മഴ നനഞ്ഞു കുതിർന്ന മണ്ണിനെ പ്രണയിച്ചു തീർന്നിട്ടുണ്ടായിരുന്നില്ല അപ്പോഴും…
ജനാലച്ചില്ലുകളിൽ പറ്റിപ്പിടിച്ച മഴത്തുള്ളികൾക്കിടയിലൂടെ പ്രഭ പുറത്തെ മങ്ങിയ വെളിച്ചത്തിലേക്ക് നോക്കി നിന്നു. അവളുടെ കണ്ണുകളിൽ തണുത്തുറഞ്ഞ ഒരു മരവിപ്പും, ചുണ്ടുകളിൽ ഒരു നിഗൂഢമായ പുഞ്ചിരിയും ബാക്കിയുണ്ടായിരുന്നു. ആ ചിരി കാലങ്ങളായി അവൾ ഉള്ളിൽ പേറുന്ന ആയിരം ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ളതായിരുന്നു.
തന്റെ പുസ്തകങ്ങളിലെ വരികളുടേയും, ആ വരികളിൽ പുരണ്ട അച്ചടി മഷിയുടെയും ഗന്ധമായിരുന്നു അവൾക്ക് ചുറ്റും അപ്പോൾ.
അരികിൽ ഇരുന്ന രാഘവന്റെ നോട്ടം പ്രഭയിലായിരുന്നില്ല; അവൾ നെഞ്ചോട് ചേർത്തുപിടിച്ചിരുന്ന അവളുടെ പുതിയ പുസ്തകത്തിലായിരുന്നു. ആ പുസ്തകം അവളുടെ ഹൃദയമിടിപ്പുകൾക്കൊപ്പം താളം പിടിക്കുന്നത് അവൻ അസൂയയോടെ നോക്കി നിന്നു.

“എന്താണ് നിന്റെ ഈ ചിരിയുടെ പൊരുൾ, പ്രഭാ?”.
രാഘവന്റെ സ്വരത്തിൽ ഒരു പരുക്കൻ ഭാവമുണ്ടായിരുന്നുവെങ്കിലും, അതിനടിയിൽ പ്രഭ തിരിച്ചറിഞ്ഞ ഒരു നേർത്ത വിറയൽ കലർന്നിരുന്നു.
പ്രഭ മെല്ലെ പുസ്തകം മടക്കി. അവൾ തന്റെ നോട്ടം രാഘവന്റെ കണ്ണുകളിൽ തറപ്പിച്ചു.
“നമ്മൾ എത്ര വിചിത്രമായ മനുഷ്യരാണ് രാഘവ്,”
അവൾ ഒരു നിശ്വാസത്തോടെ പറഞ്ഞു.
“നീ നിന്റെ ‘വിജയങ്ങൾ’ സുഹൃത്തുക്കൾക്കിടയിൽ വർണ്ണിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അവൾ വെറുമൊരു ‘ചരക്കാണെന്നും’ ആ ബന്ധം കേവലം വിനോദമാണെന്നും തമാശരൂപേണ വിളിച്ചുപറയാൻ നിനക്ക് മടിയൊന്നുമില്ല. നിന്റെ കാമത്തെ പറ്റി ലോകത്തോട് കൊട്ടിഘോഷിക്കാൻ നിനക്ക് ആർജ്ജവമുണ്ട്.

പക്ഷേ… നിന്റെ പ്രണയം? അതിനെ നീ നിന്റെ ഹൃദയത്തിന്റെ ഏറ്റവും ഇരുണ്ട അറയിൽ ഭദ്രമായി പൂട്ടി വെച്ചിരിക്കുകയാണ്. ആ സത്യം പുറംലോകമറിയുന്നത് നിനക്ക് അപമാനമാണോ രാഘവ്?.
അതോ നീ അത്രമേൽ ഭീരുവാണോ?”.
രാഘവ് മുഖം തിരിച്ചു .
പ്രഭയുടെ ശബ്ദത്തിൽ ഇപ്പോൾ
ക്യാമ്പസ്‌ മുഴുവൻ ഇളക്കി മറിച്ച ആ തീപ്പൊരി എഴുത്തുകാരിയുടെ
പഴയ വീര്യവും, സത്യസന്ധതയും തിളച്ചു മറിയുന്നുണ്ടായിരുന്നു.
“പെണ്ണ് അങ്ങനെയല്ല രാഘവ്,” അവൾ തുടർന്നു. “അവൾക്ക് അവളുടെ ശാരീരിക മോഹങ്ങളെ ലോകമറിയാതെ ശമിപ്പിക്കാനുള്ള മിടുക്കുണ്ട്. അത് അവൾക്ക് മാത്രമറിയുന്ന ഏകാന്തമായ രഹസ്യമാണ്. പക്ഷേ, ആത്മാവിൽ തൊട്ടുള്ള ഒരു പ്രണയമാണങ്കിൽ… അതിനെ ലോകത്തോട് വിളിച്ചുപറയാൻ അവൾക്ക് ലവലേശം ഭയമില്ല. കാരണം, ആ പ്രണയം അവൾക്ക് സമ്മാനിക്കുന്നത് ഒരു സ്വർണ്ണപ്പടച്ചട്ടയാണ്. അത് അവളെ അജയ്യയാക്കും. ലോകത്തോട് ഒറ്റയ്ക്ക് പൊരുതാനുള്ള ആത്മധൈര്യം അവൾക്ക് ആ പ്രണയത്തിൽ നിന്നാണ് ലഭിക്കുന്നത്.”

അവൾ പുസ്തകത്തിന്റെ ചട്ടയിൽ തന്റെ വിരലുകൾ കൊണ്ട് പതിയെ തലോടി.
ആ പുസ്തകത്തിൽ അവൾ തന്റെ അജ്ഞാത കാമുകനെപ്പറ്റി പറയാതെ പറയുന്നുണ്ട്. അത് രാഘവനെ അൽപ്പം ചൊടിപ്പിച്ചു.
“ഞാൻ തിരഞ്ഞത് പ്രണയം മാത്രമായിരുന്നു. ഒരു പുരുഷന്റെ ഹൃദയത്തിൽ എനിക്കായി മാത്രം മാറ്റിവെച്ച, വിഭജിക്കപ്പെടാത്ത, കറതീർന്ന ആ സ്നേഹമായിരുന്നു, അതിലൂടെ എനിക്കു ലഭിക്കുന്ന ശരീരത്തിന്റെയും മനസിനെയും നിർവൃതിയും.
പക്ഷേ, വിധി എനിക്കു ആ സ്നേഹം ഒരു തരി പോലും നൽകിയില്ല. നമ്മൾ സ്വപ്നം കാണുന്ന തരത്തിലുള്ള ആ വിശുദ്ധ പ്രണയം സ്വന്തമാക്കാൻ ഭാഗ്യമുള്ള എത്ര സ്ത്രീകൾ ഈ ഭൂമിയിലുണ്ടാകും രാഘവ്?.

വഞ്ചനകളെയും മുതലെടുപ്പുകളെയും തിരിച്ചറിയാൻ സ്ത്രീകൾക്ക് കഴിയാറില്ല.. ല്ലേ… വീണ്ടും ഓരോരുത്തരെയായി അവർ വിശ്വസിച്ചുകൊണ്ടേയിരിക്കുന്നു… പ്രണയമെന്ന ആ മഹാസമുദ്രത്തിന്റെ തീരത്തെത്താനുള്ള ആത്മദാഹത്തോടെ. പ്രണയത്തിന് വേണ്ടി മാത്രമായി പരാജയപ്പെട്ട എത്രയോ ജന്മങ്ങൾ !…
അതല്ലേ രാഘവാ.. ഈ ഞാനും “
“അതൊരു പരാജയമാണോ പ്രഭാ?”
രാഘവ് മെല്ലെ ചോദിച്ചു.
“ഒരിക്കലുമല്ല!” പ്രഭയുടെ കണ്ണുകളിൽ ആ പഴയ തീപ്പൊരി വീണ്ടും പടർന്നു.
“പുരുഷാധിപത്യത്തിന്റെ കൽത്തുറുങ്കുകളെ എന്റെ എഴുത്തുകൾ കൊണ്ടും എന്റെ ജീവിതം കൊണ്ടും തച്ചുടച്ച വിപ്ലവകാരിയാണ് ഞാൻ . ആ സത്യസന്ധതയാണ് എന്റെ വിജയം. പ്രണയത്തിന്റെ മുന്നിൽ തോറ്റു കൊടുക്കാൻ തയ്യാറായ ആ ആത്മാർത്ഥതയാണ് ഏറ്റവും വലിയ വിപ്ലവം.”

അവൾ രാഘവന്റെ അരികിലേക്ക് ചേർന്നിരുന്നു. അവന്റെ കണ്ണുകളിലേക്ക് തീക്ഷ്ണമായി നോക്കി അവൾ പറഞ്ഞു,
“നീ നിന്റെ പ്രണയത്തെ ഉള്ളിൽ ശ്വാസം മുട്ടിച്ചു കൊന്നോളൂ. എനിക്കതിൽ ദുഃഖമില്ല. കാരണം, എന്റെ പ്രണയത്തിന് എന്നെ തോൽപ്പിക്കാൻ കഴിയില്ല. ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കാനാണ് എന്റെ ആത്മാവ് എന്നെ പഠിപ്പിച്ചത്. ഞാൻ നിന്നെ പ്രണയിക്കുന്നുണ്ടെങ്കിൽ, അത് വിളിച്ചു പറയാൻ എനിക്ക് ആരുടെയും അനുവാദമോ സംരക്ഷണമോ ആവശ്യമില്ല. എനിക്ക് എന്നെത്തന്നെ ഭയവുമില്ല!”.
അവൾ പരിഹാസവും പ്രണയവും കലർന്ന ഒരു പുഞ്ചിരി അവന് സമ്മാനിച്ചു.
പുറത്ത് മഴ അതിന്റെ സംഹാരഭാവം പൂണ്ട് പെയ്തുകൊണ്ടേയിരുന്നു. രാഘവന്റെ ഉള്ളിലെ മൗനം ആ മഴയേക്കാൾ ഉച്ചത്തിൽ പെയ്യാൻ തുടങ്ങിയ നിമിഷമായിരുന്നു അത്.

താൻ ഭദ്രമായി പൂട്ടി വെച്ച ദുർബലമായ പ്രണയത്തേക്കാൾ എത്രയോ സുന്ദരവും ശക്തവുമാണ് പ്രഭയുടെ ഈ പരസ്യമായ ഏറ്റുപറച്ചിലെന്ന് അവൻ തിരിച്ചറിഞ്ഞു. ആ നിമിഷത്തിന്റെ തീവ്രതയിൽ, രാഘവ് പ്രഭയെ തന്നിലേക്ക് ചേർത്തുപിടിച്ചു. അപ്പോൾ മഴയും പ്രണയവും ഒരേ താളത്തിൽ അവരുടെ ചുറ്റും പെയ്യുകയായിരുന്നു.

അഞ്ജു കാർത്തിക

By ivayana

Leave a Reply

Your email address will not be published. Required fields are marked *