“ഇനി വരുന്നൊരു തലമുറയ്ക്ക്”
കേട്ട്
ഇഞ്ചക്കാടന്റെ മനസ് മോഷ്ടിച്ചുണരണം..
ഫാത്തിമാ തുരുത്തിൽ
ഒത്തിരി നേരമിരുന്നാ
കവിതപ്പുഴ കുടിച്ച് തീർക്കണം
പാടവരമ്പും
പുഴയിലെത്തോണിയും
പരൽമീൻ കുറുമ്പിന്റെ
പലായനപ്പരവേശവും…
ചന്ദനഗന്ധവും
ചെമ്പകച്ചുവടും
ചുംബനം തന്നൊരിടവഴിയും
ചികഞ്ഞു പോകണം…
ആൽത്തറയിലെ
ആറുമണിത്തണലിലെന്നും
അവളെക്കാത്തിരിക്കണം
മയിൽപ്പീലിപ്പേറെടുക്കാൻ
പുസ്തകം തുറക്കാത്തവന്റെ
മനസ്സിലിനിയും പിറക്കണം
കള്ള് മണക്കുന്ന സന്ധ്യകളിൽ
കട്ടൻ ബീഡി വലിച്ചിരുന്ന്
“താരകപ്പെണ്ണാള് “ചൊല്ലിപ്പിരിയണം
ഉറങ്ങാത്ത നാല് കണ്ണുകൾക്കിടയിലെ ഭീതി വറ്റിച്ച്
അടച്ചു മൂടിക്കാത്ത പിഞ്ഞാണി തുറക്കണം..
മെത്തയില്ലാത്ത കൊട്ടാരശയ്യയിൽ
മൊത്തമുരിഞ്ഞെറിഞ്ഞ്
മനുഷ്യനായുറങ്ങണം

ഗോപകുമാർ മുതുകുളം

By ivayana

Leave a Reply

Your email address will not be published. Required fields are marked *