ഞാനെന്റെ
വീട്ടിലേക്കുള്ള വഴി
മറന്നുപോയിരിക്കുന്നു..!
കുറേ നേരമായി
ഞാനൊരു സ്കൂട്ടിക്ക്
പുറകിലാണ്..
അതോടിക്കുന്നത്
ഒരു പെൺകുട്ടിയാണെന്ന
ബോധ്യം പോലും നഷ്ടപ്പെട്ടിരിക്കുന്നു.!
എന്റെ കണ്ണിൽ
ശോഷിച്ച ഒരു കണങ്കാൽ
മാത്രമുണ്ട്..!
ഓരോ വളവിലും
എന്നെ കാണിക്കാനാകണം
ആ കണങ്കാൽ
പുറത്തേയ്ക്ക് നീണ്ടു..!
ആദ്യം കണ്ടതൊരു സ്വർണ്ണപ്പാദസരം,
രണ്ടാമതൊരു മറുക്.!
ചെരിപ്പിടാതെയാണവൾ
സ്കൂട്ടിയോടിക്കുന്നത്..!
ഞാനെന്റെ വീടിന്റെ പേര്
മറന്നുപോയിരിക്കുന്നു..!
എന്റെ മനസ്സിൽ
മുമ്പിൽ പായുന്ന
കണങ്കാലിന്റെ തണുപ്പ് മാത്രമുണ്ട്..!
റോഡിൽ തിരക്കുകുറഞ്ഞിട്ടും
ആ സ്കൂട്ടി
മുന്നോട്ടു പാഞ്ഞുകൊണ്ടിരുന്നു..!
വളവുകൾ സ്വയം നിവർന്നു,
ആകാശത്തിലേക്ക് പറക്കാൻ മോഹിച്ച
വഴിയോരക്കെട്ടിടങ്ങൾ
തറക്കല്ലിലേക്ക് ചിറകൊതുക്കി..!
കയറ്റത്തിൽ
എനിക്കവളെ
മറികടക്കാവുന്നതേയുള്ളൂ,
ഞാനത് ചെയ്തില്ല..
അവൾ എളുപ്പം വീടെത്തരുതേയെന്ന്
പ്രാർത്ഥിച്ചു കൊണ്ടിരുന്നു..!
ഓരോ വളവിലും
എന്റെ ശ്രദ്ധ തെറ്റിച്ച്
എതിരെ വാഹനങ്ങൾ പാഞ്ഞുവന്നു..
ഒപ്പം തെറിവിളിയും..
ആ പെൺകുട്ടിയൊന്ന്
തിരിഞ്ഞുനോക്കി.!
ചിരിച്ചുകൊണ്ട് വീണ്ടും മുന്നോട്ടു പാഞ്ഞു..!
വളവിൽ കാലുകുത്തിയില്ലെങ്കിൽ
വീഴുമെന്നവൾ
ഭയക്കുന്നുണ്ടാകും..
ഒരു ചെരിപ്പിടാതെ ഇടയ്ക്കിടെ
കാലുകുത്തുന്നതിനോട്
എനിക്ക് യോജിക്കാൻ കഴിഞ്ഞില്ല.!
കവലയിലൊരു ചെരിപ്പുകടയുണ്ട്..
അടുത്ത വളവിൽ
അവളെ മറികടക്കാൻ ഞാൻ
തീരുമാനിച്ചു..
ഫോൺ നിർത്താതെ ഒച്ചവയ്ക്കുന്നു..
“മീൻ വാങ്ങിവരാൻ,
അല്ലെങ്കിൽ ഒരു പാക്കറ്റ് പാൽ മേടിക്കാൻ
ഇത്രേം നേരമോ.?”
പതിവുപോലെ
ആ ഒരു ചോദ്യത്തിൽ
വീട്, ശക്തിയേറിയ ഒരു കാന്തം പോലെ
മനസ്സിനെ
കൊളുത്തിവലിക്കും..!
പ്രതീക്ഷിച്ചതുപോലെ അടുത്ത വളവിലും
അവൾ കാൽ പുറത്തേയ്ക്കിട്ടു..
“മൃദുരോമചാരുവാം
കണങ്കാൽ”…
ഞാൻ വേഗം കുറച്ചു..
ഇടതുവശത്തുകണ്ട വീട്ടിലേക്ക്
പൊടുന്നനെ
സ്കൂട്ടി വെട്ടിത്തിരിഞ്ഞു..
ബ്രേക്ക് കാലിലമർന്നു..!
കൊച്ചുവരാന്തയുള്ളൊരു വീട്,
മുറ്റത്ത് ചെറിയൊരു
തുളസിത്തറ..
സ്കൂട്ടി നിർത്തി,
വരാന്തയിൽ കുന്തിച്ചിരുന്ന്
എന്നെനോക്കി വശ്യമായി
ചിരിച്ചുകൊണ്ട്
തിളങ്ങുന്ന ആ പൊയ്ക്കാൽ
അവൾ ഊരിവെച്ചു..!

By ivayana

One thought on “മൃദുരോമ ചാരുവാം കണങ്കാൽ”
  1. സ്നേഹം… ഈ ചേർത്തുപിടിക്കലിന്❤️
    മധുശങ്കർ മീനാക്ഷി

Comments are closed.