ശതവർഷധ്യാനഗംഭീരമായൊരു വനസ്പതി നിന്നു,
മണ്ണിലൊരു മൃദുലവള്ളി ഹരിതാംഗുലി നീട്ടി.
അനുവാദമാരാഞ്ഞില്ല, തനുവിൽ മെല്ലെ ചുറ്റിപ്പുണർന്നു;
അഭയമെന്നുരിയാടാതെ വൃക്ഷം നിശ്ചലം നിന്നു.
വള്ളിക്കാ കാഠിന്യമൊരു സ്നേഹസോപാനമായി,
വൃക്ഷത്തിൻ പഴയ മുറിവുകൾ ആരോഹണപടികളായി.
ആ പുണർപ്പിൽ ചിലപ്പോൾ വേദന, ചിലപ്പോൾ വാത്സല്യം;
എങ്കിലും തൻ ശാഖകളിൽ മറ്റൊരു ജീവനെ താങ്ങി.
വള്ളിക്കോരോ ചുറ്റിലും ആകാശത്തിന്റെ ആനന്ദം,
മരത്തിനോരോ ചുറ്റിലും മൗനസഹനത്തിൻ ഗാംഭീര്യം.
ആദ്യകുസുമം വിടർന്നപ്പോൾ വനമാകെ സൗരഭ്യമണിഞ്ഞു,
തന്നിലല്ലാത്ത വസന്തം വൃക്ഷം തൻ മാറിലണിഞ്ഞു.
മധുരഫലങ്ങൾ കനത്തപ്പോൾ വള്ളിക്കതു സമൃദ്ധി,
ശാഖകൾ കുനിഞ്ഞപ്പോൾ മരത്തിനതു നിശ്ശബ്ദഭാരം.
പുഷ്പങ്ങൾ വള്ളിയുടേതെന്നു ലോകം വാഴ്ത്തിയപ്പോൾ,
അവ വിരിയുവാൻ താനായ ഉയരം വൃക്ഷം മറന്നുനിന്നു.
ഒരുനാൾ കൊടുങ്കാറ്റിൽ വനസ്പതിയൊന്നു നടുങ്ങി,
ചുറ്റിപ്പുണർന്ന വള്ളി ഭീതിയോടെ താഴോട്ടു നോക്കി.
താൻ തൊട്ട ആകാശത്തിനു വേരുകളില്ലെന്നവളറിഞ്ഞു;
തൻ വേരുകൾ തനിക്കുമാത്രമല്ലെന്നു വൃക്ഷവുമറിഞ്ഞു.
അന്നാദ്യമായി വള്ളിയുടെ പുണർപ്പിൽ പ്രാർത്ഥനയുണർന്നു,
വൃക്ഷത്തിന്റെ നിശ്ശബ്ദതയിൽ കരുണയ്ക്കു കനിവേറി;
ഒന്നു മറ്റൊന്നിലേക്കല്ല, രണ്ടും ജീവിതത്തിലേക്കു പടർന്നു—
ആശ്രയമെന്നാൽ സ്വന്തം ഉയരത്തിൽ മറ്റൊരു ജീവൻ പൂക്കലത്രേ!

ശ്രീകുമാർ കൈമുക്ക്

By ivayana

Leave a Reply

Your email address will not be published. Required fields are marked *