മിന്നിത്തിളങ്ങും ചില്ലുകൂട്ടിൽ
മോഹം നിറയ്ക്കും പലഹാരം,
ഉണ്ടയും ബോണ്ടയും ഉള്ളിവടയും,
ചെത്തിപ്പൊരിച്ച പഴംപൊരിയും
അന്തിപ്പകലും പാതിരാവിലും
റോഡോരങ്ങളിൽ തട്ടുകടകൾ,
കാണാൻ ചേലും നാവിൽ രുചിയും,
നിത്യവുമെന്നെ വിളിച്ചടുപ്പിച്ചു!
നാവിന്റെ കൊതിക്ക് പിന്നാലെ
ഞാനുമതിന്റെ അടിമയായി,
എണ്ണ പഴകിയതോർത്തില്ല,
എണ്ണമറ്റവട്ടം രുചി നുണഞ്ഞു!
മിന്നിത്തിളങ്ങും ചില്ലുകൂട്ടിൽ
മോഹം നിറയ്ക്കും പലഹാരം,
ഉണ്ടയും ബോണ്ടയും ഉള്ളിവടയും,
ചെത്തിപ്പൊരിച്ച പഴംപൊരിയും!
ഇന്നലെ കണ്ണുകൾ ചുവന്നുപോയി,
വയറിലും നെഞ്ചിലും പെരുപ്പം;
വയറുപിടിച്ച് ഞാൻ ചുരുണ്ടുകിടന്നു,
വേദനയെന്നെ വരിഞ്ഞുമുറുക്കി!
പല ഡോക്ടർമാരെ കണ്ടു ഞാൻ,
പരിശോധനകൾ പലതു കഴിഞ്ഞു;
വയറു തുറന്നൊരു പരിശോധനയിൽ
കേട്ട വാർത്ത നെഞ്ചുപിളർത്തി!
അർബുദമെന്നൊരു കറുത്ത വിഷവിത്ത്
ഉദരത്തിനുള്ളിൽ വേരുപടർത്തി;
ജീവന്റെ താളം കവർന്നെടുക്കാൻ
മരണത്തിന്റെ നിഴൽ പടർന്നു!
രുചിയുടെ പിന്നാലെ പാഞ്ഞ നാവേ,
നീ തന്നെയോ തീർത്തത് ദുരന്തം?
ചില്ലുകൂട്ടിലെ മിന്നും പലഹാരം—
ചിതയിലേക്കുള്ള വഴിവിളക്കോ?
മിന്നിത്തിളങ്ങും ചില്ലുകൂട്ടിൽ
മോഹം നിറയ്ക്കും പലഹാരം,
ഉണ്ടയും ബോണ്ടയും ഉള്ളിവടയും,
ചെത്തിപ്പൊരിച്ച പഴംപൊരിയും!

റഹീം പുഴയോരത്ത്

By ivayana

Leave a Reply

Your email address will not be published. Required fields are marked *