രചന : യൂനസ് മണത്തല ✍️
രാജ്യം
നിന്റെ തറവാട്ടു സ്വത്തല്ല
ഭരണാധികാരീ
ഇവിടെ
മനുഷ്യന്റെ പേരിനുമുമ്പ്
അവന്റെ ജാതി അന്വേഷിക്കുന്നു
വിശ്വാസത്തിനു നിറം കൊടുത്ത്
രക്തത്തിന് അതിരു വരയ്ക്കുന്നു
വിശക്കുന്നവനോട്
നീ ദേശസ്നേഹം ചോദിക്കുന്നു
തൊഴിലില്ലാത്തവനോട്
നീ മതം ചോദിക്കുന്നു
അവന്റെ അടുപ്പിലെ തീ കെട്ടു
നിന്റെ പ്രസംഗത്തിലെ തീ കത്തുന്നു
ചരിത്രത്തിന്റെ കഴുത്തിൽ
നിന്റെ കൈകളുണ്ട്
സ്വാതന്ത്ര്യത്തിനായി തൂക്കുമരത്തിലേറിയവർ
പാഠപുസ്തകത്തിനു പുറത്താകുന്നു
കൊളോണിയൽ അധികാരത്തോട് പൊരുതിയവർ
നിന്റെ പുതിയ ചരിത്രത്തിൽ
പേരില്ലാത്തവരാകുന്നു
തെരുവിലിറങ്ങിയവൻ
രാജ്യദ്രോഹിയല്ല
അവന്റെ കൈയിലെ ഭരണഘടന
നിന്റെ അധികാരത്തെ വിറപ്പിക്കുന്നു
അവകാശം ചോദിച്ചവന്റെ നെഞ്ചിൽ
നിന്റെ നിയമത്തിന്റെ ബൂട്ടുകൾ
മുദ്ര പതിപ്പിക്കുന്നു
കോടതിയുടെ പടിയിൽ
ഒരു മനുഷ്യൻ കാത്തുനിൽക്കുന്നു
അവന്റെ കൈയിൽ അവസാനത്തെ പ്രതീക്ഷ
അകത്ത് വിധികൾ എഴുതപ്പെടുന്നു
പുറത്ത് നീതിയിലുള്ള വിശ്വാസം
ഓരോന്നായി മരിക്കുന്നു
നീതിക്ക്
ഇനി ആരുടെ ശുപാർശ വേണം?
പാർലമെന്റിന്റെ ചുമരുകൾക്കുള്ളിൽ
ജനങ്ങളുടെ ശബ്ദം തടവിലാണ്
ചോദ്യങ്ങൾ ചോദിക്കേണ്ടവർ
കസേരകൾ എണ്ണുന്നു
ഉത്തരം പറയേണ്ടവർ
ദേശസ്നേഹം പഠിപ്പിക്കുന്നു
യുവത്വത്തിന്റെ കൈകളിൽ
പുസ്തകങ്ങൾക്കു പകരം
വിദ്വേഷത്തിന്റെ തീപ്പെട്ടികൾ
അവരുടെ കണ്ണുകളിൽ
നാളെയുടെ സ്വപ്നങ്ങളല്ല
മറ്റൊരാളോടുള്ള പകയാണ്
ഇതെല്ലാം കണ്ടിട്ടും
മൗനം പാലിക്കുന്നവരേ
നിങ്ങളുടെ നിശ്ശബ്ദത
നിഷ്കളങ്കമല്ല
അത് അനീതിയുടെ
രഹസ്യ പങ്കാളിത്തമാണ്
ഓർക്കുക
ഭരണകൂടം മാറാം
പാർട്ടികൾ മാഞ്ഞുപോകാം
പക്ഷേ ഈ മണ്ണിൽ
മനുഷ്യന്റെ അവകാശം
ഒരു ഭരണാധികാരിയുടെയും ഔദാര്യമല്ല
രാജ്യം ഇപ്പോഴും ജീവിക്കുന്നു
അധികാരത്തിന്റെ പ്രസംഗങ്ങളിലല്ല
തെരുവിൽ ചോദ്യം ചോദിക്കുന്ന
ആ മനുഷ്യന്റെ ശബ്ദത്തിൽ
ഒടുവിൽ
നീ രാജ്യദ്രോഹിയെന്ന് വിളിച്ചവൻ
ഭരണഘടന നെഞ്ചോടു ചേർത്തു
നീ ദേശസ്നേഹിയെന്ന് സ്വയം വിളിച്ചവൻ
അതിന്റെ താളുകൾ കീറിക്കളഞ്ഞു
ചരിത്രം വിധിയെഴുതുമ്പോൾ
കൂട്ടിൽ നിൽക്കേണ്ടിവരുന്നത്
ആരായിരിക്കുമെന്ന്
കാലം തീരുമാനിക്കും.
—

