രചന : രാജി രമേന്ദ്രന്‍ ✍️
ഉന്മാദിനികളായ
പെണ്ണുങ്ങൾക്കൊരിക്കലും
വിഷാദത്തിന്റെ
ചുടുകട്ടമേലിരുന്നാലും
പൊള്ളില്ല!!
വേദനിപ്പിച്ചു രസിക്കാമെന്നത്
വെറും വ്യാമോഹം മാത്രം ,
അതും
വേദനയുമായി ജന്മനാ
ഉടമ്പടി വെച്ചവരോട്!!
സകല വെളിച്ചവും
അണച്ചു വെച്ചവൾ
സ്വയം ഏകാന്തതയാകും .
ഇരുട്ടിലെന്നു തെറ്റിദ്ധരിപ്പിച്ച്
കെട്ടു പോയ ചാരത്തിൽ നിന്നും
സ്വയമൂതിയൂതിയൊരു
കനല് കത്തിക്കും!
മന്ത്രവാദിനികളുടെ
കണ്ണിലെ സൂക്ഷ്മത !
ചുണ്ടിലെ നിഗൂഢത !
മൗനമായ മന്ത്രോച്ചാരണങ്ങളുടെ
ചടുലത !
ശൂന്യതയിൽ നിന്നും
എന്തിനെയും സൃഷ്ടിക്കാനുള്ള
പ്രഗത്ഭത !
ഇതെല്ലാം ഒത്തൊരുമിച്ചൊരു
പെണ്ണിന്റെ ആനന്ദത്തെക്കുറിച്ച്
ലോകർക്കെന്തറിയാം !
ഒരു പോറല് പോലുമേൽക്കാതെ
ജീവിക്കുകയെന്നത്
സാഹസികതയെന്നു
വിധിയെഴുതിയ
പെണ്ണുങ്ങൾക്ക്
സകലമുറിവുകളിൽ നിന്നും
പൂക്കളെ വിരിയിക്കാനുള്ള
ഇന്ദ്രജാലവും പഠിപ്പിച്ചിട്ടുണ്ട്
ജീവിതം! !
സ്വയം തുന്നിക്കെട്ടുകയെന്നത്
ശ്രമകരമേയല്ല ,
സ്വയം മുറിവായൊരുവൾക്ക്!
സങ്കടപ്പെരുമഴ പെയ്യുമ്പോൾ
മുടി മാടിയൊതുക്കുന്നയത്രേം
ലാഘവത്തിൽ
കറുത്തമേഘങ്ങളെ
വകഞ്ഞു മാറ്റി
നിലാപ്പൂവ് നുള്ളി
മുടിത്തുമ്പത്ത് ചൂടും !❤️
വാക്കനൽ
