മുറിവേറ്റൊരുവൾ
വഴിയോരം കിടന്നു പിടയുന്നു
പതിഞ്ഞ ദംഷ്ട്രയതിൻ പാടുകൾ
മുഖത്ത് കാണുന്നുമുണ്ട്
മുല മുറിച്ചാരോ
കവർന്നിരിക്കുന്നു
ഇരുമ്പു ചട്ടുകം പഴുപ്പിച്ചുണക്കിയ
പാടുകൾ തുടയിലുമുണ്ട്
ഒരു വിഷനാഗം ചുറ്റിവരിഞ്ഞ്
അവളുടെ വാരിയെല്ലുകൾ ഒടിഞ്ഞിട്ടുമുണ്ട്
കുഴഞ്ഞ നാവ,തറുത്തു മാറ്റി,
പിടയുന്ന നാവിനു മേൽ
വാഹനങ്ങൾ ചീറിപ്പായുന്നു
ഒരു തെരുവ് പട്ടി
കാവലിരിക്കുന്നുണ്ട്,
നാവ് നീട്ടിയും കുറുക്കിയും
ഉമിനീരും കണ്ണീരുമൊലിപ്പച്ചത്
കരയുന്നു
അവളുടെ നഗ്നതയ്ക്ക് മേൽ
യാരോ ഒരാൾ
ഓരോട്ടച്ചേമ്പില വച്ചിട്ടുണ്ട്
ആരൊക്കെയോ അവളെക്കടന്നു പോയി
കവികൾ കാഥികർ..
സന്യാസിനിമാർ… ഒരു വിപ്ലവ ഗാനം,
ഒരു റിപ്പബ്ലിക്ക്..
അവരുടെ കണ്ണുകൾ ചേമ്പിലയുടെ
ഓട്ടയിലൂടെയെന്തോ പരതുന്നുണ്ട്,
തെരുവുറങ്ങുകയുമുണരുകയും
ചെയ്യുന്നുണ്ട്,
ചേമ്പില വാടാൻ
തുടങ്ങിയിരിക്കുന്നു…
ഓട്ട വലുതാകുന്നു,
നായയും യാത്രയായിരിക്കുന്നു
അവൾ നാറാൻ തുടങ്ങിയിരിക്കുന്നു,
നിശാക്ലബ്ബുകളിൽ
നിഴലുകലിണ ചേരുന്നു,
ആരാണീ രാത്രിയിൽ
ഉച്ചത്തിലിങ്ങനെ….
മേരാ ഭാരത്‌ മഹാൻ…

സുരേഷ് പൊൻകുന്നം

By ivayana

One thought on “ഓട്ടച്ചേമ്പില”

Comments are closed.