രചന : ദിവാകരൻ പികെ.✍️
ആമുഖം
നവീകരണത്തിന്റെ തിരക്കിൽ നമ്മൾ മുറിച്ചു മാറ്റുന്ന മരങ്ങൾക്കും, ‘അധികപ്പറ്റ്’ എന്ന് കരുതി തട്ടിൻപുറത്തേക്ക് മാറ്റുന്ന പഴമയ്ക്കും പകരമാവാൻ ഇറ്റാലിയൻ മാർബിളുകൾക്കോ എയർ കണ്ടീഷണറുകൾക്കോ കഴിയില്ല. വീട് എന്നത് വെറും കോൺക്രീറ്റ് നിർമ്മിതിയല്ലെന്നും, അത് അവിടെ ജീവിച്ചവരുടെ ഓർമ്മകളുടെയും സ്നേഹത്തിന്റെയും തണലാണെന്നും ഓർമ്മിപ്പിക്കുന്ന ഒരു ചെറിയ കഥ.
അന്ധവിശ്വാസങ്ങൾക്കും പരിഹാരക്രിയകൾക്കും പുറകെ പായുന്ന ആധുനിക മനുഷ്യൻ, യഥാർത്ഥ സമാധാനം സ്വന്തം വേരുകളിലാണെന്ന് തിരിച്ചറിയുന്ന നിമിഷം…
മുറ്റത്തെ ആഞ്ഞിലിമരം വീണപ്പോൾ മാധവന്റെ നെഞ്ചിലൊരു പിടച്ചിലായിരുന്നു. തൊണ്ണൂറ്റഞ്ചാം വയസ്സിൽ, തന്റെ പഴയ തറവാടിന്റെ ഉമ്മറത്തിരുന്ന് ആ മരം വീഴുന്നത് നോക്കുമ്പോൾ മാധവൻ വിചാരിച്ചു,
‘ഇതൊരു വീഴ്ചയല്ല, പടിയിറക്കമാണ്.’
”അച്ഛാ, വണ്ടി മുറ്റത്ത് നിന്ന് തിരിക്കാൻ സ്ഥലമില്ലെങ്കിൽ പിന്നെ ഈ വീട് പണിയുന്നതിൽ എന്ത് അർത്ഥമാണുള്ളത്? നാളെ മകളുടെ കല്യാണത്തിന് ഒരു പന്തലിടാൻ പോലും സൗകര്യം വേണ്ടേ?”
മകൻ വിനയന്റെ ശബ്ദത്തിൽ അക്ഷമ നിറഞ്ഞു. മുറ്റം വിശാലമാകണമെന്നത് വിനയന്റെയും ഭാര്യ ചിത്രയുടെയും വാശിയായിരുന്നു.
മുറ്റത്ത് തണൽ വിരിച്ചുനിന്നിരുന്ന, തിങ്ങിനിറഞ്ഞ തേങ്ങകളുള്ള ആ തെങ്ങുകളും ആഞ്ഞിലിയും യന്ത്രവാളുകൾക്ക് മുന്നിൽ വീണു. ഓരോ മരം വീഴുമ്പോഴും മാധവൻ കണ്ണുകൾ മുറുക്കെ അടച്ചു.
“മോളെ, മരം വെട്ടുമ്പോൾ നമ്മൾ മുറിക്കുന്നത് വെറും തടിയല്ല, വീടിന്റെ കുടയാണ്,”
എന്ന് മാധവൻ പറഞ്ഞപ്പോൾ ചിത്ര അതൊരു പഴഞ്ചൻ വർത്തമാനമായി തള്ളിക്കളഞ്ഞു.
പുതിയ വീടിന്റെ പണി തുടങ്ങിയ അന്നു മുതൽ മാധവൻ അസ്വസ്ഥനായിരുന്നു. പണ്ട് താൻ അളവെടുത്തു പണിത തറവാടിന്റെ ആത്മാവ് ഓരോ സിമന്റ് കട്ടകൾക്കിടയിലും ശ്വാസം മുട്ടുന്നത് അയാൾ അറിഞ്ഞു.
“അല്ല മേസ്തിരി, ആ കട്ടിള അവിടെയല്ല വരേണ്ടത്,”
എന്ന് മാധവൻ ഇടപെട്ടു പറഞ്ഞപ്പോൾ വിനയൻ അയാളെ ശാസിച്ചു. ആർക്കിടെക്റ്റും മോഡേൺ ഡിസൈനുകളും മാധവന്റെ തച്ചുശാസ്ത്രത്തെ തോൽപ്പിച്ചു. താൻ ഒരു ‘അധികപ്പറ്റ്’ ആണെന്ന തിരിച്ചറിവിൽ അയാൾ തന്റെ പഴയ ചാരുകസേരയിലേക്ക് ഉൾവലിഞ്ഞു.
പുതിയ വീടിന്റെ ഉമ്മറത്ത് ഇറ്റാലിയൻ മാർബിൾ വിരിച്ചപ്പോൾ ആ പഴയ ചാരുകസേര ചിത്രയ്ക്ക് ഒരു കല്ലുകടിയായി.
“ഇതുകൂടി ഇവിടെ വെച്ച് വീടിന്റെ ലുക്ക് കളയണോ?
ഇതിൽ നിന്നൊക്കെ ചിതൽ വരും വിനയാ.. ഇത് തട്ടിൻപുറത്ത് കൊണ്ടിട്,”
അവളുടെ വാക്കുകൾ വിനയൻ പാലിച്ചു. സ്വന്തം ഇരിപ്പിടം നഷ്ടപ്പെട്ട മാധവൻ അധികം വൈകാതെ തന്നെ ആ വീട്ടിൽ നിന്ന് യാത്രയായി.
മാധവൻ പോയതോടെ ആ വീട് ഒരു മരുഭൂമി പോലെ തപിക്കാൻ തുടങ്ങി. മുറ്റത്തെ മരങ്ങൾ പോയതോടെ സൂര്യപ്രകാശം നേരിട്ട് ഭിത്തികളിൽ പതിച്ചു. എസി ഇട്ടിട്ടും മാറാത്ത ഒരു വല്ലാത്ത ചൂടും ശ്വാസംമുട്ടലും. അതോടൊപ്പം ബിസിനസ്സിലെ നഷ്ടങ്ങളും വീട്ടിലെ നിരന്തരമായ വഴക്കുകളും വിനയനെ തളർത്തി.
“ഈ വീട്ടിൽ എന്തോ ഒരു നെഗറ്റീവ് എനർജി ഉണ്ട് വിനയാ,”
ചിത്ര ഭയത്തോടെ പറഞ്ഞു. അവർ ജ്യോത്സ്യന്മാരെയും ‘എനർജി’ വിദഗ്ധരെയും വിളിപ്പിച്ചു. ഓരോരുത്തരും ഓരോ പരിഹാരങ്ങൾ നിർദ്ദേശിച്ചു. വാസ്തു ശരിയല്ലെന്ന് പറഞ്ഞ് പല ഭാഗങ്ങളും പൊളിച്ചു പണിതു. ലക്ഷങ്ങൾ വീണ്ടും പാഴായി. പണം പോയതല്ലാതെ സമാധാനം വന്നില്ല.
ഒടുവിൽ, നാട്ടിലെ പ്രഗത്ഭനായ ഒരു പണ്ഡിതൻ അവിടെയെത്തി. അയാൾ വീടിന്റെ മുക്കും മൂലയും നോക്കിയ ശേഷം വിനയനോട് പറഞ്ഞു:
“വിനയാ, ഈ വീടിന് ഒരു കുഴപ്പവുമില്ല. ദോഷം നിന്റെ മനസ്സിനാണ്. അച്ഛനെ ഒരു ‘അധികപ്പറ്റ്’ ആയി കണ്ട് നീ പുറത്താക്കിയപ്പോൾ, നിന്റെ വേരുകളെയാണ് നീ മുറിച്ചു കളഞ്ഞത്. ആ കുറ്റബോധത്തെ നീ ഭയമെന്നും ദോഷമെന്നും പേരിട്ടു വിളിച്ചു. ഭയമാണ് ഇത്തരം എല്ലാ വിശ്വാസങ്ങളുടെയും അടിസ്ഥാനം. അതുകൊണ്ട് പരിഹാരക്രിയകൾ നിർത്തി നിന്റെ മനസ്സിനെ ഒന്ന് ശാന്തമാക്കൂ.”
വിനയൻ സ്തബ്ധനായി നിന്നുപോയി. അന്ന് വൈകുന്നേരം അയാൾ തട്ടിൻപുറത്ത് കയറി. പൊടിപിടിച്ചു കിടന്ന അച്ഛന്റെ ആ പഴയ ചാരുകസേര അവൻ തുടച്ചു വൃത്തിയാക്കി താഴെ ഉമ്മറത്ത് കൊണ്ടിട്ടു. ആ കസേരയിലിരുന്ന് പുറത്തെ ശൂന്യമായ മുറ്റത്തേക്ക് നോക്കുമ്പോൾ വിനയന് വല്ലാത്തൊരു ശാന്തത അനുഭവപ്പെട്ടു.
അത് ഏതെങ്കിലും പരിഹാരക്രിയയുടെ ഗുണമല്ലെന്നും, തന്റെ ഉള്ളിലെ ഭയവും കുറ്റബോധവും മാഞ്ഞപ്പോൾ ഉണ്ടായ മനസ്സിന്റെ തോന്നൽ മാത്രമാണെന്നും അയാൾ തിരിച്ചറിഞ്ഞു. അന്ധവിശ്വാസങ്ങൾക്കായി ചിലവാക്കിയ ലക്ഷങ്ങളെക്കാൾ, തന്റെ അച്ഛൻ തന്ന ആ അറിവിന്റെ തണലായിരുന്നു വലിയ സമ്പത്തെന്ന് വിനയൻ വൈകി തിരിച്ചറിഞ്ഞു. ആ കസേരയിൽ ഇരിക്കുമ്പോൾ കാലം മാറിയാലും വേരുകൾക്ക് മാറ്റമില്ലെന്ന് വിനയൻ തിരിച്ചറിയുകയായിരുന്നു.

