മുറജപം കഴിഞ്ഞു മാനത്തു മടങ്ങുന്ന
രാവിൻ മാറിൽ ചായുന്ന ശാരദപൗർണ്ണമി
മറഞ്ഞൊന്ന് ഒളികണ്ണാൽ നോക്കയാലെ
ആരണ്യാന്തര നിർമ്മല ശീതളപൊയ്കയിൽ
വിടരുമാ മൃദുപങ്കജമലരിതൾ തുമ്പിൽ
ശോകാദ്രമായി വിതുമ്പി നിൽപ്പൂ ഇന്നുമാ
സുസ്മിതയാം ആശ്രമകന്യ തന്നനുരാഗം
ഒരു മാൻ പേട നിശബ്ദമായി തേങ്ങി നിന്നു
പുലർക്കാല അരുണ കിരണങ്ങളെ പുൽകി
ഉണരുംലതകളിൽ ഉതിരും തുഷാരമണികൾ
ചമതമുറിക്കുമാ കൈവിരലിൽ തിളങ്ങും
മുദ്രമോതിരക്കല്ലിൽ മിഴിനീരായി തുളുമ്പി
തേനലരുകൾ നുകരുമാ തേൻ വണ്ടുകൾ
പ്രണയ ഗാനങ്ങൾ മൂളാൻ മറന്നു മടങ്ങി
സ്വപനങ്ങൾ വിടരും മുനികുമാരി തൻ കണ്ണിൽ
മാമുനി തൻ കോപവചനങ്ങൾ നീരണിഞ്ഞു
ശാപമൊരു പെരുമീനായി മുദ്രവിഴുങ്ങീടവെ
മനസ്സിൻ്റെ ആഴിയിൽ അരചൻ്റെ സ്‌മൃതികൾ
പവിഴപ്പുറ്റുകൾക്കുള്ളിലെ ചിപ്പികളിൽമറഞ്ഞു
മുനികുമാരി തൻ ദുഃഖം മാലിനിനദിയായൊഴുകി
അരണി കടഞ്ഞൊരു പ്രണയാഗ്നി തൻ
നോവിൽ ഹൃത്തിലെ ഹോമകുണ്ഡത്തിൽ
ചമതയായെരിഞ്ഞു തീരാത്തനുരാഗമിന്നു
ദർഭമുനകളിൽ ശാകുന്തളമായുണരുന്നു

By ivayana

Leave a Reply

Your email address will not be published. Required fields are marked *