രചന : നടരാജൻ ബോണക്കാട് ✍️
ജപ്തി നോട്ടീസ് വരുമെന്ന ഭയത്തിൽ അവർ
ജീവിതരീതി മാറ്റി കുറെ കാശുണ്ടാക്കാൻ ശ്രമം
തുടങ്ങി. പലിശയെങ്കിലും കുറച്ച് അടച്ചില്ലെങ്കിൽ കുഴപ്പമാകും..
അതിന്റെ ഭാഗമായി കുട്ടികൾക്ക്
മാത്രം ഭക്ഷണം കൊടുക്കുകയും അവർ ഭക്ഷണം
ഏതാണ്ട് ഉപേക്ഷിക്കാൻ തീരുമാനിക്കുകയും
ചെയ്തു.
ചമ്പാവരിച്ചോറ് വാർത്ത കഞ്ഞിവെള്ളത്തിൽ
ലേശം മിച്ചം വന്ന കറിയും ചേർത്ത് അവരുടെ
ബ്രേക്ക്ഫാസ്റ്റ്.
ജീരകവെള്ളവുമായി അല്പസമയഇരിപ്പുജോലി
ക്ക് ശേഷം അയാൾ തിരിച്ചുവന്ന് കുളിച്ച്, കുറേ
വെള്ളം, ഒരുപക്ഷേ നാരങ്ങാവെള്ളം കുടിച്ച്
ബെഡ്ഡിൽ കയറികിടക്കും.
അവളും വന്നു കിടക്കും.
ചിലപ്പോൾ അവൾ ചോദിക്കും:
എത്ര നാൾ ഇങ്ങനെ?
അയാൾ ചിരിക്കും:
ഭക്ഷണത്തിന്റെ കാര്യമാണോ?
മരിച്ചവർ ഭക്ഷണം കഴിക്കാറുണ്ടോ, നമുക്ക്
മരിച്ചതുപോലെ കിടക്കാം.
(കുട്ടികൾക്ക് രാത്രിയിലേക്ക് ബ്രെഡ് വാങ്ങിയിട്ടില്ല,
ഓർമ്മിപ്പിക്കണേ..)
അവർ മരിച്ചതുപോലെ അനങ്ങാതെ കിടന്നു.
അയാൾ വിചാരിച്ചു:
ഒരുപക്ഷേ ഇത് ഒരു റിഹേഴ്സൽ തന്നെ.
