വല്ലാതെ തളർന്നിരിക്കുമ്പോൾ പ്രിയപ്പെട്ടൊരാൾ ഒന്ന് ചേർത്തുപിടിച്ചാൽ, മനസ്സിലെ ഭാരമെല്ലാം ഇറക്കിവെക്കാൻ അത് മതി.
പുണരുമ്പോൾ ശരീരത്തിൽ ഓക്സിടോസിൻ പോലുള്ള ഹോർമോണുകൾ ഉണ്ടാകുകയും, മാനസിക സമ്മർദ്ദവും രക്തസമ്മർദ്ദവും കുറഞ്ഞ് ഉള്ളിലൊരു പുതിയ ഉന്മേഷം നിറയുകയും ചെയ്യാറുണ്ട്.
എന്നാൽ ഇങ്ങനെ തൊട്ടുരുമ്മി നിൽക്കുമ്പോഴും ചേർത്തുപിടിക്കുമ്പോഴും കൈമാറ്റം ചെയ്യപ്പെടുന്ന ഈ അതിജീവനത്തിന്റെ കരുത്ത് മനുഷ്യരിൽ മാത്രമല്ല, പവിഴപ്പുറ്റുകളിലും പ്രവർത്തിക്കുന്നുണ്ടെന്ന കൗതുകകരമായ ഒരു വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കടുത്ത ചൂടേറ്റ് മരണവക്കിലെത്തിയ പവിഴപ്പുറ്റുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തൊട്ടടുത്തുള്ള ആരോഗ്യമുള്ള പവിഴപ്പുറ്റുകളുടെ ഒരൊറ്റ സ്പർശനത്തിന് കഴിയുമെന്നാണ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

കടൽവെള്ളത്തിന്റെ ചൂട് ക്രമാതീതമായി ഉയരുമ്പോൾ പവിഴപ്പുറ്റുകൾ നേരിടുന്ന വലിയ ദുരന്തമാണ് കോറൽ ബ്ലീച്ചിങ് (Coral bleaching). പവിഴപ്പുറ്റുകൾക്ക് അവയുടെ മനോഹരമായ നിറവും പ്രകാശസംശ്ലേഷണത്തിലൂടെ ജീവിക്കാനുള്ള ഭൂരിഭാഗം ഊർജ്ജവും നൽകുന്നത് അവയുടെ കലകളിൽ വസിക്കുന്ന സിംബയോഡിനിയേസി (Symbiodiniaceae) വിഭാഗത്തിലെ ചെറിയ ആൽഗകളാണ്.വെള്ളം ചൂടാകുന്നതോടെ ഈ ബന്ധം തകരുകയും പവിഴപ്പുറ്റുകൾ ഈ ആൽഗകളെ പുറന്തള്ളുകയും ചെയ്യുന്നു. ഇതോടെ തൂവെള്ള നിറമുള്ള അസ്ഥികൂടങ്ങൾ പോലെയായി മാറുന്ന പവിഴപ്പുറ്റുകൾ പട്ടിണിയിലാവുകയും, പുറമെ പായലുകൾ പടർന്നുകയറി നശിച്ചുപോവുകയും ചെയ്യും.

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ലോകത്തിലെ പവിഴപ്പുറ്റുകളുടെ പത്ത് ശതമാനത്തോളം ഇങ്ങനെ ഇല്ലാതായതായി പഠനങ്ങൾ പറയുന്നു.. 2023-2024 കാലഘട്ടത്തിൽ മാത്രം ഒൻപത് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.ഒരിക്കൽ ഇങ്ങനെ നിറം നഷ്ടപ്പെട്ടാൽ അവ പഴയപടിയാകാൻ മാസങ്ങളോ വർഷങ്ങളോ എടുക്കുമെന്നതിനാൽ, ബ്ലീച്ചിങ് സംഭവിച്ച പവിഴപ്പുറ്റുകളെ രക്ഷിക്കാൻ കഴിയില്ലെന്ന് കരുതി ഗവേഷകര്‍ പോലും അവയെ കൈയൊഴിയുകയായിരുന്നു പതിവ്.
എന്നാൽ 2025-ൽ പ്രൊഫസർ പലുമ്പി (Stephen R. Palumbi) പരീക്ഷണശാലയിലെ ടാങ്കിൽ യാദൃച്ഛികമായി കണ്ട ഒരു കാഴ്ചയാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. ടാങ്കിൽ സൂക്ഷിച്ചിരുന്ന ആരോഗ്യമുള്ള ഒരു പവിഴപ്പുറ്റും ബ്ലീച്ചിങ് സംഭവിച്ച് വെളുത്ത മറ്റൊരു പവിഴപ്പുറ്റും അബദ്ധത്തിൽ പരസ്പരം മുട്ടിയിരിക്കുകയായിരുന്നു.

അവ തമ്മിൽ തൊട്ടിരുന്ന ഭാഗത്ത് വെളുത്ത പവിഴപ്പുറ്റിലേക്ക് പഴയ നിറം പതിയെ തിരിച്ചുവരുന്നത് അദ്ദേഹം ശ്രദ്ധിച്ചു. തുടർന്ന് ഡാനിയൽ കോളിൻസിന്റെ (Daniel S. Collins) നേതൃത്വത്തിൽ ഗവേഷകര്‍ പോസിലോപോറ ഡാമികോർണിസ് (Pocillopora damicornis) എന്ന പവിഴപ്പുറ്റുകളെ ലബോറട്ടറിയിൽ വെച്ച് ചൂട് കൂട്ടി ബ്ലീച്ചിങ്ങിന് വിധേയമാക്കി. 99.9 മുതൽ 100 ശതമാനം വരെ ആൽഗകളും നഷ്ടപ്പെട്ട ഇവയെ ഒരേ കോളനിയിൽ നിന്നുള്ള, ജനിതകപരമായി സമാനമായ (Clonal genotype) ആരോഗ്യമുള്ള പവിഴപ്പുറ്റുകൾക്കൊപ്പം പത്ത് ജോഡികളായി ക്രമീകരിച്ചു. ഇതിൽ അഞ്ച് ജോഡികളെ പരസ്പരം തൊട്ടുരുമ്മിയും, ബാക്കി അഞ്ചെണ്ണത്തിനെ അഞ്ച് മുതൽ ഏഴ് മില്ലിമീറ്റർ വരെ മാത്രം അകലത്തിലും വെച്ചു.

ഫലം; തൊട്ടുനിന്ന അഞ്ച് പവിഴപ്പുറ്റുകളും ഏഴ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തി. എന്നാൽ തൊട്ടടുത്തുണ്ടായിരുന്നിട്ടും ആ ഒരു സ്പർശനം ലഭിക്കാതെ പോയ പവിഴപ്പുറ്റുകൾ മറ്റ് പായലുകൾ മൂടി നശിച്ചുപോയി.
ഈ ചേർത്തുപിടിക്കലിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ പരിശോധിച്ചു. പരസ്പരം തൊട്ടുകിടക്കുന്ന പവിഴപ്പുറ്റുകളുടെ കലകൾ മുപ്പത്തിയാറ് മുതൽ അറുപത് മണിക്കൂറിനുള്ളിൽ തമ്മിൽ ഇഴുകി ചേർന്നു (Tissue fusion) അവയ്ക്കിടയിൽ ചെറിയ പാലങ്ങൾ (Tissue bridges) രൂപപ്പെടുന്നു. ഈ ചെറുചാലുകളിലൂടെ ആരോഗ്യമുള്ള പവിഴപ്പുറ്റിൽ നിന്ന് ആൽഗകളും പോഷകങ്ങളും രോഗിയായ പവിഴപ്പുറ്റിലേക്ക് ഒഴുകിയെത്തുകയും, അവയുടെ ഗാസ്ട്രോവാസ്കുലാർ സിസ്റ്റം (Gastrovascular system) വഴി ശരീരമാകെ പടരുകയും ചെയ്യുന്നു.
വെറും മൂന്ന് മുതൽ ഏഴ് ദിവസം വരെ ഇങ്ങനെ ചേർത്തുനിർത്തിയ ശേഷം വേർപെടുത്തിയാൽപ്പോലും പവിഴപ്പുറ്റുകൾക്ക് സ്വയം രക്ഷപ്പെടാൻ കഴിയുമെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായി. ഉള്ളിലെത്തിയ ആൽഗകൾ രണ്ടാമത്തെ ആഴ്ചയിൽ ഓരോ നാല് ദിവസം കൂടുമ്പോഴും ഇരട്ടിയായി പെരുകാൻ തുടങ്ങി. സാധാരണ കടലിൽ നടക്കുന്നതിനേക്കാൾ പത്ത് മടങ്ങ് വേഗതയിലാണ് ഈ കോശവിഭജനം നടന്നത്.

മനുഷ്യർ അപരിചിതരെക്കാൾ സ്വന്തം ഉറ്റവരെ പുണരാൻ ആഗ്രഹിക്കുന്നതുപോലെ, പവിഴപ്പുറ്റുകളുടെ ഈ രക്ഷാപ്രവർത്തനത്തിനും പ്രകൃതി ഒരു നിബന്ധന വെച്ചിട്ടുണ്ട്. പരസ്പരം തൊടുന്ന പവിഴപ്പുറ്റുകൾ ജനിതകപരമായി ഒരേ കോളനിയിൽ നിന്നുള്ളവ ആയിരിക്കണം.
വ്യത്യസ്ത ജനിതക വിഭാഗങ്ങളെ ഒരുമിച്ച് വെച്ചപ്പോൾ അലോറെക്കഗ്നിഷൻ (Allorecognition) സംവിധാനം വഴി അവ അന്യരെ തിരിച്ചറിയുകയും, വിഷം നിറഞ്ഞ നെമറ്റോസിസ്റ്റുകൾ കൊണ്ട് പരസ്പരം ആക്രമിച്ച് ദുർബലരായവയെ ഇല്ലാതാക്കുകയും ചെയ്തു.

കടലിലെ ഓരോ പവിഴപ്പുറ്റിനും കൃത്യമായൊരു ഇരട്ടയെ കണ്ടെത്തുക പ്രായോഗികമല്ലാത്തതിനാൽ സമുദ്രങ്ങളിലേക്ക് ഈ രീതി ഉടൻ വ്യാപിപ്പിക്കാൻ പരിമിതികളുണ്ട്. എങ്കിലും ആഗോളതാപനം കുറയ്ക്കാനുള്ള ശ്രമങ്ങൾക്കൊപ്പം, പവിഴപ്പുറ്റ് നഴ്സറികളെ ഉഷ്ണതരംഗങ്ങൾക്ക് ശേഷം വേഗത്തിൽ പുനരുജ്ജീവിപ്പിക്കാനും ചൂടിനെ പ്രതിരോധിക്കുന്ന ആൽഗകളെ കൈമാറാനും ഈ കണ്ടുപിടുത്തം വലിയൊരു വഴിത്തിരിവാകും.
ഒറ്റപ്പെട്ടുപോയാൽ, ചേർത്തുപിടിക്കാൻ ഒരാളുണ്ടെങ്കിൽ അതിവേഗം തളർച്ചയിൽ നിന്നും തിരിച്ചുകയറാമെന്നും ഈ ചെറുജീവികളും നമ്മെ ഓർമ്മിപ്പിക്കുന്നു.

സുരേഷ് കുട്ടി

By ivayana

Leave a Reply

Your email address will not be published. Required fields are marked *