രചന : മധുശങ്കർ മീനാക്ഷി ✍️
🌱
ആളുകൾ
പലവഴി പിരിഞ്ഞു,
ഇനിയെനിക്ക് ഈ വീട്ടിൽ
ഉറക്കെ കലഹിക്കാം,
കിണറ്റിൻ കരയിൽ
നിർലജ്ജം കുളിക്കാം,
മാവിൽക്കയറി മാങ്ങയിടാം,
സിഗരറ്റു വലിക്കാം,
വാറ്റുചാരായം കുടിക്കാം…
ആരും വഴക്കുപറയില്ല.. !
ഒരു മകൾ
സ്വതന്ത്രയാകുന്നത്
ചിലപ്പോൾ അവൾ പോലും
അറിയാതെയാണ്.!
ഒരു മകൾ
ഒറ്റയ്ക്കൊരു വീട്ടിൽ
എന്തുചെയ്യുമെന്ന
ചോദ്യത്തേക്കാൾ
ഒരു മകൾ കൂടി
സ്വതന്ത്രയായിരിക്കുന്നു എന്ന
ഉത്തരമാണവരെ
ഭയപ്പെടുത്തുന്നുണ്ടാവുക..!
സ്വതന്ത്ര്യത്തിന്
ലിംഗഭേദമുണ്ടെന്ന്
ഉറച്ചു വിശ്വസിക്കുമ്പോഴും
തങ്ങൾ തിരിച്ചുപോകുന്നത്
പരോൾ സമയത്തേക്കുമാത്രം
തുറന്നിട്ട ജയിലിലേക്കാണ്
എന്ന സത്യം, അവർ
മറന്നുപോയിരിക്കുന്നു.!
നാളെയും
എന്റെ സ്വകാര്യതയിലേക്ക്
ആശങ്കയോടെ
അവർ എത്തിനോക്കും…
കാരണം,
ഇത്രയും സന്തോഷവതിയായി
അവരെന്നെ
മുമ്പെങ്ങും കണ്ടിട്ടില്ല..!


നന്ദി ഈ ചേർത്തുപിടിക്കലിന്❤️