രചന : പ്രസീദ ദേവു ✍
ഓരോ ധ്യാനത്തിലും
കഴിക്കുന്നവൻ്റെ
പേരെഴുതിയ പോലെ
ഓരോ ഭക്ഷണത്തിലും
മതത്തിൻ്റെ പേരു
തിരയുന്നു ചിലർ,
സദ്യവട്ടങ്ങൾ
ഹിന്ദുവിൻ്റെയെന്ന്,
ബിരിയാണി
മുസ്ലീംമിൻ്റെയെന്ന്,
വട്ടേപ്പവും പാലപ്പവും
ക്രിസ്ത്യാനിയുടെയെന്ന്
പാടി നടന്നവർ,
വിശപ്പിന്
ദൈവമില്ലെന്ന്
വിളിച്ചു പറഞ്ഞവരെ
നീരിശ്വരവാദികളും,
മതമില്ലെന്ന് പറഞ്ഞവരെ
യുക്തിവാദികളുമാക്കി
ചിലർ,
അടുത്തിരിക്കുന്നവൻ്റെ
പാത്രത്തിൽ നിന്ന്
വാരി തിന്ന ചോറിലാണ്
ആദ്യത്തെ ജാതിക്കറ
മാഞ്ഞു പോയത്,
അമ്പലത്തിലിപ്പോളും
ആ കറ മായാതെ തന്നെ
ഊട്ടുപുരകളിൽ
കറുത്ത ചായം മുങ്ങി
കിടക്കുന്നുണ്ട്,
എന്നിട്ടാണവർ
ദൈവത്തെ വെള്ള
പൂശുന്നത്,
വിശപ്പിൻ്റെ മതം
വിശപ്പു തന്നെയാണ്,
ആരൊരാൾ വിശന്നിരുന്നാലും
നീട്ടി കൊടുക്കുന്ന
കൈകളിൽ
ആരും കാണാത്ത
ദൈവം വസിക്കുന്നു,
അരിയും കറിയും
ചോറും സാമ്പാറും
കോഴിക്കറിയും മാത്രമല്ല
വിശപ്പ്…
സ്നേഹവും
ഇഷ്ടവും
കരുതലും
പ്രണയവും
കാമവും
എല്ലാമെല്ലാം വിശപ്പാണ്
മതത്തെ കരുതി
നിങ്ങളിതെല്ലാം
വേണ്ടെന്ന് വെച്ചാൽ
മണ്ണിൽ നിങ്ങൾ
വിശന്നു കിടന്നു
കരയേണ്ടി വരും….
ഹാ…. എനിക്കു
കവിതയെഴുതാൻ
വിശക്കുന്നു…..
