രചന : അഫ്‌സൽ ബഷീർ തൃക്കോമല ✍
ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രീവെൻഷനും ലോകാരോഗ്യ സംഘടനയും വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തും ചേർന്നാണ് 2003 മുതൽ എല്ലാ വർഷവും സെപ്തംബര് 10ന് അന്താരാഷ്‌ട്ര ആത്മഹത്യ പ്രതിരോധ ദിനം ആചരിക്കാൻ തീരുമാനമെടുത്തത് .
ഒരു വ്യക്തി സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് സാധാരണയായി ആത്മഹത്യ എന്ന്
പറയുന്നത്.ജീവിതമവസാനിപ്പിക്കണം എന്ന ഉദ്ദേശത്തോടെ തനിക്കുതന്നെ ദോഷം ഉണ്ടാക്കുന്ന പരാജയപ്പെട്ട അവസ്ഥയാണ് ആത്മഹത്യാശ്രമം. അപര സഹായത്തോടെ ആത്മഹത്യചെയ്യാൻ സഹായകമായ ഉപദേശം നൽകുകയോ സാഹചര്യമൊരുക്കിക്കൊടുക്കുകയോ ചെയ്തു ആത്മഹത്യ ചെയ്യുന്നതിനെ അസിസ്റ്റഡ് സൂയിസൈഡ് എന്ന് പറയുന്നു . മറ്റൊരാളുടെ മരണം ത്വരിതമാക്കാൻ കൂടുതൽ ആഴത്തിലുള്ള സഹായം ചെയ്യുന്ന പ്രവൃത്തിയാണ് ദയാവധം. സ്വന്തം ജീവനെടുക്കുന്നതിനെപ്പറ്റി സ്ഥിരമായി ചിന്തിക്കുന്നതിനെ വൈദ്യശാസ്ത്രത്തിൽ സൂയിസൈഡൽ ഐഡിയേഷൻ എന്നും പറയുന്നു.
വിഷാദരോഗം,
മയക്കുമരുന്നുപയോഗം ,അമിത മദ്യപാനം തുടങ്ങി ബൈപോളാർ
ഡിസോർഡർ, സ്കീസോഫ്രീനിയ, ഉൾപ്പടെയുള്ള മാനസിക രോഗങ്ങൾ ഒക്കെയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. കൂടാതെ
കടബാധ്യതകൾ , തൊഴിൽ നഷ്ടങ്ങൾ , മാറാ രോഗങ്ങൾ , കുടുംബ പ്രശ്നങ്ങൾ, കലഹം, കുറ്റബോധം, പ്രണയനൈരാശ്യം, പരീക്ഷയിലെ പരാജയം, വേണ്ടപ്പെട്ടവരുടെ മരണം ഉണ്ടാക്കുന്ന മാനസികാഘാതം ,ബലാത്സംഗം, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യതക്കുറവ് എല്ലാം ആത്മഹത്യകൾക്കുള്ള കാരണങ്ങളാണ് .
ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ (2024–2026) ത്രിവത്സര പ്രമേയം “ആത്മഹത്യയെക്കുറിച്ചുള്ള ആഖ്യാനത്തിൽ മാറ്റം വരുത്തുക” എന്നതാണ്. ഈ പ്രമേയം മുൻപോട്ടു വെക്കുന്നത് ദോഷകരമായ മിഥ്യാധാരണകളെ വെല്ലുവിളിക്കാനും, അപമാനം കുറയ്ക്കാനും, ആത്മഹത്യയെക്കുറിച്ചുള്ള തുറന്നതും അനുകമ്പയുള്ളതുമായ സംഭാഷണങ്ങൾ വളർത്തിയെടുക്കാനുമാണ്. നിശബ്ദതയിൽ നിന്നും തെറ്റിദ്ധാരണയിൽ നിന്നും തുറന്ന മനസ്സിലേക്കും സഹാനുഭൂതിയിലേക്കും പിന്തുണയിലേക്കും മാറുന്നതിനെക്കുറിച്ചും വ്യക്തികൾക്ക് സംസാരിക്കാനും സഹായം തേടാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനെക്കുറിച്ചുമുള്ള വിശാലമായ ചിന്തകൾ ലോകത്തിൽ
പടർത്തുക എന്നതാണ്
ആത്മഹത്യക്കു തെരഞ്ഞെടുക്കുന്നമാർഗ്ഗങ്ങൾ പ്രധാനമായും തൂങ്ങി മരണം ,വലിയ വെള്ളത്തിൽ ചാടുക ,മണ്ണണ്ണെയൊഴിച്ചു തീവെക്കുക ,വിഷം കഴിക്കുക ,തോക്കിൽനിന്ന് നിറയൊഴിക്കുക, ട്രെയിന് തല വെക്കുക, മനഃപൂർവം വൈദൂതാഘാതം ഉണ്ടാക്കുക അങ്ങനെ പലതാണ് .ലോകത്തു മരണത്തിനുള്ള പത്താമത്തെ വലിയ കാരണംആത്മഹത്യയാണെന്നാണ് കണക്ക് .പുരുഷന്മാരാണ് സ്ത്രീകളേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. ഒരു പുരുഷൻ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത സ്ത്രീയെ അപേക്ഷിച്ച് നോക്കുമ്പോൾ നാലിരട്ടിയാണ് പ്രതിവർഷം 2 കോടിയോളം ആത്മഹത്യാശ്രമങ്ങൾ പരാജയപ്പെടുന്നു എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ആത്മഹത്യാ ശ്രമങ്ങൾ കൂടുതലും നടക്കുന്നത് നാല്പതു വയസിൽ താഴെയുള്ള യുവാക്കളിലും സ്ത്രീകളിലുമാണ്.ഒരു വർഷം എട്ടു ലക്ഷം മരണങ്ങൾ ആത്മഹത്യ കൊണ്ട് സംഭവിക്കുന്നുണ്ട്. ഓരോ 40 സെക്കൻഡിലും ഒരു ആത്മഹത്യഎന്നതാണ് കണക്ക് .
വിഷാദ രോഗം ചികിത്സയിലൂടെ മാറ്റിയെടുക്കാം. സൈക്യാട്രിസ്റ്റിന്റെ സേവനം തേടാം. ആന്റി ഡിപ്രസന്റുകളിലൂടെയും സൈക്കോളജിക്കൽ തെറാപ്പിയിലൂടെയും സാമൂഹ്യമായ ഇടപെടലുകളിലൂടെയും രോഗം അകറ്റാം. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ആത്മഹത്യാനിരക്കിൽ ഇന്ത്യയിൽ അഞ്ചാം സ്ഥാനത്താണ് കേരളം.കേരളത്തിൽ കഴിഞ്ഞ കാലങ്ങളിലെ ആത്മഹത്യകളിൽ സമൂഹത്തിൽ മാന്യമായി ജീവിക്കാൻമാർഗ്ഗമുള്ളവരും ഉദ്യോഗസ്ഥ പ്രമുഖരും പ്രവാസികളും ഉൾപ്പട്ട്ടിരിക്കുന്നു
എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ് .
മനസ്സുതുറന്നുള്ള സംസാരങ്ങൾ ആത്മഹത്യയെ ചെറുക്കാൻ സഹായിക്കും. ആത്മഹത്യാ പ്രവണതയുള്ളവരാണെന്നു തോന്നിയാൽ അവർ അതിന് ശ്രമിച്ചേക്കാവുന്ന മാർഗങ്ങൾക്ക് തടയിടാൻ അവരോടു സഹകരിക്കുന്നവർ ശ്രമിക്കണം.പലരുടെയും ശാരീരികവും ബാഹ്യവുമായ രൂപത്തിന് തികച്ചും വിരുദ്ധമായിരിക്കാം അവരുടെ മാനസികാവസ്ഥ. പുറമെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുമെങ്കിലും ഉള്ളിൽ വേദനകൊണ്ട് നടക്കുന്നവരായിരിക്കാം അവർ.ഒരു പക്ഷെ അത്തരക്കാർ ആത്മഹത്യ ചെയ്തതിനു ശേഷമേപുറം ലോകം കാര്യങ്ങളറിയൂ .ആത്മഹത്യകൾ ഒരു വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.വിവാഹമോചിതര്‍, ഒറ്റപ്പെട്ടു കഴിയുന്നവര്‍, ജീവിത പങ്കാളി മരണപ്പെട്ടവര്‍ എന്നിവരിലും സാമൂഹ്യ നിലവാരം ഉയർന്നു നിൽക്കുന്നവരുടെ പെട്ടെന്നുളള താഴ്ചയും ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നത് യാഥാർഥ്യമാണ് . ശാരീരിക രോഗങ്ങളായ കാന്‍സര്‍, കരള്‍ രോഗം, വൃക്ക രോഗം, സന്ധി വാദങ്ങൾ, കഠിനമായ ശാരീരിക വേദന,പെട്ടന്നുള്ള പ്രകോപനങ്ങൾ തുടങ്ങിയവയും ആത്മഹത്യയ്ക്കുളള സാധ്യത കൂടുതലാക്കുന്നു.കലാകാരന്മാർ പൊതുവെ ലോല ഹൃദയരായതുകൊണ്ടു ഇക്കൂട്ടർക്ക് ആത്മഹത്യ പ്രവണത കൂടുതലായുണ്ട് .ആത്മഹത്യയ്ക്ക് കാരണമായ മരുന്നുകളുടെ ലഭ്യത, കീടനാശിനികള്‍, ആയുധങ്ങള്‍ എന്നിവയും ആത്മഹത്യ എളുപ്പമാക്കിത്തീര്‍ക്കുന്നു
ഒരുനിമിഷത്തെ അവിവേകംമൂലം സ്വയംവരുത്തുന്ന അനർഥം പ്രതിരോധിക്കുകയാണ് മർമ്മപ്രധാനമായ കാര്യം .ഒരു വ്യക്തിയുടെ ആത്മഹത്യ അയാളെ ചുറ്റിപറ്റി നിൽക്കുന്ന ഏകദേശം 100 മുതൽ 135 വരെയുള്ള ആളുകളെയെങ്കിലും അതി തീവ്രമായി ബാധിക്കുന്നു എന്നാണ് കണക്കുകൾ .
നമ്മുടെ സുഹൃത്തോ പരിചയക്കാരനോ കുടുംബത്തിലുള്ള വ്യക്തിയോ ആരായാലും സാമൂഹ്യമായ പിൻവാങ്ങൽ പ്രകടമാക്കുകയോ വിഷാദ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്‌താൽ അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ നമുക്ക് കഴിയണം . അവർക്ക് പ്രതീക്ഷ നൽകാൻ സാധിക്കണം . അങ്ങനെ ആത്മഹത്യയെ വലിയ അളവിൽ പ്രതിരോധിക്കാൻ കഴിയും.എല്ലാമതങ്ങളും പഠിപ്പിക്കുന്നത് ആത്മഹത്യ
പാപമാണെന്നാണ് . മതപരമായ ചട്ടക്കൂടുകളിൽ നമ്മുടെ കുട്ടികളെ
വളർത്തിയെടുക്കുക, സദാചാര ബോധവും തിരിച്ചറിവുകളും അവരിലേക്ക് പകർത്തുക പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനും അത് തരണം ചെയ്യുവാനും പഠിപ്പിക്കുക ,ഇല്ലായ്മകൾ അവരെക്കൂടി ബോധ്യപ്പെടുത്തുക .നിലവിലെ സാമൂഹികാന്തരീക്ഷം ഇല്ലാതായാൽ നിരാശരാകാതിരിക്കാൻ പ്രാപ്തരാക്കുക. എത്ര വലിയ സുഖലോലുപതയിൽ കഴിയുമ്പോഴും സാധാരണക്കാരന്റെ പ്രശ്നങ്ങൾ അവരെ കാണിച്ചുകൊടുക്കുക മാത്രമല്ല ഒന്നും ഒരു ദിവസം കൊണ്ട് അവസാനിക്കുന്നില്ലന്നു നാം ഓരോരുത്തരും മനസിലാക്കുക നിങ്ങൾ നിങ്ങളെക്കാൾ താഴേക്കിടയിലുള്ളവരെ മാതൃക ആക്കാൻ ആഹ്വാനം ചെയ്ത മുഹമ്മദ് നബിയുടെ വാക്കുകൾക്ക് ഈ വിഷയത്തിൽ വലിയ പ്രാധാന്യമുണ്ട് .
അതിശക്തമായ ബോധവൽക്കരണവും അവവോധവും പൊതു ജനങ്ങളിൽ എത്തിക്കാൻ സർക്കാർ തലത്തിൽ സംവിധാനങ്ങളുണ്ടാകണം അങ്ങനെയൊക്കെ ആത്മഹത്യ തടയാൻ കഴിയും .ഈ ലോകത്തു എന്ത് തന്നെ സംഭവിച്ചാലും ആത്മഹത്യയിലേക്കുപോകില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.


Good article. Great write up 🌹