രചന : ഫാത്തിമാബീവി ✍️
ഒന്ന് നോക്കിയാൽ കേരളത്തിൽ പെണ്ണുങ്ങൾക്ക് ഒരു കുറവുമില്ല. കുറവുള്ളത് നിങ്ങൾ തിരയുന്ന കണക്കിലാണ്. നിങ്ങൾക്ക് ഇപ്പോഴും വേണ്ടത് ഇരുപത്തിരണ്ട് വയസ്സുള്ള, നല്ല നിറമുള്ള, അടങ്ങി ഒതുങ്ങി നിൽക്കുന്ന, ജോലിക്ക് പോകാത്ത പക്ഷെ ഡിഗ്രിയുള്ള ഒരു പെണ്ണിനെയാണ്. നിങ്ങൾക്ക് മുപ്പത്തിരണ്ട് വയസ്സായി, ജോലിക്ക് വലിയ ഉറപ്പില്ല, വീട് പകുതി പണി തീർന്നിട്ടേ ഉള്ളൂ, പക്ഷെ പെണ്ണിന് ഒരു കുറവും പാടില്ല. ഈ കണക്ക് എങ്ങനെ ചേരും? ഞങ്ങളുടെ പെൺകുട്ടികൾ നിങ്ങളേക്കാൾ നന്നായി പഠിച്ചു. പിഎസ്‌സി എഴുതി, നേഴ്‌സായി ജർമ്മനിയിൽ പോയി, സ്വന്തം കാലിൽ നിന്നു. ഇനി അവൾക്ക് കല്യാണം എന്ന് പറയുമ്പോൾ വേണ്ടത് വീട്ടിൽ കൊണ്ടുവന്നിരുത്താനുള്ള ഒരു പാവയെ അല്ല, കൂടെ നിൽക്കുന്ന ഒരു പാർട്ണറെ ആണ്. അവൾ ജോലിക്ക് പോകും, അവളുടെ ശമ്പളം അവളുടെ അക്കൗണ്ടിൽ ഇരിക്കും, രാത്രി കുഞ്ഞ് കരഞ്ഞാൽ നിങ്ങളും എഴുന്നേൽക്കണം, അവളുടെ അച്ഛനെയും അമ്മയെയും നോക്കേണ്ടത് അവളുടെ ഉത്തരവാദിത്തമാണ് എന്ന് പറയും. ഇത് കേൾക്കുമ്പോൾ നിങ്ങളിൽ പലർക്കും ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ടാണ് ആലോചനകൾ മുടങ്ങുന്നത്. പെണ്ണിന് ക്ഷാമം കൊണ്ടല്ല, നിങ്ങളുടെ ഫിൽട്ടറിന്റെ ക്ഷാമം കൊണ്ടാണ്.
പക്ഷെ ഇതിന്റെ മറുവശംകൂടി നിങ്ങൾ കേൾക്കണം, അതാണ് കൂടുതൽ പ്രധാനം. ഇന്ന് കേരളത്തിലെ ഒരു പെൺകുട്ടിക്ക് കല്യാണം എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാണ്. അത് നിങ്ങൾ ഉണ്ടാക്കിയ പേടിയാണ്. ഞങ്ങൾ ദിവസവും കാണുന്ന വാർത്ത എന്താണ്? സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയവൾ, ഭർത്താവ് തല്ലിക്കൊന്നവൾ, പ്രസവം കഴിഞ്ഞ് മൂന്നാം നാൾ അടുക്കളയിൽ കയറാത്തതിന് ചീത്ത കേട്ടവൾ. നിങ്ങൾ കരയുന്നു പെണ്ണ് കിട്ടാനില്ല എന്ന്, ഞങ്ങൾ കരയുന്നു കെട്ടിയിട്ട് ജീവൻ കിട്ടുമോ എന്ന്. ഒരു പെൺകുട്ടി മുപ്പത് വയസ്സ് വരെ കാത്തിരിക്കുന്നത് ആരെയും കിട്ടാത്തതുകൊണ്ടല്ല, ഒരു തെറ്റായ കല്യാണം കഴിഞ്ഞാൽ അവളുടെ പഠനവും ജോലിയും സ്വപ്നവും എല്ലാം തീരും എന്ന് അവൾക്ക് അറിയാവുന്നത് കൊണ്ടാണ്. അതിലും ഭേദം കല്യാണം വേണ്ട എന്ന് വെക്കുന്നതാണ്.
എന്നാൽ തെറ്റ് മുഴുവൻ ആണുങ്ങളുടെ ഭാഗത്ത് മാത്രമല്ല, അത് പറയാതെ ഈ കാര്യം പൂർണ്ണമാകില്ല. പെൺവീട്ടുകാരുടെ ഭാഗത്തും തെറ്റുണ്ട്. പെൺകുട്ടിക്ക് അറുപതിനായിരം ശമ്പളമുണ്ടെങ്കിൽ ചെക്കന് ഒരു ലക്ഷം വേണം, വീട് വേണം, കാർ വേണം, വിദേശത്താണെങ്കിൽ കൂടുതൽ നല്ലത് എന്ന ചിന്ത. മുപ്പത് വയസ്സുള്ള നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള ഒരു പയ്യനെ ഇനിയും സെറ്റിൽ ആയിട്ടില്ല എന്ന് പറഞ്ഞ് ഒഴിവാക്കി, മുപ്പത്തിയെട്ട് വയസ്സുള്ള, ഡിവോഴ്സ് കഴിഞ്ഞ, പക്ഷെ ദുബായിൽ ജോലിയുള്ള ഒരാളെ സെറ്റിൽഡ് ആണ് എന്ന് പറഞ്ഞ് സമ്മതിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇവിടെ നോക്കുന്നത് കുട്ടിയുടെ സുരക്ഷയല്ല, കുടുംബത്തിന്റെ സ്റ്റാറ്റസാണ്. സ്ത്രീധനം വേണ്ടെന്ന് പറയുമ്പോഴും ചെക്കന് എത്ര സെന്റുണ്ട്, വീട് ആരുടെ പേരിലാണ് എന്ന് ചോദിക്കുന്നത് സ്ത്രീധനത്തിന്റെ മറുവശമാണ്. അതുപോലെ ചില പെൺകുട്ടികൾ തന്നെ എല്ലാ ആണുങ്ങളും മോശമാണെന്ന മുൻവിധിയിൽ നല്ല ആലോചനകൾ പോലും ഒഴിവാക്കും. ഇനിയും സമയമുണ്ട് എന്ന് പറഞ്ഞ് ഇരുപത്തിയഞ്ച് മുതൽ മുപ്പത്തിരണ്ട് വരെ വരുന്ന നല്ല പ്രായം കളഞ്ഞിട്ട് പിന്നീട് നല്ല ആലോചന വരുന്നില്ല എന്ന് പറയും. പിന്നെ ചില വീടുകളിൽ കല്യാണം മുടങ്ങുന്നത് അമ്മമാരുടെ അമിത ഇടപെടൽ കൊണ്ടാണ്. എന്റെ മോളെ ഞാൻ ഇങ്ങനെയല്ല വളർത്തിയത്, അവൾ അടുക്കളയിൽ കയറില്ല എന്ന് ആദ്യ ആഴ്ച തന്നെ പറഞ്ഞാൽ അവിടെ ഒരു കുടുംബം എങ്ങനെ ഉണ്ടാകും. സ്വതന്ത്രയായി വളർത്തണം, പക്ഷെ കുടുംബമായി ജീവിക്കാനും പഠിപ്പിക്കണം. പാചകം, വീട്ടുജോലികൾ എന്നത് life skill ആണ്. അത് ആണും, പെണ്ണും അറിഞ്ഞിരിക്കണം.
അതുകൊണ്ട് പ്രശ്നം പെണ്ണില്ലാത്തതല്ല. പ്രശ്നം രണ്ട് കൂട്ടരും ആളാകാത്തതാണ്. നല്ല ആണുങ്ങൾ കേരളത്തിൽ തന്നെയുണ്ട്, പെണ്ണിനെ ജോലിക്ക് വിടുന്ന, അവളുടെ ശമ്പളം അവളുടേത് തന്നെ എന്ന് പറയുന്ന, വീട്ടുജോലികൾ പങ്കിടുന്ന ആണുങ്ങൾ..
അവർക്ക് പെണ്ണ് കിട്ടുന്നുമുണ്ട്. പക്ഷെ നല്ല ആണുങ്ങൾ പോലും കല്യാണ മാർക്കറ്റിൽ വരുമ്പോൾ മിണ്ടാതെ നിൽക്കും, സ്ത്രീധനം വേണ്ടെന്ന് ഉറക്കെ പറയാൻ മടിക്കും. ഈ കല്യാണ വ്യവസ്ഥിതി നിങ്ങളെയും തളർത്തുന്നുണ്ട്, മുപ്പത്തിയഞ്ച് വയസ്സായിട്ടും വീട്ടിൽ നിന്ന് ഇനി എപ്പോഴാ എന്ന ചോദ്യം കേട്ട് തളർന്നിരിക്കുന്ന നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും. പരിഹാരം പുറത്തുനിന്ന് പെണ്ണിനെ കൊണ്ടുവരുന്നതല്ല. പരിഹാരം ഇവിടെ തന്നെയുണ്ട്. പെണ്ണിനോട് ജോലി എന്തായി എന്ന് ചോദിക്കൂ, ജാതകം എന്തായി എന്നല്ല. സ്ത്രീധനം വേണ്ടെന്ന് നിങ്ങൾ ആദ്യം നിങ്ങളുടെ വീട്ടുകാരോട് പറയൂ. കല്യാണം ഒരു ബന്ധനമല്ല, ഒരു സൗഹൃദമാണെന്ന് പഠിക്കൂ. പെൺവീട്ടുകാർ ചെക്കന്റെ സ്വത്ത് നോക്കുന്നതിനേക്കാൾ കൂടുതൽ അവന്റെ സ്വഭാവം നോക്കൂ. അന്ന് കേരളത്തിൽ പെണ്ണ് കിട്ടാനില്ലെന്ന കരച്ചിൽ നിൽക്കും, പകരം നല്ല ബന്ധങ്ങൾ ഉണ്ടാകും.
