ഇല്ലിക്കൽ തറവാട്ടിലെ ഓമനയാണ് പാർവ്വതി. പാറു എന്ന് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്ന ആ പെൺകുട്ടി സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നിട്ടും സാധാരണക്കാരുടെ ലാളിത്യം ജീവിതശൈലിയാക്കിയവളായിരുന്നു. അധികം സംസാരിക്കാത്ത, ആരോടും വേഗത്തിൽ അടുക്കാത്ത ഒരു സ്വഭാവമായിരുന്നു പാറുവിന്റേത്. എന്നാൽ അവളുടെ നേരെ വിപരീതമായിരുന്നു കൂട്ടുകാരി പ്രസീദ. എല്ലാരോടും പെട്ടെന്ന് ഇണങ്ങുന്ന, അതിവാചാലയായ, ചുറ്റുപാടുകളെ വളരെ തന്ത്രപരമായി നിരീക്ഷിക്കാൻ കഴിയുന്ന ഒരു മിടുക്കിയായിരുന്നു പ്രസീദ. പ്രസീദ ഒരിക്കലും ക്രൂരയായ ഒരു വില്ലത്തിയായിരുന്നില്ല; തന്നെ അസ്വസ്ഥയാക്കിയ, സാധാരണക്കാരിൽ ഒരാളായ ഒരു പെണ്ണിന്റെ സ്വാഭാവികമായ അസൂയയും അരക്ഷിതാബോധവുമാണ് അവളിൽ വർത്തിച്ചിരുന്നത്. ആ മാനസികാവസ്ഥയാണ് പിന്നീട് ഒരു വലിയ ദുരന്തത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്.

കോളേജിലേക്ക് പോകുവാൻ വലിയ കാറുകൾ വീട്ടിലുണ്ടായിരുന്നിട്ടും, പാറു എന്നും തിരഞ്ഞെടുത്തത് രാവിലെ ഏഴരമണിക്ക് പുറപ്പെടുന്ന ആ ജയന്തി ബസ്സായിരുന്നു. എന്നാൽ ക്രമേണ ആ യാത്രാ സമയത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. സാധാരണയായി ഏഴരയ്ക്ക് മാത്രം ബസ് സ്റ്റോപ്പിലെത്തിയിരുന്ന പാറു, ദിവസങ്ങൾ കഴിഞ്ഞപ്പോൾ കൃത്യം ഏഴു മണിക്ക് തന്നെ സ്റ്റോപ്പിൽ വന്ന് ബസ് കാത്തുനിൽക്കാൻ തുടങ്ങി. ബസിൽ കയറുന്ന ആ കണ്ടക്ടറെ ഒന്നു കാണാൻ മാത്രം മനസ്സ് വെമ്പുന്ന ആ മാറ്റം പ്രസീദ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.
“എന്താ പാറു, ഇന്ന് പതിവിലും നേരത്തെയാണല്ലോ? ആ വണ്ടി വരുന്നതും നോക്കി നിൽപ്പ് തുടങ്ങിയോ?” എന്ന് പ്രസീദ അവളെ കളിയാക്കുമ്പോൾ, പാറുവിന്റെ മുഖത്ത് നാണത്തിന്റെ ചുവപ്പ് പടരുമായിരുന്നു.

പാറുവിന്റെ ഉള്ളിൽ മിഥുനോട് പ്രണയം നാമ്പെടുത്തെങ്കിലും, ഇല്ലിക്കൽ തറവാടിന്റെ ആഭിജാത്യവും പൊതുവെ ഉള്ള നാണവും കാരണം അവൾ അത് പുറമെ കാണിക്കാതെ ഗൗരവം നടിച്ചു. എന്നാൽ, പ്രസീദയുടെ മനസ്സിൽ ആ കാഴ്ചകൾ വലിയൊരു നീറ്റലായി മാറി. താനും ഒരു പെണ്ണാണ്, കാണാൻ മോശമല്ലാത്ത രൂപവുമുണ്ട്; എന്നിട്ടും ബസിൽ കയറുമ്പോൾ ആളുകളുടെയും കണ്ടക്ടറുടെയും നോട്ടങ്ങളെല്ലാം ആടയാഭരണങ്ങളോ അഹങ്കാരമോ ഇല്ലാത്ത ആ സുന്ദരിയായ പാറുവിന് മേൽ മാത്രമാണ് വീഴുന്നത്. ആ സമ്പത്തും അതിശയിപ്പിക്കുന്ന സൗന്ദര്യവും തന്നെക്കാൾ പാറുവിന് കൂടുതൽ തിളക്കം നൽകുന്നു എന്ന തോന്നൽ പ്രസീദയുടെ ഉള്ളിൽ ദിവസം ചെല്ലുംതോറും അസൂയ തഴച്ചുവളരാൻ തുടങ്ങി.

സൗന്ദര്യവും വിനയവും തികഞ്ഞ പാറു ആ നാട്ടിലെ ചെറുപ്പക്കാരുടെ കണ്ണിന് കുളിർമയായിരുന്നെങ്കിലും, ആ ബസിലെ കണ്ടക്ടറായ മിഥുന്റെ മനസ്സിൽ പാറുവിനോട് വലിയ പ്രണയമൊന്നുമണ്ടായിരുന്നില്ല. അതീവ സുന്ദരിയായ ഒരു പെൺകുട്ടിയോട് ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന് തോന്നുന്ന കൗതുകവും, ബസ് യാത്രയിലെ പതിവ് ശൃംഗാരവും മാത്രമായിരുന്നു മിഥുന് അതൊക്കെ. പാറുവിനെ ഗൗരവമായി സ്നേഹിക്കാനോ സ്വന്തമാക്കാനോ ഉള്ള ആലോചനയൊന്നും അവന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. എന്നാൽ, മിഥുന്റെ ശ്രദ്ധ എപ്പോഴെങ്കിലും ആ സുന്ദരിയായ പെൺകുട്ടിയിലേക്ക് പൂർണ്ണമായി വീണുപോകുമോ എന്ന ഭയവും സംശയവും പ്രസീദയുടെ ഉള്ളിൽ എപ്പോഴും നീറിപ്പുകഞ്ഞിരുന്നു. ആ ഭയം അവളെക്കൊണ്ട് ചെയ്യിപ്പിച്ചത് വലിയൊരു ചതിയായിരുന്നു.

തന്റെ നെഞ്ചിലെ ആ ഭയം അകറ്റാൻ വേണ്ടി പ്രസീദ മിഥുന്റെ അടുത്ത് കൃത്യമായ തന്ത്രങ്ങൾ പയറ്റി. പാറു പുറമേ കാണുന്നതുപോലെയല്ലെന്നും, വലിയ പണത്തിന്റെ അഹങ്കാരമുള്ളവളെന്നും, കണ്ടക്ടറായ നിന്നെപ്പോലൊരാളെ അവൾ പുച്ഛത്തോടെ മാത്രമേ കാണൂ എന്നുമൊക്കെ പ്രസീദ മിഥുന്റെ തലയിൽ ഉറപ്പിച്ചു. പാറുവിന്റെ സ്വഭാവത്തെക്കുറിച്ച് ഇല്ലാത്തതും ഉള്ളതുമായ പല മോശവശങ്ങളും പറഞ്ഞ് മിഥുന്റെ മനസ്സിൽ അവളോട് അകൽച്ച ഉണ്ടാക്കാൻ പ്രസീദ ബോധപൂർവ്വം ശ്രമിച്ചു. അങ്ങനെ പാറുവിന്റെ പേരിൽ മിഥുനിൽ കോപവും നിരാശയും വളർത്തിയെടുത്ത പ്രസീദ, ആ ഒഴിവിലേക്ക് പതുക്കെപ്പതുക്കെ മിഥുന്റെ ശ്രദ്ധയും കമ്പവും തന്നിലേക്ക് തന്നെ ആകർഷിച്ചെടുക്കുകയായിരുന്നു.

മറുവശത്ത്, പാറുവിനോട് പ്രസീദ പറഞ്ഞത് നേരെ മറിച്ചായിരുന്നു; മിഥുന് അവളോട് അടങ്ങാത്ത പ്രണയമാണെന്നും അവനെയല്ലാതെ വേറെ ആരെയും ചിന്തിക്കാൻ കഴിയുന്നില്ലെന്നും അവൾ വിശ്വസിപ്പിച്ചു. പാറുവിന്റെ ഉള്ളിൽ മിഥുനോട് പ്രണയം ആഴത്തിൽ വേരോടിയിരുന്നുവെങ്കിലും, അവളുടെ സഹജമായ നാണം കാരണം അവൾ അത് പുറമെ കാണിച്ചില്ല. ഇതിടയിലാണ് പാറുവിനെ കളിപ്പിക്കാനും വട്ടംകറക്കാനുമായി പ്രസീദ നിരന്തരം ഓരോ നുണകൾ മെനഞ്ഞത്. “മിഥുൻ ഇന്ന് നിന്നോട് പ്രത്യേകമായി പറയാൻ ഏൽപ്പിച്ചിട്ടുണ്ട്; നാളെ കോളേജിൽ വരുമ്പോൾ നീ പച്ച ചുരിദാർ തന്നെ ഇട്ട് വരണം” എന്ന് പ്രസീദ പറയും. മറ്റൊരു ദിവസം “അല്ല, ഇന്ന് മഞ്ഞ സാരി ഉടുത്ത പെണ്ണുങ്ങളെയാണ് അവന് ഇഷ്ടമത്രേ” എന്ന് തിരുത്തിപ്പറയും. വേറൊരു ദിവസം സ്റ്റോപ്പിന് അപ്പുറമുള്ള വഴിയിൽ കുറച്ചുനേരം കാത്തുനിൽക്കാൻ അവൻ പറഞ്ഞിട്ടുണ്ടെന്നൊക്കെ പറഞ്ഞ് അവൾ പാറുവിനെ നിരന്തരം പറ്റിച്ചുകൊണ്ടിരുന്നു. ഇതൊന്നും മിഥുൻ അറിഞ്ഞിരുന്നതേയില്ല; പ്രസീദ തനിക്ക് വേണ്ടി പറയുന്ന കാര്യങ്ങളാണെന്ന് പൂർണ്ണമായും വിശ്വസിച്ച്, തന്റെ പ്രണയവല്ലഭന് ഇഷ്ടമുള്ള രീതിയിൽ വേഷംമാറിയും പറഞ്ഞ സ്ഥലങ്ങളിൽ കാത്തുനിന്നും ആ പാവം പെൺകുട്ടി സന്തോഷം കണ്ടെത്തി.

അങ്ങനെയിരിക്കെയാണ് ഇല്ലിക്കൽ തറവാട്ടിലേക്ക് ആ വലിയ വിവാഹാലോചന എത്തിയത്. സംസ്ഥാനത്ത് അറിയപ്പെടുന്ന ഒരു യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ പാറുവിന് വേണ്ടി നേരിട്ട് കൊണ്ടുവന്ന ആലോചനയായിരുന്നു അത്. പ്രൗഢിയും പണവും ഒത്തുവന്ന ആ ബന്ധത്തിൽ വീട്ടുകാർക്ക് വലിയ സന്തോഷമായിരുന്നുവെങ്കിലും, പാറുവിന്റെ സന്തോഷത്തിനാണ് അവർ എന്നും മുൻഗണന നൽകിയത്. “മോളെ, നിന്റെ അഭിപ്രായമാണ് വലുത്. നിനക്ക് താല്പര്യമില്ലെങ്കിൽ നമുക്ക് ഇത് ഒഴിവാക്കാം. നിനക്ക് ഇഷ്ടമുള്ള ആളെത്തന്നെ പങ്കാളിയായി തിരഞ്ഞെടുക്കാം,” അച്ഛൻ സ്നേഹത്തോടെ പറഞ്ഞു.

അച്ഛന്റെ ആ വാക്കുകൾ പാറുവിന് വലിയൊരു ആശ്വാസമായി. താൻ ഒരു കണ്ടക്ടറെയാണ് സ്നേഹിക്കുന്നതെന്ന് അറിഞ്ഞാൽ പോലും ഇല്ലിക്കൽ തറവാട്ടുകാർ തന്നെ തള്ളിപ്പറയില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. ആ വലിയ ഐ.എ.എസ് ആലോചന സന്തോഷത്തോടെ നിരസിച്ചുകൊണ്ട്, മിഥുനെക്കുറിച്ചുള്ള കാര്യം അന്ന് രാത്രി തന്നെ വീട്ടിൽ തുറന്നുപറയാൻ അവൾ തീരുമാനിച്ചു.

എന്നാൽ, ആ സത്യം വീട്ടിൽ പറയുന്നതിന് തൊട്ടുമുമ്പ് നഗരത്തിൽ മറ്റൊരു നാടകം അരങ്ങേറിയിരുന്നു. താൻ ജീവനുതുല്യം വിശ്വസിച്ച പ്രസീദയും മിഥുനും തമ്മിലുള്ള രജിസ്ട്രാർ വിവാഹം കഴിഞ്ഞിരിക്കുന്നു എന്ന വിവരം ഒരു തീപ്പൊരി പോലെയാണ് പാറുവിന്റെ കാതുകളിൽ എത്തിയത്. തന്നെ പുറമെ ആശ്വസിപ്പിക്കുകയും അകമേ വഞ്ചിക്കുകയും ചെയ്ത പ്രസീദയുടെ ചതിയും, താൻ നെഞ്ചിലേറ്റിയ പ്രണയത്തിന്റെ തിക്തഫലവും ഒരുപോലെ അവളെ തകർത്തു.
ഐ.എ.എസ് ആലോചന നിഷ്പ്രയാസം ഉപേക്ഷിച്ച ആ പെൺകുട്ടിയുടെ മുന്നിലേക്ക്, താൻ ഏറ്റവും കൂടുതൽ വിശ്വസിച്ച കൂട്ടുകാരി സമ്മാനിച്ച ആ വഞ്ചന വലിയൊരു ആഘാതമായി വന്നുചേർന്നു. ആ ചതിയുടെ ആഴം താങ്ങാൻ പാറുവിന്റെ നിഷ്കളങ്കമായ മനസ്സിന് കഴിഞ്ഞില്ല. ആ അപമാനവും തകർച്ചയും സമ്മാനിച്ച ശൂന്യതയിൽ, ആരും അറിയാതെ അവൾ ആ കടുംകൈ ചെയ്തു.
ഇല്ലിക്കൽ തറവാടിന്റെ വലിയ മാളികയ്ക്ക് മുന്നിൽ അന്നേരം നാടൊക്കെ തടിച്ചുകൂടിയിരുന്നു. സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നിട്ടും ലാളിത്യം മാത്രം കൈമുതലായുണ്ടായിരുന്ന ആ പ്രിയപ്പെട്ട പെൺകുട്ടി ജീവിതത്തോട് കൊടുംക്രൂരത കാണിച്ച് യാത്രയായിരിക്കുന്നു.

അതേസമയം, രജിസ്ട്രാർ ഓഫീസിൽ നിന്നും മിഥുന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച പ്രസീദയ്ക്ക് ആ സന്തോഷം ഏതാനും മണിക്കൂറുകൾ മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ. പാറുവിന്റെ വിയോഗവാർത്ത കേട്ട് ഞെട്ടലോടെ ആ മാളിക വീട്ടിലേക്ക് ഓടിയെത്തിയ പ്രസീദയുടെ കാലിനടിയിലെ മണ്ണ് ചോർന്നുപോയി. പാറു മരിക്കണമെന്ന് അവൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല; അതൊരു കൊലപാതകമായിരുന്നില്ല, മറിച്ച് അവളുടെ മനസ്സിൽ ഉറച്ച അസൂയയും സ്വാർത്ഥതയും വരുത്തിവെച്ച ഒരു വലിയ ദുരന്തമായിരുന്നു അത്.
പാറുവിന്റെ ചേതനയറ്റ ശരീരത്തിന് അരികിൽ നിസ്സഹായനായി നിൽക്കുകയായിരുന്നു മിഥുൻ. പ്രസീദയുടെ കുടിലമായ തന്ത്രങ്ങളാണ് യഥാർത്ഥത്തിൽ ഈ ചതിക്ക് കളമൊരുക്കിയതെന്ന് അവൻ വൈകി മനസ്സിലാക്കി.

ആൾക്കൂട്ടത്തിന് നടുവിൽ, കഠിനമായ കുറ്റബോധവും മാനസിക സമ്മർദ്ദവും താങ്ങാനാവാതെ പ്രസീദയുടെ സമനില തെറ്റിയിരുന്നു. പാറുവിന്റെ അമ്മയുടെയും നാട്ടുകാരുടെയും നിലവിളി അവളുടെ നെഞ്ചിലേക്ക് തീ കോരിയിട്ടു. പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അവൾ പാറുവിന്റെ ശരീരത്തിന് അരികിലേക്ക് വീണു പൊട്ടിക്കരഞ്ഞുകൊണ്ട് തന്നിലെ മനുഷ്യസഹജമായ ആ ദൗർബല്യം എല്ലാവരുടെയും മുന്നിൽ തുറന്നുപറഞ്ഞു:
“എന്നെ വെറുക്കരുത്… പാറുവിനെ കൊന്നത് ഞാനല്ല, പക്ഷേ ആ കൊടുംചതിക്ക് കാരണം എന്റെ ഉള്ളിൽ കിടന്ന അസൂയയാണ്! അവളുടെ സൗന്ദര്യവും സമ്പത്തും കണ്ട് അവളോട് അന്ന് എനിക്ക് വലിയ അസൂയ തോന്നിയിരുന്നു. മിഥുനേ, പാറുവിന് നിന്നോട് കടുത്ത സ്നേഹമായിരുന്നു; അവൾ അവളുടെ എല്ലാ രഹസ്യങ്ങളും എന്നോട് പങ്കുവെച്ചിരുന്നു. പക്ഷേ എനിക്ക് അവളോട് തോന്നിയ അസൂയ കാരണം, അവൾക്ക് നിന്നെ പുച്ഛമാണെന്നും അഹങ്കാരിയാണെന്നും ഞാൻ നിന്നോട് കള്ളം പറഞ്ഞു. നിന്റെ മനസ്സ് മാറ്റിയെടുത്ത് ആ സ്നേഹം ഞാൻ തട്ടിയെടുക്കുകയായിരുന്നു…”
പ്രസീദയുടെ ആ വാക്കുകൾ കേട്ട് ആ ആൾക്കൂട്ടം സ്തംഭിച്ചുപോയി. ആ വലിയ വെളിപ്പെടുത്തൽ കേട്ട നിമിഷം, പാറുവിന്റെ അമ്മ കമലാക്ഷിയമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് നെഞ്ചത്തടിച്ചു നിലവിളിച്ചു.

“എന്റെ പൊന്നുമോളെ… നീ ഒരു വാക്ക് ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ… നിന്റെ ഇഷ്ടത്തിന് ഞങ്ങൾ എല്ലാം ചെയ്യുമായിരുന്നില്ലേ മോളെ! നിനക്ക് ഒരു കുറവും വരുത്താതെ ആ ഐ.എ.എസ് കാരനെക്കാളും വലിയൊരു ജീവിതം ഞങ്ങൾ വാങ്ങിത്തരുമായിരുന്നില്ലേ മോളെ…”
അരികിൽ, പ്രതിമപോലെ അനങ്ങാനാവാതെ നിന്ന അച്ഛൻ മാധവൻ മാഷ് ഒരു ശബ്ദവുമില്ലാതെ പൊട്ടിക്കരഞ്ഞു. കണ്ണുനീർ പോലും വറ്റിപ്പോയ ആ മനുഷ്യന്റെ നിശബ്ദമായ തേങ്ങൽ കണ്ടുനിന്നവരുടെയെല്ലാം ഉള്ളുലച്ചു…

ദിവാകരൻപികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *