രചന : ബഷീർ ബഷീറ ✍
രാത്രിയുടെ മൗനത്തിൽ
കണ്ണുകൾ മെല്ലെ അടയുമ്പോൾ,
പകലിന്റെ തിരക്കുകളെല്ലാം
ഓർമ്മയുടെ തീരത്ത് ഉറങ്ങുന്നു…
ചിലർക്ക് നിദ്രയൊരു സ്വർഗമാണ്,
ചിലർക്ക് മറക്കാനുള്ള മരുന്നും.
മറ്റുചിലർക്കാകട്ടെ,
ഓർമ്മകൾ വേട്ടയാടുന്ന നീണ്ടൊരു ഏകാന്തതയും.
പകൽ മുഴുവൻ ചിരിച്ചവർ രാത്രിയിൽ
തനിച്ചിരുന്ന് കരയുന്നു,
മനസ്സിലെ മുറിവുകൾ ആരുമറിയാതെ
തലയിണയോട് കഥ പറയുന്നു.
ഉറങ്ങാൻ കിടക്കുമ്പോഴും
ഉറങ്ങാത്ത ചില ചിന്തകളുണ്ട്,
മറക്കാൻ ശ്രമിക്കുമ്പോഴും മറവിക്ക്
വഴങ്ങാത്ത ചില മുഖങ്ങളുണ്ട്.
ഒടുവിൽ നിദ്ര വന്നെത്തുമ്പോൾ
ലോകം മുഴുവൻ നിശ്ചലമാകുന്നു,
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ
അവൾ ആരെയും വേർതിരിക്കുന്നില്ല.
പക്ഷേ…
ചില രാത്രികളിൽ നിദ്ര പോലും
കണ്ണുകളെ തേടിയെത്താറില്ല,
കാരണം ശരീരം ക്ഷീണിച്ചാലും
മനസ്സ് ചിലപ്പോൾ ഉറങ്ങാൻ മറന്നുപോകുന്നു…
നിദ്രയെന്നത് കണ്ണുകൾ അടയ്ക്കുന്നതല്ല,
മനസ്സിലെ വേദനകൾക്ക് അൽപ്പനേരമെങ്കിലും
അവധി നൽകുന്നതാണ്.
