ഒരു പദത്തിൽ നിന്നൊരു പദം വെച്ചു
നടക്കുമ്പോൾ രസം,പദത്തിൽ നിന്നും നാം
പതിക്കുന്നു മറ്റൊരഭൗമതേജസിൽ
പലകാലം നോറ്റ പരമസത്യത്തിൽ.

ചുവട്ടിൽ വേരിലൂടരിച്ചെത്തും പൊരുൾ
പിരിഞ്ഞു പര്യായപ്പൊരുളിൻ ചില്ലകൾ
പടരും വേരിലൂടിറങ്ങും മണ്ണിൻ്റെ –
യുറവയിൽ തൊട്ടു കിളരും നേരുകൾ!

പദത്തിനർത്ഥത്തിൻ വെളിവിലൂടതാ
പതിരായൊന്നിനെ , കതിരായൊന്നിനെ
പകർത്തി വയ്ക്കുന്നു പലനിറങ്ങളിൽ
പല കാലത്തേക്കും വിതയ്ക്കും വിത്തുകൾ

പദമെന്നാൽ പദംപദംവയ്ക്കും പിഞ്ചു –
ചുവടുകൾ, വാക്കിൻനടനമാകുന്നു
പല സ്വരങ്ങളിൽ പല ഭാവങ്ങളിൽ
പദസ്വനംപോലെ,യതു സംഗീതമായ്

പദചലനമായതിൻ്റെ നർത്തനം
പദയാത്രയ്ക്കുള്ള ചുവടായ് മാറുന്നു
പദവിന്യാസത്തിൻ ക്രമമായ് സത്യത്തിൻ
പദമെല്ലാമേതോ പതം പറയുന്നു

പ്രവൃത്തിയും പിന്നെ നിവൃത്തിയുമായി
പദത്തിനുള്ളതാം പലമയായ് പിന്നെ
വിപരീതാർത്ഥത്തിൻ സ്വരവും തേടുന്നു
പദങ്ങൾ മറ്റൊരു പദമായ് മാറുന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *