ബസ് വന്നു.
ഒരു മണിക്കൂറിൽ കൂടുതലും യാത്രയുണ്ട് നഗരത്തിലേക്ക്.
ബസിറങ്ങി ഹോംസ്‌റ്റെയിൽ എത്തുമ്പോൾ രാധാമണിച്ചേച്ചി റിസപ്ഷനിൽ ഇരിപ്പുണ്ട്. രെജിസ്റ്ററിൽ ഒപ്പിട്ടു സൗദാമിനി ചോദിച്ചു
“അത്താഴത്തിനു ആരെങ്കിലും കസ്റ്റമേഴ്‌സ് പറഞ്ഞിട്ടുണ്ടോ ചേച്ചി”
“ഉണ്ട്…. ആറാം നമ്പർ മുറിയിൽ..
നീ ചെന്ന് ഓർഡർ എടുത്തിട്ട് വാ…”
സൗദാമിനി പടികൾ കയറി മുകളിലെത്തി. ആറാംനമ്പർ മുറിയുടെ വാതിലിൽ മുട്ടി.
സുമുഖനായ ഒരു ചെറുപ്പക്കാരൻ വാതിൽ തുറന്നു.
“അത്താഴത്തിനുള്ള ഓർഡർ എടുക്കാൻ വന്നതാണ്….
അവൾ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ടു അകത്തേക്ക് പ്രവേശിച്ചു.
ആ ചെറുപ്പക്കാരന് തീരെ ക്ഷമയില്ലായിരുന്നു. ദീർഘനേരം പിന്തുടർന്ന ഇരയെ അടുത്ത് കണ്ട വ്യാഘ്രത്തെ പോലെ അയാൾ അവളുടെ മേൽ ചാടിവീണു.
അവൾ കണ്ണുകൾ അടച്ചു നിർവികാരയായി കിടന്നു.
“മോഹനേട്ടൻ ഇപ്പോൾ ഭക്ഷണവും മരുന്നും കഴിച്ചോ ആവോ…. “
അവളുടെ ഉടലാഴങ്ങളിൽ അയാൾ സുഖത്തിന്റെ പറുദീസകൾ തിരയാൻ തുടങ്ങിയപ്പോഴും അവളുടെ ആത്മാവ് ഗ്രാമത്തിലെ കൊച്ചുവീട്ടിലായിരുന്നു.
ഭഗവാനെ മനസ്സിൽ പ്രതിഷ്ഠിച്ചു കൊണ്ട് പൂജാരിയെ സ്വീകരിക്കുന്ന ദേവദാസിയെ പോലെ അവളുടെ ശരീരം മാത്രം ചലിച്ചുകൊണ്ടിരുന്നു

വർഗീസ് വഴിത്തല

By ivayana

Leave a Reply

Your email address will not be published. Required fields are marked *