ചില വാക്കുകൾ
ഉച്ചരിക്കപ്പെടുന്നത്
ചുണ്ടുകളിൽ ആണെങ്കിലും
ചോര പൊടിയുന്നത്
മറ്റൊരു മനുഷ്യന്റെ ആത്മാവിലാണ് –
ശരീരത്തെ തൊടാതെ തന്നെ
ആഴങ്ങളിലേക്ക് തറച്ചിറങ്ങുന്ന
അദൃശ്യമായ മുള്ളുകൾ . . .
ചിലരുടെ ഉള്ളിൽ
പഴയ ഒരു വാചകം
ഇപ്പോഴും കാലം കറുപ്പിക്കാത്ത
മുറിവായി കിടക്കുന്നുണ്ടാകും
മറവിയുടെ മഞ്ഞു വീഴ്ചയിലും
മായാതെ നിൽക്കുന്ന
അക്ഷരങ്ങളുടെ നീലിച്ച നിറം ;
ചില പരിഹാസങ്ങൾ
പുഞ്ചിരിയുടെ പൊൻനൂലിൽ
പൊതിഞ്ഞാണ് വരുന്നത്
ആൾക്കൂട്ടം ചിരിയുടെ
തിരയിളക്കങ്ങളിൽ
സ്വയം മറന്നു പോകുമ്പോൾ
ഒരു ഹൃദയം മാത്രം
ആഴങ്ങളിലേക്ക് മുങ്ങി പോകുന്നു ;
അപമാനത്തിന്റെ
കല്ലേറുകൾക്കിടയിൽ
മൗനം പാലിക്കുന്നവരുടെ
ഉള്ളിൽ എത്ര നിലവിളികളാണ്
ശബ്ദം നഷ്ടപ്പെട്ട പക്ഷികളായി
ചിറകടിച്ചു തളരുന്നത് ,
നിശബ്ദതയെ ചിലർ
എത്ര എളുപ്പമാണ്
സമ്മതമായി വായിക്കുന്നത് ;
കാലം ചില മുറിവുകൾക്ക്
പുതിയൊരു തൊലി
നൽകുമായിരിക്കാം
എന്നാൽ ചില വാക്കുകൾ
ഓർമ്മയുടെ ഇരുണ്ട അറകളിൽ
വേരാഴ്ത്തിയ വിഷവൃക്ഷങ്ങളാണ്
ഒരു നേർത്ത കാറ്റിൽ പോലും
പഴയ വേദനയുടെ കായ്കൾ
വീണ്ടും ഉള്ളിൽ വീണുടയുന്നു ;
ചുണ്ടുകളിൽ നിന്ന്
അടർന്നു വീഴുന്ന വാക്കുകൾക്ക്
തിരികെ പറന്നെത്താൻ
ചിറകുകൾ ഇല്ല
എന്നാൽ അവയുടെ പ്രതിധ്വനികൾ
മറ്റൊരു മനുഷ്യന്റെ ഉള്ളിൽ
എത്രയോ ഋതുക്കൾ താണ്ടി
അലഞ്ഞു കൊണ്ടേയിരിക്കും ;
ഒരു വാക്കുകൊണ്ട്
തകർക്കപ്പെടുന്നത്
ആത്മവിശ്വാസം മാത്രമല്ല
ലോകത്തെ വിശ്വസിച്ചിരുന്ന
ഒരു ഹൃദയത്തിന്റെ തെളിഞ്ഞ
ആകാശം കൂടിയാണ്
അത് വീണ്ടും നീലിമ വീണ്ടെടുക്കാൻ
എത്രയോ വസന്തങ്ങൾ
കാത്തിരിക്കേണ്ടി വരും ;
അതുകൊണ്ട് വാക്കുകൾക്ക്
ചുണ്ടിൽ ജന്മം നൽകും മുമ്പ്
അവയിൽ അല്പം കരുണയുടെ
നിലാവ് കലരട്ടെ – കാരണം
ചില മനുഷ്യർ പുഞ്ചിരിച്ചുകൊണ്ട്
നടന്നു പോകുമ്പോഴും
ഉള്ളിൽ പേറുന്നത്
ആരോ എറിഞ്ഞുവിട്ട
ഒരു വാക്കിന്റെ ശാശ്വത മുറിപ്പാടായിരിക്കും . . .

ജയശ്രീ രാജേഷ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *