രചന : എൻ.കെ.അജിത്ത് ആനാരി ✍️
എന്തൊക്കെയോ എനിക്കോതുവാനിന്നുമേ
ചന്തമേ നിന്നോട് ബാക്കി
നിന്നെക്കിനാവിൻ്റെ വാടിയിൽ
കാണുന്നതിന്നിപ്പൊഴെൻ്റെ വിനോദം
കണ്ണിൽത്തിളങ്ങും കുസൃതിയാലെൻ്റെയീ
ഉള്ളിൽ നീ കോറുന്നു നിത്യം
ആരും ശ്രമിക്കുകിൽ മായ്ച്ചിടാനാവാത്ത
നീളൻ ഗുഹാചിത്രഭാഷ്യം!
നീളെപ്പടർന്നോരു വല്ലിയിൽപ്പൂക്കുന്ന
സൂര്യമുല്ലയ്ക്കു സമാനം
രാഗപ്രഭചൊരിഞ്ഞെന്നും വിളങ്ങുന്ന
ചേതോഹരാംഗി നീയെന്നും
ഊറിക്കുടിക്കുന്ന ചുണ്ടുമായെത്തുന്ന
സൂചിക്കുരുവിയെപ്പോലെ
നോവാതെ നിൻമധുവെന്നും മുകർന്നിടാൻ
തീരാത്തൊരായാശയുണ്ടുള്ളിൽ
മുഗ്ദ്ധം, വിചാരക്കടൽത്തിരയ്ക്കൊത്തു നീ
ചിത്തത്തിലാറാടി നില്ക്കേ
കത്തുന്നയുഷ്ണത്തിനൂഷ്മാവളക്കുവാൻ
സത്യത്തിലാർക്കെളുതാകും?
നിന്നോടു ചൊല്ലാതെയെന്നും കൊളുത്തുന്ന
നല്ലോരു പ്രേമച്ചെരാതിൻ
മിന്നുന്നദീപ്തിയാണുള്ളിൻ്റെ
കോവിലിലെന്നാത്മഹർഷവും നീയേ
ചൊല്ലില്ലിതെങ്കിലും നിന്നോടൊരി
ക്കലുമുളളിൻ്റെയുള്ളിലെ പൂവേ
എള്ളോളവും ചോർന്നുപോകാതെ
കാക്കണം നിന്നോടെനിക്കുള്ള പ്രേമം!
