തങ്കലിപിയാൽ കുറിച്ചുള്ള നാമം
തങ്കഭസ്മത്താൽ എഴുതിയ കാവ്യം
ചന്ദനത്തിൻ സുഗന്ധമാം വാക്ക്
ചന്ദ്രിക തോൽക്കുന്ന സുന്ദരനോക്ക്
സമർപ്പണത്തിൻ്റെ പാതയായ് വന്നു
സമർപ്പിച്ചിടുമ്പോൾ സങ്കടം തീർന്നു
സർലോക സൃഷ്ടാവിൻ പാതയിലേക്ക്
വഴികാട്ടിയായെന്നും മുന്നിൽ നടന്നു.
വാക്കുകൾ കൊണ്ട് ഊർജം പകർന്നു
ദുരിത ദുംഖങ്ങൾക്കാശ്വാസം തന്നു.
സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചു തന്നു
വലിയ സന്തോഷങ്ങൾ വഴിമാറി വന്നു.
തങ്കലിപിയാൽ…….
സ്വർഗ്ഗത്തിലേക്കുള്ള പാത തുറന്നു
ആശ്വാസമായങ്ങു കൂടെ നടന്നു
വിളിപ്പുറത്തുണ്ടെന്നങ്ങ് പറഞ്ഞു
വിലപിക്കുംനേരത്ത് താങ്ങായിരിന്നു
മാറ്റുവാനാകാത്ത ചട്ടങ്ങളൊക്കെയും
മാറ്റിക്കുറിച്ചങ്ങ് പാലം പണിഞ്ഞു
മാനവരാശിക്ക് മാതൃകയായി
മുന്നിൽ തിരിനാളമായങ്ങു നിന്നു.
സത്യവും മിഥ്യയും കെട്ടഴിച്ചിട്ട്
സത്യസൻമാർഗ്ഗത്തിൽ ഉത്തരം തന്നു
ആത്മവിശ്വാസങ്ങൾ ആകെ ചൊരിഞ്ഞു
ആലങ്ങൾക്കാകയും ആശ്രയം തന്നു
വിളിപ്പുറത്തെനിക്കാശ്വാസമായി
അൽഭുത സിദ്ധികൾ കാണിച്ചു തന്നു.
ആവലാതികൾക്കൊക്കെയും അറുതിയായി
മാർഗ്ഗദീപമായ് മുന്നിൽ അണഞ്ഞു.
തങ്കലിപിയാൽ………..
വേദനകൾക്കെല്ലാം ആശ്വാസമായി
കാണാമരുന്നായി മറയത്തു നിന്നു
സൃഷ്ടിതാവിൻ്റെ ദൂദരായ് വന്നു
സൃഷ്ടികൾക്കാകെയും അലിവ്പകർന്നു.
എല്ലാം മറക്കുവാനായിമൊഴിഞ്ഞു
എള്ളോളമില്ലിന്ന് കള്ളോം ചതിവും
വള്ളിക്കൊലുസുപോൽ ആടിയ ജീവിതം
വഞ്ചനയില്ലാത്ത നിർമല പാത്രമായ്.
സമാധാനത്തിൻ്റെ തൂവെള്ള രേഖ
സന്തോഷത്തിൻ്റെ സുവർണ്ണ ഗാഥ
സമർപ്പണത്തിൻ്റെ സ്വർഗ്ഗീയ പാത
സംഗീതമാകുന്ന സുന്ദര നാട.
അന്നംതേടുന്നോർക്കഭയംനൽകുക
ആശ്രയം തേടുന്നോർക്കലിവ് പകരുക
സമർപ്പിക്കുന്നിതാ ജീവനും ജീവിതോം
ആശ്രയമാകണേ ആശ്വാസമാകണേ.
തങ്കലിപിയാൽ കുറിച്ചുള്ള നാമം
തങ്കഭസ്മത്താൽ എഴുതിയ കാവ്യം
ചന്ദനത്തിൻ സുഗന്ധമാം വാക്ക്
ചന്ദ്രിക തോൽക്കുന്ന സുന്ദരനോക്ക്

By ivayana

Leave a Reply

Your email address will not be published. Required fields are marked *