ഭിത്തിയിൽ തറച്ചുവെച്ചിരി ക്കുന്ന ഫോട്ടോയിലേക്ക് അയാൾ നോക്കി.
മെല്ലെ എഴുനേറ്റു ആണിയിളക്കി അതൂരി പുറകോട്ടു തിരിച്ചു വെച്ചു.
ഇപ്പോൾ തവിട്ടു നിറമുള്ള ഫ്രെയിം മാത്രം.
അയാൾ ദീർഘശ്വാസം വിട്ടു..
ഇനി എനിക്കാമുഖം കാണേണ്ട.
ആ ചിത്രം എന്റെ ഹൃദയത്തെ ചതച്ചരയ്ക്കുന്നു.
ഈർപ്പം കെട്ടിക്കിടക്കുന്ന തേക്കാത്ത മുറിക്കുള്ളിൽ കരിയുന്ന മാംസത്തിന്റെ ഗന്ധം തങ്ങി നിൽക്കുന്നതു പോലെ.

പണിതീരാത്ത വീടിന്റെ തേക്കാത്ത തറയിൽ നനവ് തേടുന്ന ഈച്ചകൾ അവയെ ആട്ടി പായിക്കാൻ മനസ് വരുന്നില്ല. എല്ലാവരും ഉപേക്ഷിച്ചു പോയപ്പോൾ ആരും ക്ഷണിക്കാതെ പറന്നെത്തിയവരാണ്.
ഇന്നാ തിന്നോളൂ..
.ഈ വെന്തമാംസത്തെ,
കാലിലെ വൃണങ്ങൾ അവയുടെ നേരെ നീട്ടി അയാൾ പറഞ്ഞു.
പൊടിപിടിച്ചിരുന്ന തടിക്കസേരയിലിരുന്നു വീണ്ടും അയാൾ ഭിത്തിയിലേക്ക് നോക്കി.
വർഷങ്ങൾ പഴക്കമുള്ളതായത് കൊണ്ടാവും കുറെ ഭാഗങ്ങൾ ചിതലരിച്ചിരിക്കുന്നു കുറെ ശൂന്യമായ ഭാഗങ്ങൾ.
അവിടേക്ക് അയാൾ സൂക്ഷിച്ചു നോക്കി എന്തൊക്കെയോ തെളിഞ്ഞു വരുന്നു.
തിരക്കേറിയ ഒരു അമ്പല മൈതാനത്തിന്റെ ഏറ്റവും അരികിലായി കെട്ടിയിരിക്കുന്ന സ്റ്റേജ് ഉയർന്നു വരുന്ന അറിയിപ്പുകൾ
അടുത്ത ബെല്ലടിക്കുമ്പോൾ നാടകം ആരംഭിക്കും മനോഹരമായ അവതരണഗാനം.
തിരശീല ഉയരുന്നു.

അരങ്ങത്ത് താൻ നായകനായി.
പ്രേക്ഷകന്റെ ഹൃദയം നുറുക്കുന്ന അഭിനയം കൈയടികൾ.
തിരികെ വണ്ടിയിൽ വരുമ്പോൾ എല്ലാവരും ഉറക്കം പിടിച്ചു എന്നാൽ അവൾ മാത്രം ഉറങ്ങിയില്ല തന്റെ നായിക.
കുടുംബം പോറ്റാൻ വേഷങ്ങൾ കെട്ടുന്നവൾ രാത്രിയെ പകലുകളാക്കി അരങ്ങത്തകർക്കുന്നവൾ.
എത്രയോ രാത്രികളിൽ താൻ അവൾക്കു നായകനായി . അപ്പോഴെല്ലാം അവൾ പറയുമായിരുന്നു.അരങ്ങത്ത് നായകനാണെങ്കിലും രഹസ്യത്തിൽ വില്ലൻ തന്നെ.
ഓർമ്മകളുടെ പേജുകൾ ഇളംകാറ്റിൽ മറിഞ്ഞുകൊണ്ടിരുന്നു.
മികച്ച നാടകനടനുള്ള സംസ്ഥാന അവാർഡ്. നിലാവിൽ പെയ്യുന്ന നീല മഞ്ഞു പോലെ ഹൃദയമാനന്ദിച്ച നിമിഷങ്ങൾ.

നിലയ്ക്കാത്ത ഫോൺ കോളുകൾ.
ഞങ്ങളുടെ സമിതിയിലെ നാടകത്തിൽ നായകനായി വരാമോ?
പലതും നിരസിച്ചു. ഒരു വീടായിരുന്നു അപ്പോഴെല്ലാം മനസ്സിൽ.
നൂറു ചിറകുകളുള്ള മോഹങ്ങൾ..
ഇന്ന് ഒരുപാട് ദൂരത്താണ് പ്രോഗ്രാം നേരത്തെ പോകണം എന്നാലേ സമയത്തു എത്താൻ പറ്റൂ. ഡ്രൈവർ ഫോൺ ചെയ്തു.
ആടിപാടിയുള്ള യാത്ര.
പരിപാടി നടക്കുന്ന ക്ഷേത്രപരിസരത്ത് വൻ ജനാവലി.
ഗംഭീര ഘോഷയാത്ര. പെട്ടെന്ന് മൈക്കിൽ കൂടി അറിയിപ്പ്.
വെടിക്കെട്ട്‌ കഴിഞ്ഞാൽ ഉടൻ നാടകമാരംഭിക്കും.
പുരാണകഥയായതിനാൽ കൂടുതൽ മേക്കപ്പ് ഇടണം.
തിരക്ക് പിടിച്ച ഒരുക്കങ്ങൾ.

ചേട്ടാ.. ഈ മീശയൊന്നു നേരെ വെച്ചേ.. അസുരനായി അഭിനയിക്കുന്നവൻ അപേക്ഷിക്കുന്നു…
ഭയങ്കര ജനമാണ്.
സ്റ്റേജിൽ എല്ലാവരും പൊടിപൊടിക്കണം.
മേക്കപ്പ് മുറിയിൽ കലപില..
പുറത്തു വെടിക്കെട്ട്‌ തകർക്കുന്നു . മേക്കപ്പ് മുറിയുടെ മുകളിൽ എന്തോ വന്നു വീഴുന്നു.നിമിഷങ്ങൾക്കകം. ഒന്നും കാണാൻ വയ്യ മൊത്തം പുക.
എല്ലായിടത്തും കൂട്ട നിലവിളി.
പരിസരമാകെ അഗ്നി നാളങ്ങൾ.
നിന്ന് കത്തുന്ന സ്റ്റേജ്.

എപ്പോഴോ കണ്ണു തുറക്കുമ്പോൾ ഏതോ ഒരു ആശുപത്രിയിലെ വാർഡിൽ വലയ്ക്കുള്ളിൽ താൻ നഗ്നനായി കിടക്കുകയായിരുന്നു.
ചുറ്റും വെന്ത മാംസത്തിന്റെ രൂക്ഷ ഗന്ധം, ഒന്നുമറിയില്ല എത്രയോ നാളുകൾ.
സഹതാപം തോന്നിയ ആരൊക്കെയോ വീട്ടിൽ എത്തിച്ചു.
എല്ലാവരും അറപ്പോടെ നോക്കുന്നു. കിന്നാരം പറയാൻ വന്നവരൊക്കെ ദൂരെ നിന്നു നോക്കി അയ്യോ എന്ന് പറയുന്നു.
എപ്പഴും പ്രോഗ്രാമിനു പോകുമ്പോൾ നോക്കുന്ന കണ്ണാടിയിൽ വെറുതെ ഒന്നു നോക്കി.
അയ്യേ! ഇതു ഞാനല്ല….
അയാൾ ഉറക്കെ കരഞ്ഞു.
പാതി വെന്തുപോയ മുഖം,
വികൃതമായ വലതു കണ്ണു.

വേണ്ട എനിക്കിത് കാണേണ്ട മേശപ്പുറത്തിരുന്ന പേപ്പർവെയിറ്റ് കൊണ്ടു ആ കണ്ണാടി അയാൾ എറിഞ്ഞുഉടച്ചു.
ഒരിക്കൽ പോലും തന്റെ നായിക ഈ വഴി വന്നില്ല.
പുതിയ നായകനൊപ്പം അവൾ അരങ്ങു തകർക്കുന്നുണ്ടാവും.
പുറത്തു മഴയ്ക്കുള്ള ഒരുക്കം. ശക്തമായ കാറ്റിൽ ഇളകിയ ആണിയിൽ നിന്നും.
ഭിത്തിയിലെ ഫോട്ടോ താഴേക്ക് വീണു.
അയാൾ ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്നു.
ആ ഫോട്ടോയിലെ സുന്ദരമുഖം അയാളെ പരിഹസിക്കുന്നതായി തോന്നി.
നേരെത്തെ നീ ആരായിരുന്നു എന്നു ചോദിക്കുന്നപോലെ. എന്തായിരുന്നു നിന്റെ ഭാവം? ആ ഫോട്ടോയിലെ രൂപമയാളെ നോക്കി ഉറക്കെ ചിരിച്ചു.

നീ വിചാരിച്ചു ജീവിതം എന്നും ആനന്ദമായിരിക്കുമെന്ന്.
എവിടെ നിന്റെ സൗന്ദര്യം?
എവിടെ നിന്റെ അഭിനയം?
എവിടെ നിന്റെ നായിക
ഫോട്ടോയിലെ രൂപത്തെ അയാൾ കോപത്തോടെ നോക്കി.
നീ ചിരിക്കേണ്ട.
മതി നിന്റെ പരിഹാസം.

അയാൾ ഭ്രാന്തനെപ്പോലെ എഴുന്നേറ്റ് അപ്പുറത്തെ മുറിയിൽ നിന്നും ചുറ്റികയെടുത്തു .
ആ ഫോട്ടോ അയാൾകോപം തീരുംവരെ തല്ലിയുടച്ചു.
പിന്നെ വെളിയിലേക്ക് വലിച്ചെറിഞ്ഞു.
പെരുമഴയിൽ… ആ സുന്ദരരൂപം നനഞ്ഞു വികൃതമായി. മഴ
ശാന്തമായപ്പോൾ അയാൾ പുറത്തേക്കു നോക്കി തന്റെ വികൃതമായ രൂപം. അതെടുത്തു അയാൾ നെഞ്ചോട് ചേർത്തു.
ഭ്രാന്തമായ ഒരു ചിരിയോടെ പറഞ്ഞു.
ഇതോടെ ഈ രംഗം അവസാനിക്കുന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *