രചന : സഫി അലി താഹ ✍
നീ ഓക്കേ അല്ലേ?
ഓർമ്മകൾക്കൊണ്ട്
ജീവിതം മടുപ്പിച്ചവർ,
പ്രത്യാശകൾ തിരിച്ചെടുത്ത്
ജീവൻ പറിച്ചെടുക്കുന്നവർ,
ഒരൽപ്പം പച്ചപ്പ് ബാക്കിയായിരുന്ന
ജീവിത ഞരമ്പുകളിലൂടെ തീ പായിക്കുന്നവർ…..,
അവർ പിന്നെയും ചോദിക്കും
നീ ഓക്കേ അല്ലേ??
ഇനിയൊരിക്കലും
നീറി നീറിയല്ലാതെ,
വേദനിച്ചുകൊണ്ടല്ലാതെ,
ഒരടി നീങ്ങാനാകാതെ
ജീവിതം മുരടിപ്പിച്ചവർ
പിന്നെയും ചോദിക്കും…..
സന്തോഷത്തിലല്ലേ??
ഓരോ വാക്കുകളും
ഹൃദയം പിളർക്കുമെന്ന്
ദയനീയമായി പറഞ്ഞിട്ടും
അതാവർത്തിച്ച ശേഷം
മൗനത്തോട് അവർ ചോദിക്കും,
“നിനക്കെന്താ പറ്റിയത്? “
അവരോ??
പുതിയ പ്രത്യാശകൾ തെരയും,
പുതിയ ഓർമ്മകൾ തേടും,
സന്തോഷത്തിന്റെ കൊടുമുടിയിൽ
ജീവിതവസന്തത്തിന്റെ കൊടി നാട്ടും…..
അത് കണ്ടിട്ട് മാത്രം ജീവനെ പിച്ചിയെറിയണം…..
അവർ ഒറ്റപ്പെടാതെ,
അവർക്കൊരു കുറ്റബോധം ബാക്കിയാക്കാതെ….. 😊
അവസാന എഴുത്തിൽ
കുറിച്ചുവെയ്ക്കണം,
“നീയിപ്പോൾ ഓക്കേ ആയിരിക്കുമല്ലേ,
ഓരോ അടിയിലും ഇനി സൂക്ഷിക്കുക,
പച്ചയ്ക്ക് മാംസം അടർത്തിയെടുത്ത
വേദനകൾ സഹിച്ച്,
നിന്നിലേക്ക് വരുന്ന കൂരമ്പുകൾക്ക്
പരിചയാകാൻ ഞാനിനിയില്ല “
അവസാനിച്ചിരിക്കുന്നു 💔

