💙
നിന്നെ ചേർത്തുപിടിച്ച്
ചേർത്തുപിടിച്ച്
ഈ റെയിൽപ്പാളത്തിലൂടെ ഒറ്റയ്ക്ക്.!
നോക്കൂ, അറ്റുപോയ
ആരുടെയോ തല
കടിച്ചോടുന്ന ഉറുമ്പുകൾ
നമ്മെ ശ്രദ്ധിക്കുന്നുണ്ട്.!
ഞാൻ നോക്കിയിട്ട്
നിലത്ത് വീണുകിടക്കുന്ന
ഉടലുകൾക്കൊന്നും
ആ തല ചേരുന്നതല്ല.!
വിലാസമെഴുതാത്ത കത്തുകൾ പോലെ
കുറേക്കാലം ഏതെങ്കിലും
മോർച്ചറിയിൽ കാത്തുകിടന്ന്
അവ ദ്രവിച്ചുതീരും.!
രക്തമൊലിക്കുന്ന
കൈപ്പത്തികളിലൊന്നും
വിരലടയാളം ഉണ്ടായിരുന്നില്ല.!
മരിച്ചുകഴിഞ്ഞാലും
അനാഥമായ നെഞ്ചിൻ കൂട്ടിൽ
ഒരു രഹസ്യമെങ്കിലും
ബാക്കിയുണ്ടാകേണ്ടതാണ്.!
വെള്ളമില്ലാത്ത ജലാശയത്തിന്റെ
അടിത്തട്ടിലേക്കിറങ്ങാൻ പറ്റിയ
സ്കൂബാ വേഷം
കണ്ടുപിടിക്കാത്ത കാലത്തോളം
അതുകൊണ്ട് കാര്യമുണ്ടെന്ന്
തോന്നുന്നില്ല.!
ഉറക്കം മറന്ന തെരുവുകളിൽ
പോസ്റ്ററൊട്ടിക്കാൻ
വന്നവന്റെ ജാഗ്രതയോടെ
മട്ടവും കോണുമളന്ന്
ചിന്നിച്ചിതറിയ ഒരുടലിനെ
ചേർത്തുവയ്ക്കുമ്പോൾ
അയാളുടെ കണ്ണിലേക്കാണോ
ഹൃദയത്തിലേക്കാണോ നോക്കേണ്ടത്.?
മകൾ ഇന്നലെ പറയുന്നതുകേട്ടു,
ആമസോണിൽ
കണ്ണീർ മാത്രം കിട്ടാനില്ലെന്ന്.!
ഉടഞ്ഞുപോയ മാറിടം
ഇഷ്ടമല്ലെന്ന് പറഞ്ഞ
കാമുകനേക്കാൾ ആഴത്തിൽ
അവൾ വെറുക്കുന്നത്
ഈ ലോകത്തിന്റെ
ഒരിക്കലും അവസാനിക്കാത്ത
പൊട്ടിച്ചിരിയാണ്.!

By ivayana

Leave a Reply

Your email address will not be published. Required fields are marked *