രചന : അൻവർ ഷാ ഉമയനല്ലൂർ✍️
🌈
നേരം പുലർന്നെന്നുണർത്തുന്നു ശ്രീലകം
നേരിയ വെളിച്ചമോടുണരുന്നു ഗ്രാമ്യകം
നേത്രാഞ്ജനമെഴുതി വാഴ്ത്തുന്നു കോകിലം
നേര്യതണിഞ്ഞൊരുങ്ങുന്നെൻ കളത്രവും.
നൈർമ്മല്യ ഹൃദയമോടിന്നുമെൻ മുത്തശ്ശി
നാമംജപിച്ചിരിക്കുന്നൂ നവതിയിൽ
നവരമ്യ ദീപപ്രഭയാലനുദിനം
നയനസുഖമേകുന്നുഷസ്സാർന്ന ജീവിതം.
നേദിക്കുവാനുണർന്നില്ലെ,നിന്നാർദ്രകം
നേത്രോന്മീലനായ് നിൽപ്പതാ, വാനിടം
നേർവഴിയോർത്തുയർന്നീടുന്നു കൂജനം;
നേരമായെന്നുണർത്തുന്നില്ലെ സാദരം ?
നല്ലപാതിക്കുദയ സ്നേഹാർദ്ര വന്ദനം
നന്മയാക്കുന്നതാണനുപമാനന്ദകം
നാദമായറിയുന്നുദയ ഹൃദ്സ്പന്ദനം
നാദസ്വരൂപിണീ,യുണരുന്നു കാവ്യകം.
നൈർമ്മല്യ സുസ്മിതാനന്ദമാം വാനമേ,
നൈമിഷകമാണെന്നുണർത്തുന്ന സൂനമേ,
നൈസർഗ്ഗികാനന്ദമേകുമെൻ ഗ്രാമ്യതേ,
നൈഗമിക ശ്ലോകമുണർന്നെന്നപാരതേ.
നാരായ മഹിമയാലുണരില്ല കാവ്യവും;
നാരായണൻ പകർന്നേകുന്നു ചിന്തയും
നാരായണീയം കണക്കെയിന്നാർദ്രമായ്
നാരായവേരുപോൽപ്പകരുന്നുദാരകം.
നാലമ്പലംചുറ്റിയെത്തുന്നു മുകിലുകൾ
നാദാംബികേ, വണങ്ങുന്നേറെ മനസ്സുകൾ
നാരായണക്കിളിക്കൂടുപോലെളിമതൻ
നാടുണർന്നീടുന്നുണരുന്നു വീഥികൾ.
നേരമില്ലെന്നു വരുത്തുന്നു നാം വൃഥാ,
നേരറിഞ്ഞൊന്നായുണരട്ടെ നാം സദാ
നേദിച്ചു നേടുന്നതാകട്ടെ കാവ്യകം;
നേരമൊട്ടുംവൈകിയില്ലെന്നു ഗ്രാമ്യകം….
