രചന : രജിത. എൻ.കെ✍️
പോകേണം അവൾക്ക്
ഈ പഴകിയ വാസഗൃഹത്തിൽ നിന്നും…
ചിതലു തിന്നു മാറാല
കെട്ടി തകർന്ന വസതിയിൽ നിന്നും..
മേൽക്കൂര തകർന്ന
അതിൽ പൊട്ടിപ്പൊളിഞ്ഞ
നിഴലുകൾ മാത്രം..
തകർന്ന ചിന്തകളിൽ
ഏതോ ചെടിയുടെ
വേരുകൾ മുളച്ച്
പൊന്തുന്നുണ്ട്..
അടർന്നു വീണ
ചുമരിലെ അക്ഷരങ്ങൾ
ഗതകാല ഓർമ്മകളിലെ
കൊലുസിൻ ചിരി കേട്ടു..
ചിത്രശലഭത്തിന്റെ
അഴകിൽ നൃത്തം ചവിട്ടിയ പൂമുഖവും
പൊന്നൂഞ്ഞാലാടിയ
കാഞ്ചീപുര കാലവും..
പോകേണമവൾക്ക്
മന്ദാരപ്പൂവിന്റെ
സാന്ത്വനമറിഞ്ഞ
തിരുമുറ്റവും ഉപേക്ഷിച്ച്…:
.
കാത്തിരിപ്പാണ്
ഏറെ നാളായി..
കൊണ്ടുപോകുവാൻ
വരുന്ന ആളിനെയും
കാത്ത്…
ആ വഴിയോരത്ത്
പൂവാംകുറുന്നിലയോട് യാത്രാമൊഴി യോതി…
കൊണ്ടുപോകില്ല
പ്രിയമാർന്നതൊന്നും.
എങ്കിലും കൊണ്ടുപോകണം
നനവാർന്ന സുഗന്ധമുള്ള
പവിഴമല്ലി ഇതളുകൾ
പോകേണം അവൾക്ക്
മുറിവിൽ നിന്നും..
ഈ നടന്നുത്തീർത്ത വഴികളിൽ നിന്നും
ഇനിയും വൈകുന്നതെന്തെന്ന്
പനിമലരിനോട്
പരിഭവമോതി..

