രചന : തോമസ് കാവാലം. ✍️
ബഹുമാനം തേടുന്നോരാം
ബഹുജനം സകലരും
ഇഹത്തിലായുള്ള കാലം
വഹിച്ചീടും സ്ഥാനമാനം.
സ്ഥാനമാനം വഴിയെത്തും
ബഹുമാനം ചിലർക്കെല്ലാം
സ്ഥാനമില്ലേലവർക്കൊന്നും
മാനമാരും നൽകുകില്ല.
അവഗണിച്ചീടുവോരെ
അകറ്റി നാം നിർത്തിടേണം
‘അർഹമായ’ ബഹുമാനം
അവർക്കും നാം നൽകിടേണം.
പക്വമായ ചിന്തയാലെ
പ്രയത്നത്താൽ ലഭിക്കുന്ന
പെരുമയും ബഹുമാനോം
പണം നൽകി നേടാനാമോ?
ബഹുമാനം നൽകുവോനും
അഭിമാനം ലഭിക്കുന്നു
ബഹുമാനം അതിനാലെ
അമരത്വം നേടിടുന്നു.
ബഹുമാനം പെരുമയും
അഹന്തയാൽ നശിച്ചീടാം
വിട്ടുപോയാൽ വിശ്വാസംപോൽ
വിളക്കീടാൻ സാധ്യമല്ല.
ബഹുമാനം നൽകുന്നവർ
ബഹുമാന്യരായിടുന്നു
ബഹുമാന്യരാവുകിലും
അവമാനം വന്നുചേരാം.
പ്രവൃത്തിയാൽ വാക്കിനാലും
പ്രഹരം നാം നൽകീടുമ്പോൾ
അനുവേലം അപമാനം
അവർക്കു നാം ചാർത്തിടുന്നു.
അപരനിലുള്ളനന്മ
അവിരതം ഘോഷിക്കുമ്പോൾ
അവനായി നൽകയാകും
അനുമോദനത്തിൻ പൂക്കൾ
മുതിർന്നവർക്കേകും മാനം
മഹത്വമായ് തീർന്നീടുന്നു
മുതിർന്നീടെ ബഹുമാനം
അതുപോലെ നമ്മിലെത്തും.
മഹാശയം നൽകുന്നവർ
മഹാന്മാരായ് തീർന്നിടുന്നു
മഹാന്മാരായ് തീരുകിലും
ബഹുമാനം നഷ്ടമാകാം.
വിശിഷ്ടമാം ചെയ്തിയാലേ
വിശിഷ്ടരായ് തീരുംചിലർ
പൂവു തന്റെ പരിമളം
പരത്തുംപോ, ലവരെല്ലാം.
ചെറിയവരായവർക്ക്
കരുതലു നൽകുന്നവർ
ബഹുമാന്യരായിടുന്നു
മഹത്വമണിഞ്ഞിടുന്നു.

