യാമിനി ചേച്ചി മരിച്ചത് എങ്ങനെയെന്ന് അവള്‍ പിന്നെയും പിന്നെയും ഓര്‍ത്തെടുക്കുകയായിരുന്നു.
വളരെ നല്ല സാമ്പത്തികനിലയില്‍ ജീവിച്ചു പോന്ന ചേച്ചി.
ഭര്‍ത്താവ് ഗള്‍ഫ്‌കാരന്‍ ആയതുകൊണ്ട് ഇഷ്ടം പോലെ പണം ഉണ്ടെന്നു ആളുകള്‍ പറയുമായിരുന്നു.
രണ്ടു മക്കളും വളര്‍ന്നു വലുതായി, ജോലിയായി.

രണ്ടുപേരും കല്യാണവും കഴിച്ചു.
ഇനിയെന്താ ഒരു പ്രശ്നവുമില്ല.
യാമിനിച്ചേച്ചി ഏല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍ ആയിരുന്നു.
ആരൊരു സഹായം ആവശ്യപ്പെട്ടാലും ചെയ്തു കൊടുക്കുമായിരുന്നു.
പണത്തിന്റെ കാര്യം ആയാലും അങ്ങനെതന്നെ.
അതുകൊണ്ടുതന്നെ രാഷ്ട്രീയക്കാരും മറ്റ് സംഘടനകളും എല്ലാം ചേച്ചിയെ നേതൃസ്ഥാനത്തേക്ക് കൊണ്ട് വരാന്‍ മത്സരിച്ചു കൊണ്ടിരുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പരിചയപ്പെട്ടവര്‍ പോലും പണം ആവശ്യപ്പെടുമ്പോള്‍ ഇല്ല എന്ന്‍ പറയാന്‍ ചേച്ചിക്ക് കഴിയുമായിരുന്നില്ല.
കൈയില്‍ ഇല്ലെങ്കില്‍ ആരില്‍ നിന്നെങ്കിലും പലിശക്ക് എടുത്ത് കൊടുക്കും.
അങ്ങനെ വലിയൊരു സുഹൃത് വലയത്തിനുള്ളില്‍ ചേച്ചി പാറി നടന്നു.
പൊള്ളയായ നല്‍വാക്കുകള്‍ കേട്ടു പറന്ന് പൊങ്ങി.
അങ്ങനെയിരിക്കെ ചേച്ചിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തി.
ഒരുവര്‍ഷം പോലും തികയുന്നതിനു മുന്‍പേ മാരകമായ ഒരസുഖം പിടിപെട്ടു.
ചികിത്സക്കായി ധാരാളം പണം ആവശ്യമായി വന്നപ്പോഴാണ്, അദ്ദേഹം അവിടെ നിന്ന് അയച്ച പൈസയൊന്നും ചേച്ചിയുടെ അക്കൌണ്ടില്‍ ഇല്ല എന്ന്‍ മനസ്സിലാവുന്നത്.
ഇതൊക്കെ എന്ത് ചെയ്തു എന്ന ചോദ്യം ഭര്‍ത്താവും മക്കളും ഉന്നയിച്ചപ്പോഴും ചേച്ചി മൌനം പാലിക്കുകയായിരുന്നു.

മക്കളുടെ സഹായത്താല്‍ ചികിത്സ തുടങ്ങിയെങ്കിലും അധികം താമസിയാതെ അദ്ദേഹം ഈ ലോകം വിട്ടുപോയി.
വിധവയായ ചേച്ചി പിന്നെയും സമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവയായി.
അതൊരു നല്ല കാര്യമായി മക്കള്‍ക്കും തോന്നി.
പക്ഷെ ചേച്ചിയുടെ അനുകമ്പ മനോഭാവം വച്ചു മുതലെടുക്കാന്‍ അഭ്യുദയകാംഷികളെന്ന അഭിനയവുമായി പലരും മുന്നില്‍ വന്നു.
കൈയില്‍ ഒന്നുമില്ലെന്നും മക്കളുടെ സഹായം കൊണ്ടാണ് ചെലവുകള്‍ നടക്കുന്നതെന്നും പറയാന്‍ അഭിമാനം അനുവദിച്ചില്ല.
പിന്നെയും പലിശക്കാരില്‍ നിന്ന് വാങ്ങാന്‍ തുടങ്ങി.

നാളുകള്‍ക്ക് ശേഷം പലിശ കിട്ടാത്തവര്‍ വീട്ടില്‍ അന്വേഷിച്ചു വന്നപ്പോഴാണ് മക്കള്‍ ഈ വിവരം അറിയുന്നത്.
അമ്മയുടെ കടം വാങ്ങലിനെ കുറിച്ചുള്ള മക്കളുടെ അന്വേഷണം ചെന്നു നിന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യത്തിലാണ്.
എത്രയോ ലക്ഷങ്ങളുടെ ബാധ്യത.
ഇത്രയും എങ്ങനെ കൊടുത്തു തീര്‍ക്കും?
മക്കളുടെ ദേഷ്യം വാക്കുകളായി പുറത്തു വന്നപ്പോള്‍, ചേച്ചിക്ക് തിരിച്ചൊന്നും പറയാന്‍ കഴിഞ്ഞില്ല.
എങ്കിലും പിടിച്ചു നില്‍ക്കാന്‍ വേണ്ടി പരസ്പരബന്ധമില്ലാത്ത വാക്കുകള്‍ എറിഞ്ഞു.
മോന്‍ പിണങ്ങി നാട്ടില്‍ നിന്നും പോയി.
മോളും വീട്ടില്‍ വരാതായി.

വീടിനുള്ളില്‍ ഒറ്റപ്പെട്ട ചേച്ചി, പുറത്തിറങ്ങാതായി.
ചേച്ചിയുടെ അവസ്ഥ നാട്ടില്‍ പാട്ടായി.
സഹായം സ്വീകരിച്ചവര്‍ ആരും തിരിഞ്ഞു നോക്കിയില്ല.
പലിശക്കാര്‍ ഭീഷണിയുമായി വന്നുകൊണ്ടേയിരുന്നു.
അവസാനം മക്കളുടെ കാലുപിടിച്ചു.
കടം തീര്‍ക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നു കരഞ്ഞു പറഞ്ഞു.
വസ്തുവകകള്‍ വിറ്റ് കുറെ കടം വീട്ടി.
അപ്പോഴേക്കും ചേച്ചിയുടെ മാനസികാരോഗ്യം തകര്‍ച്ചയുടെ വക്കില്‍ എത്തിയിരുന്നു.
ഒരു മാനസിക ആരോഗ്യകേന്ദ്രത്തില്‍ മാസങ്ങളോളം കിടത്തി.
തിരിച്ചു വന്നപ്പോഴും പ്രായത്തിന്റെ കെടുതികളാല്‍ ശരീരവും തളരാന്‍ തുടങ്ങി.
അര്‍ദ്ധബോധത്തിനും അബോധത്തിനും നടുവില്‍ രണ്ടു വര്‍ഷങ്ങള്‍ കിടന്നു.
അപ്പോഴും അഭ്യുദയകാംഷികള്‍ ആരും തിരിഞ്ഞു നോക്കിയില്ല.
സമൂഹമനസ്സാക്ഷി ഉണര്‍ന്നതുമില്ല.

ഒരു സംഘടനയും സഹായഹസ്തങ്ങള്‍ നീട്ടിയില്ല.
ഒരു പാര്‍ട്ടിയും സഹതാപം ചൊരിഞ്ഞില്ല.
രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, ആ ശരീരത്തില്‍ നിന്നു ചേതന അകന്നുപോയി.
അപ്പോഴേക്കും റീത്തുകളുമായി വിവിധ പാര്‍ട്ടിക്കാരെത്തി.
സംഘടനകളെത്തി.
സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങള്‍ പ്രസ്താവനകള്‍ പ്രവഹിപ്പിച്ചു.
നാടിനും നാട്ടാര്‍ക്കും മാത്രമല്ല, ഒരു സമൂഹത്തിനാകെ വെളിച്ചമായിരുന്നു യാമിനി എന്ന സ്ത്രീരത്നം.
ഫ്ലെക്സുകള്‍ എങ്ങും നിറഞ്ഞു.
അപ്പോഴും കഥനകഥയിലെ നായിക പരലോകത്ത് ഉദാരമതിയാവാന്‍ തുടങ്ങിയിരിക്കുമോ?
ഇതൊരു പാഠമാണ്.
അവള്‍ മനസ്സില്‍ കുറിച്ചിട്ടു.

അനുഭവങ്ങളുടെ വേലിയേറ്റമാവുന്ന മനസ്സില്‍ സഹതാപത്തിരകള്‍ക്ക് സ്ഥാനമില്ല.
ഒരു കൈസഹായം ചെയ്യുക എന്നത് ജീവിതപുണ്യമാണ്.
പക്ഷെ ഒരാളുടെ മനസ്സിന്റെ മൃദുലമായ ഭാവം അറിഞ്ഞു അതുവച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്നത് ഒരിക്കലും ശരിയല്ല.
നവമാധ്യമങ്ങളിലൂടെ സ്നേഹവും വിശ്വാസവും പ്രകടിപ്പിക്കുന്നവരില്‍ വലിയ ശതമാനവും ചെറുതും വലുതുമായ തുകകള്‍ ആവശ്യപ്പെടുമ്പോള്‍ ഇല്ല എന്ന് പറയാനുള്ള മന:ക്കരുത്ത് തന്നത് യാമിനിച്ചേച്ചി തന്നെയാണ്.
അല്ലായിരുന്നെങ്കില്‍ ഈയുള്ളവളും കിടപ്പാടം പോലും വിറ്റ് കടം തീര്‍ക്കേണ്ടി വരുമായിരുന്നു.
കുടുംബത്തില്‍ നിന്നു നിഷ്ക്കാസിതയാവുമായിരുന്നു.
പണം ആവശ്യത്തിലധികം ഉള്ളവളെന്നു മനുഷ്യര്‍ തെറ്റിദ്ധരിക്കുന്നു.
അവരവരുടെ സാഹചര്യങ്ങള്‍ തന്നെപ്പോലെ മറ്റാര്‍ക്കും പൂര്‍ണ്ണമായി മനസ്സിലാകണം എന്നില്ല.
കൂടുതല്‍ ഉണ്ടായവന് കടപ്പാടുകള്‍ കൂടും.

എല്ലാവരെയും പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താനും കഴിയില്ല.
എത്രയോ പേര്‍ പണത്തിന്റെ പേരില്‍ ശത്രുക്കള്‍ ആവുന്നു.
പണം തന്നെയാണ് ഈ ലോകത്തില്‍ കൂടുതല്‍ ശത്രുക്കളെ സൃഷ്ടിക്കുന്നത്.
പണം തന്നെയാണ് മനുഷ്യന് അത്യാവശ്യം വേണ്ടതും.
പണം ഉള്ളവനും ആരോഗ്യം ഇല്ലെങ്കില്‍ അതുകൊണ്ടെന്തു പ്രയോജനം?
ചികിത്സയില്ലാത്ത അസുഖങ്ങള്‍ വന്നു കഷ്ടപ്പെടുന്നവരുണ്ട്.
ഇവിടെ പണം കൊണ്ടുപോലും വേദന ശമിപ്പിക്കാന്‍ കഴിയുന്നില്ല.
ഇതാണ് ലോകം.
ഇതാണ് മനുഷ്യന്‍.
ഇതാണ് ജീവിതം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *