ചക്രവാളത്തിനുമപ്പുറം ഞാനെൻ്റെ
വ്യർത്ഥമോഹങ്ങൾ വരച്ചുവെച്ചു
പോകാൻ മറന്ന വഴികളിലാകെയും
പൂംകിനാ പെയ്യുകയായിരിന്നു.
പച്ചനിറമുള്ള കൊച്ചു തൂവാലയിൽ
തുന്നി ഞാനെന്നിലെ ദുംഖമെല്ലാം
ഇത്തിരിനേരം തനിച്ചിരുന്നാൽതീരും
ഒത്തിരി കാര്യങ്ങളെന്ന പോലെ.
പട്ടുടുത്തെത്തിയ പൂനിലാവെ
നിൻ്റെ തൊട്ടു തലോടലിനെന്തു സുഖം
നർത്തനമാടി കഴിഞ്ഞൊരാ മലരുകൾ
ഉത്തരമില്ലാത്ത മണ്ണിൻ ചെരാതുകൾ.
പത്തരമാറ്റുള്ള തങ്കത്തിനപ്പുറം
പട്ടുനൂൽ കൊണ്ടു മെനഞ്ഞതാണാമനം
എത്രയോ കാലം കൊതിച്ചതാ സാന്ത്വനം
അത്രമേലിഷ്ടമാണെന്നുമെന്നോമലേ.
വക്രതയില്ലാത്ത ലോകമീ കൈകളിൽ
വെച്ചു കൊടുത്തിട്ട് കാലം കടന്നു പോയ്
വിക്രിയ കൊണ്ടു തകർത്തു നാം നമ്മിലെ
സത്യമല്ലാത്ത വ്യവസ്ഥിതിയൊക്കെയും.
ബന്ധങ്ങളിലേക്കുള്ളൊരാ യാത്രകൾ
ബന്തനമായി മാറരുതെന്നുമേ
സത്യങ്ങളിലേക്കുള്ളൊരാ യാത്രകൾ
അസത്യത്തിൻ്റേതാകരുതെന്നുമേ.
ഇനിയില്ല ചൊല്ലുവാൻ കാര്യങ്ങളൊന്നുമേ
ഇതിഹാസം പോലും മറഞ്ഞിടും നിത്യവും
ഇനിയില്ല കാണുവാനാത്ത നിഴലുകൾ
ഇവിടില്ല കേൾക്കുവാനാകാത്ത പകലുകൾ.
മതിവരുവോളം നീ ഓടണം നിന്നിലെ
മനസിൻ്റെ ദാഹം ശമിക്കും വരേക്കിലും
മതിവരുവോളം നീ കാണണം കാഴ്ചകൾ
മണ്ണിൽ ലയിക്കുന്ന മാത്ര വരേക്കിലും.

ഷാനവാസ് അമ്പാട്ട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *