കുറെ വർഷങ്ങൾക്ക് മുൻപാണ്. കോളേജിൽ പഠിക്കുന്ന കാലം. ഇംഗ്ലീഷ് നമുക്ക് ബാലികേറാമലയായിരുന്നു. സ്കൂൾ കാലം മുഴുവൻ മലയാളം മീഡിയത്തിലായിരുന്നതിനാൽ അതിന്റെ അപര്യാപ്തത നന്നായി അനുഭവപ്പെട്ടിരുന്നു. അതുകൊണ്ടാണ് വീട്ടിൽ നിന്ന് കുറച്ച് ദൂരെ ഒരു സ്പെഷ്യൽ ട്യൂഷൻ ക്ലാസിലേക്ക് പോയത്.
അന്നത്തെ മധ്യതിരുവിതാംകൂറിലെ പ്രശസ്ത സ്ഥാപനത്തിലായിരുന്നു പഠനം. നമ്പാടൻ മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ, കേമന്മാരായ അധ്യാപഹയന്മാർ പ്രവർത്തിക്കുന്ന ഇടം. അവരിൽ പലരും പിന്നീട് പ്രശസ്ത കോളേജുകളിലെ കേൾവികേട്ട ഗുരുക്കന്മാരായി മാറി. അവരിലൊരാളായിരുന്നു റോഷൻ സർ.

പഠനവും ഉപരിപഠനവും കഴിഞ്ഞ് അമേരിക്കൻ ജീവിതം സ്വപ്നം കൊണ്ടുനടക്കുന്ന സുന്ദരന്മാരിൽ—കാഴ്ചയിലും ശരീരസൗകുമാര്യത്തിലും മാത്രമല്ല, പഠിപ്പിക്കുന്ന കഴിവിലും ക്ലാസ് മുറി കയ്യിലെടുക്കുന്ന മികവിലും—സുന്ദരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പിരീഡുകൾ അറിവിന്റെയും ആസ്വാദനത്തിന്റെയും, അതിനുമപ്പുറം മനസ്സിന്റെ പിരിമുറുക്കങ്ങളിൽ നിന്ന് ഒരു മണിക്കൂർ അവധി നൽകുന്ന അനുഭവങ്ങളായിരുന്നു.
ക്ലാസ് സജീവമാക്കാൻ വേണ്ടി പാഠങ്ങൾക്കിടയിൽ കഥയും കവിതയും സാങ്കൽപ്പിക സംഭവങ്ങളും അനുഭവയാഥാർഥ്യങ്ങളും വിളമ്പി ഒരു മണിക്കൂർ സംഭവബഹുലമാക്കുക—അതായിരുന്നു അദ്ദേഹത്തിന്റെ കരിക്കുലം മാനേജ്മെന്റ്.
കാഴ്ചയിൽ, പേരിൽ മാത്രമല്ല, രൂപത്തിലും ഹൃതിക് റോഷനെ അനുസ്മരിപ്പിക്കുന്ന അദ്ദേഹത്തിന് അന്നേ ആരാധകർ ഏറെയായിരുന്നു; ആൺകുട്ടികൾക്കിടയിലും.
അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ക്ലാസിൽ വേർഡ്‌സ്‌വർത്ത്, ചാൾസ് ഡിക്കൻസ്, കീറ്റ്സ് എന്നിവരുടെ കവിതകൾ പുതുമഴയും വേനൽമഴയും കർക്കിടകപ്പെയ്ത്തും പോലെ പെയ്തിറങ്ങുന്നത് അനുഭവിച്ച് ധൃതംഗപുളകിതനായി ഈ ഞാനും ഇരിക്കാറുണ്ടായിരുന്നു.
ഇടയ്ക്ക് രണ്ടാഴ്ച അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ വേറെ അധ്യാപകരാണ് ക്ലാസ് എടുത്തത്. സർ വിസ വന്ന് പോയിരിക്കുമെന്ന സംശയം കുട്ടികൾക്കിടയിൽ നിഴലായി പടർന്നു. നഷ്ടബോധത്തിലാഴ്ന്ന ആഴ്ചയുടെ അവസാനദിവസം, അപ്രതീക്ഷിതമായാണ് അദ്ദേഹം വീണ്ടും ക്ലാസിലേക്കു വന്നത്.

ചോദ്യശരങ്ങൾ തുളച്ചുനിന്ന ക്ളാസ്സ് മുറിയിൽ പഴയ പ്രസരിപ്പ് നഷ്ടമായ മുഖത്തോടെ അധ്യാപനം തുടങ്ങിയ അദ്ദേഹം, പലപ്പോഴും ബാറ്റിൽ, തന്റെ താളം കണ്ടെത്താനാകാതെ തുഴയുന്ന പഴയ സച്ചിനെ ഓർമ്മിപ്പിച്ചു. കുറച്ചുനേരം കഴിഞ്ഞ് പാഠം പകുതിയിൽ നിർത്തി, സ്വാഭാവികത വീണ്ടെടുത്തതുപോലെ ഒരു കഥ പറഞ്ഞു തുടങ്ങി.
അന്നത്തെ കഥയിലെ നായിക ഒരു പെൺകുട്ടിയായിരുന്നു.
മാസ്റ്റർ ഡിഗ്രിയും കഴിഞ്ഞ് പി.എച്ച്.ഡി. ചെയ്തുകൊണ്ടിരിക്കുന്ന സുന്ദരിയും സുശീലയുമായ യൗവനയുക്തയായ പെൺകുട്ടി. അവളുടെ മാതാപിതാക്കൾ രണ്ടുപേരും അധ്യാപകർ. വിവാഹം കഴിഞ്ഞ് ഒരുപാട് കാലത്തിനു ശേഷം ജനിച്ച ഏകസന്തതി. സ്നേഹിച്ചും എല്ലാം നൽകിയുമാണ് വളർത്തിയത്; എന്നാൽ കുടുംബത്തിന്റെയും പാരമ്പര്യത്തിന്റെയും നിയന്ത്രണങ്ങൾ കൊണ്ട് അതിരുകൾ വരച്ചും.

അവളും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് പഠിച്ച് ഉന്നതനിലവാരത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി, ഒരു കോളേജ് അധ്യാപികയാകണമെന്ന ലക്ഷ്യവുമായി മുന്നേറുകയായിരുന്നു.
അതൊരു അവധി ദിവസമായിരുന്നു.
ഉറക്കമുണർന്ന് നേരെ പോയി, അമ്മയുടെ അടുത്ത് അവൾ ഒരു ആവശ്യം മുന്നോട്ടുവച്ചു. അമ്മയ്ക്ക് അതിൽ എന്തോ വൈമനസ്യം; അവർ വേണ്ടെന്നു പറഞ്ഞു. അപ്പോൾ മകൾ അച്ഛന്റെ അടുത്തെത്തി. അവിടെയും അതേ മറുപടി.
രണ്ടിടത്തുനിന്നും ഒരേ നിരാകരണം വന്നപ്പോൾ, അവളുടെ ഉള്ളിൽ വാശി തലപൊക്കി. അത് പിടിവാശിയായി. ഒറ്റക്കുട്ടി സിൻഡ്രോമിൽ നിന്ന് അവൾ തുള്ളിപ്പോയി.
മാതാപിതാക്കളും അവരുടെ നിലപാടിൽ ഉറച്ചുനിന്നു. വാക്കുകളുടെ കുരുക്ഷേത്രം തുടങ്ങി. ഒരു വശത്ത് മകളും മറുവശത്ത് അമ്മയും. അല്പം അകലെ തന്റെ മുറിയിൽ നിത്യസാക്ഷിയെപ്പോലെ അച്ഛൻ.

തേർത്തട്ടിലെ യോദ്ധാക്കളെപ്പോലെ അമ്മയും മകളും ശരവർഷം തുടങ്ങി, ഭീഷമരെയും അർജ്ജുനനെയും പോലെ, ശരങ്ങൾ മാറിമാറി പൊഴിഞ്ഞു. ഒടുവിൽ, സ്വയം മറന്നുപോയ മകൾ വജ്രായുധം തന്നെ പ്രയോഗിച്ചു.
“എന്തേ… അന്നോർത്തില്ലേ? പരസ്പരം കാളകളിച്ചപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും അതിൽ ഒരു മകൾ പിറക്കുമെന്നും? അങ്ങനെയാണെങ്കിൽ അവളെ വളർത്തണമെന്നും അവളുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കണമെന്നും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതല്ലേ? നിങ്ങൾ അധ്യാപകരല്ലേ?”
ആ വീട് കുറച്ചുനേരത്തേക്ക് നിശ്ശബ്ദമായി.
എന്നാൽ ആ നിശ്ശബ്ദത അധികനേരം നീണ്ടില്ല.
അൽപസമയത്തിനുശേഷം ഉയർന്ന നിലവിളിയിൽ ആ ഗ്രാമം മുഴുവൻ വിറച്ചു.
ആ ഗ്രാമത്തിന് നഷ്ടമായത് അവരുടെ പ്രിയ ഗുരുനാഥനെയായിരുന്നു.
ഞങ്ങളുടെ റോഷൻ സർ… ആ നാളുകളിൽ അവിടെയായിരുന്നു. ഇഷ്ടഗുരുനാഥന്റെ അന്ത്യകർമ്മങ്ങൾക്ക് സാക്ഷിയാകാനും, മനസ്സിന്റെ പിടിവിട്ടുപോയ സ്വന്തം അമ്മയെപ്പോലെ സേനഹിച്ച, തന്റെ പ്രിയ ഗുരുനാഥയെ ആശ്വസിപ്പിക്കാനുമുള്ള നിയോഗവുമായി. അവരുടെ പിറക്കാതെ പോയ മകന്റെ സ്ഥാനത്ത് നിന്നുകൊണ്ട്.

എന്നും ചിരിച്ചുല്ലസിച്ച് അവസാനിച്ചിരുന്ന ക്ലാസ് മുറി അന്ന് ആകെ മൗനമായിരുന്നു. ഈറനണിഞ്ഞിരുന്ന അനേകം കണ്ണുകളിൽ രണ്ടെണ്ണം എന്റേതുമായിരുന്നു.
അക്ഷരങ്ങൾ ആയുധങ്ങളാകുമ്പോൾ മുറിവേൽക്കുന്നത് ആത്മാക്കൾ മാത്രമല്ല; കുടുംബങ്ങളുടെ അഭിമാനവും കൂടിയാണ്. ഒരു ഗ്രാമത്തിന്റെ വഴികാട്ടിയായിരുന്ന മനുഷ്യൻ സ്വന്തം മകളുടെ മുന്നിൽ തകർന്ന നിമിഷം, നമുക്കറിയാത്ത സത്യങ്ങളിലേക്കുള്ള യാത്ര തിരഞ്ഞെടുത്തു..

By ivayana

Leave a Reply

Your email address will not be published. Required fields are marked *