രചന : അബ്ദുൽകലാം ✍️
പ്രിയനേ, ഒരു രാത്രി മതി;
കാലം കടം ചോദിച്ച ഒരു പകലിന്റെ
പലിശയടച്ചുതീർക്കാൻ.
അവൾ വാതിലുകൾ തുറന്നിട്ടു.
നക്ഷത്രങ്ങൾ സാക്ഷികളായില്ല;
അവയ്ക്കും ചില രഹസ്യങ്ങളുടെ
വെളിച്ചം പേടിയായിരുന്നു.
പകലിന്റെ കൈകൾ അവളുടെ
ഉടലിൽനിന്ന് അഴിച്ചെടുത്തത്
ഉടുപുടവകളായിരുന്നില്ല,
നൂറ്റാണ്ടുകൾ കെട്ടിയ കണ്ണുകെട്ടുകളായിരുന്നു.
ഉടുപ്പുകൾ തിരിച്ചണിയുമ്പോൾ കിഴക്ക് ചോരപൊടിഞ്ഞു.
ഒരു രാത്രിയുടെ കുറ്റം പകലിന്റെ
മുഖത്ത് സൂര്യൻ തേച്ചുപിടിപ്പിച്ചു.
രാത്രി— നീ ആരുടെ ഭാര്യ?
പകലിന്റെ കിടക്കയിൽ നിനക്കൊരു പേരുണ്ട്;
ഇരുട്ടിന്റെ മുറിയിൽ മറ്റൊരു പേരും
.
പകൽ— നീ ആരുടെ ഭർത്താവ്?
വെളിച്ചത്തിൽ വിശുദ്ധൻ,
ഇരുട്ടിൽ വാതിലുകൾ മറന്നുപോകുന്ന ഒരു ജാരൻ.
സദാചാരം കുരവയിട്ടുണർന്നു.
അതിന്റെ കൈകളിൽ കല്ലുകളുണ്ടായിരുന്നു;
കണ്ണുകളിൽ കണ്ണാടികളില്ലായിരുന്നു.
അവൾ ചിരിച്ചില്ല. കരഞ്ഞതുമില്ല.
കുറ്റം ചുമത്തുന്നവരുടെ മുഖങ്ങൾക്കു
പിന്നിൽ സ്വന്തം മുഖം തിരഞ്ഞു.
അപ്പോഴേക്കും അറബിക്കടലിൽ
ഒരു സൂര്യൻ മുങ്ങിയിരുന്നു.
നാണക്കേടിന്റെ തിരകൾ അതിന്റെ ശവം കരയ്ക്കടുപ്പിച്ചില്ല.
പകൽ മരിച്ചെന്ന വാർത്ത പത്രങ്ങൾ അച്ചടിച്ചു;
രാത്രി വിധവയായെന്ന വാർത്ത ആരും എഴുതിയില്ല.
ഇപ്പോൾ, ഇരുട്ടിന്റെ അറ്റത്ത് അവൾ തനിച്ചിരിക്കുന്നു.
വെളുക്കുന്നതിനെ ഭയക്കുന്നു; ഇരുട്ടുന്നതിനെ വെറുക്കുന്നു.
അവളുടെ ഗർഭത്തിൽ ഒരു പുതിയ പുലരി ചലിക്കുന്നുണ്ടോ?
അതോ, പഴയ പകലിന്റെ മറ്റൊരു മുഖം മാത്രമോ?
അവൾക്കറിയില്ല.
അറിയുന്നത് ഒന്നുമാത്രം:
രാത്രി കഴിഞ്ഞാൽ വീണ്ടും പകലുണ്ടാകും;
പക്ഷേ, പകലിന് രാത്രിയോട്
മാപ്പു ചോദിക്കേണ്ടിവരുന്ന
ഒരു പ്രഭാതം ഇതുവരെ ഉണ്ടായിട്ടില്ല

