രചന : സുമേഷ് മാങ്കുളം ✍️
“പൂജയ്ക്ക് വെച്ച മോന്റെ പുസ്തകം കൂടി വാങ്ങിക്കോളൂ.”
രാവിലെ അമ്പലത്തിൽ പോകാൻ ഒരുങ്ങുകയായിരുന്ന കുഞ്ഞുട്ടനോട് ദമയന്തി പറഞ്ഞു.
“അവനപ്പോ അമ്പലത്തിൽ പോണില്ല്യേ?”
“ഞാനും അവനും കൂടി പാറമേൽക്കാവിൽ തൊഴുതിട്ട് വരാം.”
അത്രയും പറഞ്ഞ് ദമയന്തി അടുക്കളയിലേക്ക് പോയി.
കുഞ്ഞുട്ടൻ അമ്പലത്തിലെത്തി തൊഴുതശേഷം കമ്മിറ്റി ഓഫീസിന് മുന്നിൽ പരിചയക്കാരോടൊപ്പം വർത്തമാനം പറഞ്ഞുനിന്നു.
പുസ്തകങ്ങൾ വിതരണം ചെയ്തു തുടങ്ങാൻ എട്ടരയാകും. അതുവരെ സമയം പോണ്ടേ?
കുറച്ചുകഴിഞ്ഞപ്പോൾ പുസ്തകവിതരണം തുടങ്ങിയപ്പോൾ കുഞ്ഞുട്ടൻ സരസ്വതീമണ്ഡപത്തിന് മുന്നിലേക്ക് ചെന്നു.
ക്ഷേത്രം ഉപദേശകസമിതിയിലെ ഒരാൾ മൈക്കിലൂടെ പേരുകൾ വിളിച്ചുപറഞ്ഞ് പുസ്തകക്കെട്ടുകൾ വിതരണം ചെയ്യുന്നുണ്ട്
“കുട്ടിരാമൻ, s/o കുഞ്ഞുട്ടൻ.”
പേര് കേട്ടതും കുഞ്ഞുട്ടൻ മുന്നോട്ടുചെന്ന് പുസ്തകക്കെട്ട് വാങ്ങി. പൂജാരിക്ക് ദക്ഷിണയും നൽകി, അമ്പലത്തിന് ഒരു പ്രദക്ഷിണം കൂടി വെച്ച് പുറത്തേക്കിറങ്ങി.
സ്കൂട്ടർ സ്റ്റാർട്ട് ചെയ്തപ്പോഴാണ് മൈക്കിലൂടെ അടുത്ത വിളി കേട്ടത്.
“കുഞ്ഞുട്ടൻ, എസ്/ഒ കുഞ്ഞിരാമൻ.”
കുഞ്ഞുട്ടൻ ഒന്ന് ഞെട്ടി.
എന്റെ പേരിൽ വേറൊരാളോ? ആരാണ്ടാ അത്?
ആളെ ഒന്നു കാണണമല്ലോ!
സ്കൂട്ടർ ഓഫാക്കി അയാൾ വീണ്ടും അമ്പലത്തിലേക്ക് നടക്കുമ്പോ .
മൈക്കിൽ വീണ്ടും വിളിച്ചുപറയുകയാണ്.
“കുഞ്ഞുട്ടൻ, s/o കുഞ്ഞിരാമൻ…”
പിന്നാലെ മൈക്ക് കൈകാര്യം ചെയ്യുന്നയാളുടെ ആത്മഗതവും പുറത്തുവന്നു.
“എത്ര കൊല്ലായി ഈ പുസ്തകക്കെട്ട് ഇവിടെ! എല്ലാ കൊല്ലവും വിളിച്ചുപറയലല്ലാതെ വേറൊന്നുമില്ല. ആള് ഇന്നേവരെ പുസ്തകം കൈപ്പറ്റിയിട്ടില്ല. പുസ്തകമില്ലാണ്ട് ഇയാൾ എങ്ങനെയാണാവോ പഠിച്ചിരുന്നത്?”
മൈക്ക് ഓഫ് ചെയ്യാൻ മറന്നതുകൊണ്ട് അയാളുടെ ആത്മഗതം സ്പീക്കറിലൂടെ അമ്പലമുറ്റം മുഴുവൻ മുഴങ്ങി.
അത് കേട്ടതും കുഞ്ഞുട്ടന്റെ മനസ്സ് വർഷങ്ങൾ പിന്നിലേക്ക് പോയി.ഒരു നിമിഷം അയാൾ പഴയ സരസ്വതീവിലാസം സ്കൂളിലെ വിദ്യാർത്ഥിയായി.
അന്ന് ഏഴിലോ എട്ടിലോ ആണ് പഠിക്കുന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് എല്ലാ വിഷയങ്ങളുടെയും ഉത്തരക്കടലാസുകൾ കിട്ടിയിരുന്നു. കിട്ടിയ മാർക്കുകളെല്ലാം കൂട്ടിയാലും രണ്ടക്കം തികയില്ല!
അതുകൊണ്ട് വീട്ടിൽ വിവരമറിയിക്കാതെ ഉത്തരക്കടലാസുകളെല്ലാം ബാഗിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു.
Aa സമയത്താണ് കൂട്ടുകാരനായ ശോഭനൻ വായിക്കാൻ ഒരു മുത്തുച്ചിപ്പി കൊടുത്തത്. കുറേ കെഞ്ചി ചോദിച്ചിട്ടാണ് അവൻ തന്നത്.
വായിച്ചുകഴിഞ്ഞ് തിരിച്ചുകൊടുത്തപ്പോൾ അവൻ പറഞ്ഞു:
“നീ എടുത്തോ. എനിക്ക് വേണ്ടാ.”
അവന്റെ ബാഗിൽനിന്ന് അതുപോലത്തെ വേറെ രണ്ട് പുസ്തകങ്ങൾ വീട്ടുകാർ പിടിച്ചത്രേ!
വായിച്ച് വായിച്ച് അതിലെ കഥകൾ എല്ലാം തനിക്ക് മണപ്പാഠമായിരുന്നു അന്ന്.
വിജയദശമിക്ക് പുസ്തകങ്ങൾ പൂജയ്ക്കുവെക്കാൻ പൊതിയുന്ന സമയത്താണ് ബാഗിൽനിന്ന് മുത്തുച്ചിപ്പി താഴെ വീണത്.
“കുഞ്ഞുട്ടാ, പുസ്തകം പൊതിഞ്ഞു കഴിഞ്ഞില്ലേ”
അമ്മയുടെ ശബ്ദം കേട്ട് ഒന്ന് ഞെട്ടി. അമ്മ കാണുന്നതിന് മുമ്പ് വേഗം കുനിഞ്ഞ് മുത്തുച്ചിപ്പി എടുത്തുമാറ്റി.
അക്കൊല്ലം താൻ രണ്ട് പുസ്തക്കെട്ടുകളാണ് പൂജയ്ക്കുവെച്ചത്.
ഒന്നിൽ പാഠപുസ്തകങ്ങൾ, അത് വീടിനടുത്തുള്ള അമ്പലത്തിൽ കൊണ്ട് വെച്ചു. .
രണ്ടാമത്തെ കെട്ടിൽ പരീക്ഷയുടെ ഉത്തരക്കടലാസുകളും മുത്തുച്ചിപ്പിയും രണ്ട് പഴയ പുസ്തകങ്ങളും വെച്ച് പൊതിഞ്ഞ് കുറച്ചകലെയുള്ള മറ്റൊരു അമ്പലത്തിലും പൂജയ്ക്കുവെച്ചു.
അങ്ങനെ മുത്തുച്ചിപ്പി പൂജയ്ക്കുവെച്ച ആ പുസ്തക്കെട്ടാണ് ആ കൊല്ലം മുതൽ എല്ലാ വർഷവും ഈ അമ്പലത്തിൽ വിളിച്ചുപറയുന്നത്!
കാലം ഒന്നിനും കണക്ക് പറയാതെ കടന്നുപോകില്ല. അതോണ്ടല്ലേ
കൂട്ടുകാരെല്ലാം ഈ അമ്പലത്തിലാണ് പുസ്തകം പൂജയ്ക്കുവെക്കുന്നതെന്ന് പറഞ്ഞ് കുട്ടിരാമൻ ഇക്കൊല്ലം ഇവിടെ പുസ്തകം വെച്ചതും കാലം തന്നെ ഇവിടെ കൊണ്ട് വന്ന് നിർത്തിയതും.
ഇന്നിപ്പോൾ ഈ കഥ പറഞ്ഞാൽ അത് അങ്ങിനെ ചെയ്യാർന്നില്ല്യേ? ഇങ്ങനെ ചെയ്യാർന്നില്ല്യേ? എന്നൊക്കെ നൂറ് അഭിപ്രായങ്ങൾ ഉണ്ടാകും. പക്ഷെ അന്നത്തെ ആ എട്ടാം ക്ലാസുകാരന് ഇങ്ങനെ ആണ് തോന്നിയത്.
കുഞ്ഞുട്ടൻ മനസ്സിൽ ചിരിച്ചു.
വിദ്യാരംഭദിവസം തന്റെ പേര് വിളിച്ചുപറയുന്നത് ഇനിയും തുടരട്ടെ.
ഒരുപക്ഷേ, നാളെ അതൊരു ആചാരമായി മാറിയേക്കാം!
ആചാരമാകട്ടെ…
കുഞ്ഞുട്ടൻ വീണ്ടും സ്കൂട്ടർ സ്റ്റാർട്ടാക്കി.

