വെളിച്ചം വിഴുങ്ങിയ നഗരപാതയിൽ
അവനൊരു ഭ്രമണപഥംതീർത്തു.
ഹൃദയത്തിന്‍റെ താളം മറന്ന്
അന്യന്‍റെ കണ്ണാടികളിൽ മുഖം തിരഞ്ഞു.
ഒരു ചിരി വില്ക്കാൻ വിലപേശി;
ഒരുതുള്ളിക്കണ്ണീരിന് അനുവാദം തേടി.
മറ്റുള്ളവരുടെ ചുണ്ടിലെ വിധിവാക്യങ്ങൾ
അവന്‍റെ ചുവടുകൾക്കു ചങ്ങലകളായി.
വരച്ചുവച്ച നേർരേഖകളിൽ
ശ്വാസംമുട്ടിനീങ്ങിയൊരു ജീവിതം.
തന്‍റെയാകാശം മറ്റൊരാൾക്കു പണയം വച്ച്
അവൻ പെരുമാറ്റച്ചട്ടങ്ങൾ മനഃപാഠമാക്കി.
പച്ചയായ മോഹങ്ങളെല്ലാം
അഭിപ്രായങ്ങളുടെ വെട്ടിത്തിരുത്തലിൽ
ഒന്നൊന്നായ് എരിഞ്ഞുതീർന്നു.
അഭിനയിച്ചുതീർത്ത തിരക്കഥയിൽ
സ്വന്തം പേരുമാത്രം മറന്നുപോയി.
ഒടുവിൽ,
നിശ്ശബ്ദതയുടെ കട്ടിലിൽ കിടക്കുമ്പോൾ
കാലം ചോദിച്ചൊരു ചോദ്യം:
“നീ ജീവിച്ചുവോ അതോ അങ്ങനെ കാണിച്ചുവോ?”
മറുപടി ബാക്കിവച്ച്, വിരലുകൾ തണുത്തു.
ആൾക്കൂട്ടം വന്ന് ഒരു നിമിഷം നോക്കി;
“നല്ലവനായിരുന്നു”
എന്നൊരു വാക്കു വലിച്ചെറിഞ്ഞ്,
അവർ സ്വന്തം തിരക്കുകളിലേക്കു തിരിയേ നടന്നു.
മനീഷി

By ivayana

Leave a Reply

Your email address will not be published. Required fields are marked *