വധൂഗൃഹം
വിവാഹം വധൂഗൃഹത്തിൽ വച്ച്.
അതെ,
അങ്ങനെയൊരു
അതിസുന്ദര ചടങ്ങുണ്ടായിരുന്നു.
നാട്ടാരും വീട്ടാരുമെല്ലാം
ഒരാഴ്ചയ്ക്കു മുമ്പേ
കല്ല്യാണ വീട്ടിലെത്തും
വിവരങ്ങളറിയാൻ
കല്ല്യാണവീടു കാണാൻ
പോകുന്നതിനൊരു
ചന്തമുണ്ട്.
നാട്ടാരും വീട്ടാരുമെല്ലാം
ഒരുമിച്ചു ചേർന്ന്
വീടൊരുക്കും
ചുണ്ണാമ്പടി (white wash) മുതൽ
മുറ്റത്ത് പുല്ലു പറിക്കാൻ വരെ
എല്ലാവരും കാണും
ഇടയ്ക്ക് ഓരോ ചായസൽക്കാരം മാത്രം!
വീട്ടുകാരുടെ വക
തൃപ്തർ ഏവരും
കല്ല്യാണ ദിവസത്തെ
തേയിലസൽക്കാര( Tea Party)
ത്തിനു വേണ്ട പലഹാരങ്ങൾ
ഒരുവശത്ത് തയാറാവും
മൈസൂർ പാക്ക് വെട്ടിയൊതുക്കുമ്പോൾ
കുറേ പൊടി ബാക്കിയാവും
മിക്സ്ചറിന്റെ കൂട്ടിനുള്ള
ബൂന്തി അധികമാവും
ഏത്തയ്ക്കാ വറ്റലിൽ
കരിഞ്ഞതും മൊരിയാത്തതും
മാറ്റിവയ്ക്കും
ജിലേബി ( മുന്തിയ ആളുകൾ)
പിഴിയുമ്പോൾ
രൂപഭ്രംശം സംഭവിക്കുന്നവ
അതിഥിപ്പുരയ്ക്കു പുറത്തു വയ്ക്കും
മൂപ്പെത്തിയ വാഴക്കുലകൾ
പാകമാവുന്ന മുറയ്ക്ക്
അടർന്നുവീഴുന്നവർ
പടിക്ക് വെളിയിൽ വീഴും
ഇങ്ങനെ
ബാക്കിയായതും
അധികമായതും
മാറ്റി വച്ചതും
പുറത്തു വച്ചതും
വെളിയിൽ വീണതുമെല്ലാം
മുന്നേ പറഞ്ഞ
ചായസൽക്കാരത്തെ
അലങ്കരിക്കും
കല്ല്യാണത്തലേന്നാവുമ്പോഴേക്കും
നാട് മുഴുവൻ കല്ല്യാണ വീട്ടിലെ
അംഗങ്ങളാണ്.
ഓരോരുത്തർക്കും
പിടിപ്പത് ഉത്തരവാദിത്തങ്ങൾ
ഇവിടെ പെണ്ണിന്റെ (ആണിന്റെയും)
അമ്മയാരെന്നോ
അച്ഛനാരെന്നോ
ആങ്ങളയാരെന്നോ
തിരിച്ചറിയാനാവാത്ത
സ്നേഹക്കൂട്ടായ്മകൾ കാണാം
അച്ഛന്മാർ ഒരുവശത്ത്
ചീട്ടുകളിച്ചിരിക്കും
യുവാക്കൾ അടുക്കള വട്ടത്തിലുണ്ടാവും
പച്ചക്കറികളരിഞ്ഞും
തേങ്ങാ ചിരകിയും മറ്റും
നാട്ടിലെ ലലലാ മണികളെല്ലാം
ആ പരിസരങ്ങളിലുണ്ടാവും
പെണ്ണിന്റെ അരികിലായി
പൂമാല കോർത്തും
മൈലാഞ്ചിയിട്ടും കിന്നാരം പറഞ്ഞുകൊണ്ട്
ഒരുകൂട്ടം കിക്കിളിപ്പിള്ളേരുണ്ടാവും
നാളെ സുന്ദരിമാരായി നിക്കേണ്ടതല്ലേ
കുട്ട്യോളെ
പോയിക്കിടന്നുറങ്ങിൻ
എന്നറിയിപ്പുമായി
ഇടയ്ക്കിടെ അമ്മമാർ
അതിലെയിതിലേ നടക്കും
കിട്ടിയേടങ്ങളിൽ ചുരുണ്ടുകൂടി
എവിടെയെങ്കിലുമൊക്കെ
എങ്ങനെയെങ്കിലുമൊക്കെ
ഉറങ്ങും
അതിരാവിലെ ഉണരണം
വെളുക്കും മുമ്പേ
എവിടെയെങ്കിലുമൊക്കെ
നിന്നും നടന്നും കുളിക്കും
ഒരു വീട്ടിൽ എല്ലാരും
ഒരുങ്ങും
ഒരേപൗഡർ എല്ലാരും
പൂശും
ഒരേതരം മുല്ല എല്ലാരും
ചൂടും
ഒരേ അടുപ്പിലെ ഉപ്പുമാവ് എല്ലാരും
രാവിലെ കഴിക്കും
എല്ലാരും കൂടിയൊരുക്കിയ സദ്യ
മതിയാവോളം ഉണ്ണും
പെണ്ണിന്റെ കൈപിടിച്ച് അച്ഛൻ
വിതുമ്പുന്നത്
നാടിന്റെ മൊത്തം
കണ്ണ് നനയിക്കും
പെണ്ണ് പിടിയിറങ്ങിയാൽ
തളർന്നവശരായി ഏവരും
മണിക്കൂറുകൾ
മിണ്ടാട്ടമില്ലാതെ
വീട് വൃത്തിയാക്കിക്കൊണ്ടിരിക്കും
വധൂഗൃഹം ശൂന്യമാവും
വധുവിന്റെ ബാല്യകൗമാരങ്ങൾ
ശൂന്യമാവുമ്പോലെ !
അവൾക്ക് അവരെല്ലാം അന്യമാകും
സർവ്വതിനോടും അകലംകൂടും
അവിടെയുമില്ല ഇവിടെയുമില്ലാതെ
എവിടെയോ ഒരു സ്വർഗ്ഗം
അവൾ പണിയാൻ ശ്രമിക്കും.
അതുവരെ പറഞ്ഞ വധൂഗൃഹം
🖤അന്യഗ്രഹമാകും🖤

By ivayana

Leave a Reply

Your email address will not be published. Required fields are marked *