രചന : തെന്നൂർ രാമചന്ദ്രൻ✍
ലയിച്ചുല്ലസിച്ചു ഞാനെൻ കവിത ചൊല്ലി
നമുക്കൊന്നും മനസ്സിലായില്ലെന്നവർ!
സദസ്സെന്ന സരോവരത്തിൽ ജലജാ
സുമങ്ങളൊന്നുമേ വിരിയാത്തവസ്ഥ
ഹൃദയഭാഷ മൃദുലനടനം ചെയ്യും
ഒരരുവിപോലെയാകണമാകവേ
തവ കവിത കവേ ! എന്നവരേവും
പറയാതെ പറയുകയായിരുന്നോ?
ചിരകാല സൗഹൃദമുള്ളൊരാൾ, പ്രിയൻ
ചിരിമാത്രമേകിയെനിക്കപ്പോൾ … നല്ല
കളിവാക്കും ചിരിയും നിനക്കുണ്ടല്ലൊ
അതുമാത്രം കവിതയിൽ വിതക്കണം
സരളഭാവം കുളിരേകും രചന
അമര സംഗീതധ്വനികൾ നിറയ്ക്കൂ
ഉരുവിടുക ഉരുവിടുക നീ നിത്യം
മൃദു മലയാണ്മയ്ക്കതു നൽക്കിരീടം
പുതുമയുള്ള വാക്കിലർത്ഥ സാരങ്ങൾ
അതിലുമധികമെന്തുവേണം കവിതയിൽ
നിരവധി ചിന്തകളിലൊന്നിനെ മാത്രം
സ്ഫുരണമാക്കിയുയർത്തണമുജ്വലം
ഒരു മാനിഷാദ മാനവികതയായ്
മഹാകാവ്യമായരങ്ങുവാണതുപോൽ
ഉരിയാടുക നീയൊരു ജീവാഭിലാഷം
അരുതുകളെ ചെറുക്കുന്ന ഗർജ്ജനം
ഉലകം ചെവിയോർക്കുന്നതേതു കാര്യം
തിരിച്ചറിയുക നീയാ ചിരകൗതുകം
അതിനെ തീപ്പന്തങ്ങളാക്കുന്ന കാവ്യം
ഉലയിലൂതി തെളിക്കുക നീ സഖേ
പ്രകൃതിയുടെ ചന്ദനമണിത്തൊട്ടിലിൽ
സുകൃതഭാവഭംഗികളെത്രയേറെ
അതു നീയനുധാവനം ചെയ്യുക …. മേൽ
കൃതകൃത്യനായ കവിയായിടും നീ
കരളുരുകുമുരുളിയിൽ പതം വരുത്തി
പ്രണയ ഭാവുകപഞ്ചാമൃതം നൽകിയ
പഴയഗീതികയിപ്പൊഴും നമ്മളെ
പുളകകഞ്ചുകമണിയിച്ചു നില്പൂ
