രചന : ജയരാജ് പുതുമഠം. ✍️
കാലത്തിന്റെ ദാർശനിക ഭാവവും, പ്രണയത്തിന്റെ ഹൃദയസ്പന്ദനങ്ങളും, പ്രകൃതിയുടെ അവർണനീയ ലാവണ്യവും, ജീവിത വൈവിധ്യങ്ങളുടെ വ്യാകരണാന്വേഷണവും ഇടകലർന്ന സമഗ്രമായ ചേരുവയുടെ അസാമാന്യമായ കാവ്യ ശില്പങ്ങളാണ് വയലാറിന്റെ തൂലികയിൽ നിന്നുതിർന്ന എല്ലാ സൃഷ്ടികളും.
ജീവിതം, മരണം, വിധി, കാലം, അസ്തിത്വം, വിശ്വാസം, സ്വാതന്ത്ര്യം, പ്രണയം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ സ്പന്ദനങ്ങൾ അദ്ദേഹത്തിന്റെ കവിതയിലും, ചലച്ചിത്രഗാനങ്ങളിലും കാലാതീതമായി തെളിഞ്ഞുനിൽക്കുന്നത് ഏതൊരു മലയാളിക്കും അഭിമാനം നൽകുന്ന സർഗ സംഭാവനകളാണ്.
നാടകഗാനങ്ങൾ, കവിതാ സമാഹാരങ്ങൾ, മതഭേദമില്ലാതെ പാടിപ്പതിഞ്ഞ ഭക്തിഗാനങ്ങൾ തുടങ്ങിവയലാറിന്റെ രചനാസൗധങ്ങളിലൂടെ കയറിയിറങ്ങുക ചെറിയൊരു കാര്യമല്ല, എങ്കിലും ഒരിക്കലും മണംവറ്റാത്ത അൽപം സർഗസൃഷ്ടികളിലൂടെ ഒന്ന് കണ്ണോടിച്ച് ആ മഹാനുഭാവനെ സ്മരിക്കാനുള്ള ലളിതമായ ഉദ്യമമാണിത്.1957ൽ തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനചടങ്ങിന് അവതരിപ്പിക്കാനായി രാമവർമ്മ രചിച്ച ‘ബലികുടിരങ്ങളേ…’ എന്ന ഗാനം അന്നുമുതൽ ഇന്നുവരെ സമാനതകളില്ലാത്ത കേരളീയ ഗാനമായി കാലാതിവർത്തിയായി ഒഴുകികൊണ്ടിരിക്കുകയാണ്. ഈ ഗാനം പിന്നീട് ‘വിശറിക്ക് കാറ്റ് വേണ്ട’ എന്ന കെ. പി. എ. സി നാടകത്തിൽ ഉൾപ്പെടുത്തിയതോടെ ഓരോ മലയാളിയുടെ ചുണ്ടിലേക്കും പടർന്നൊഴുകി കാലത്തെ അതിജീവിച്ചുകൊണ്ട് ഭൂമി ഉള്ളിടത്തോളം ഇതിന് അനശ്വരത കൈവന്നിരിക്കു കയാണ്.
എന്റെ ഉമ്മറചുമരിലെ വയലാർജ്യോതി
എന്റെ ബാല്യകാലത്ത് ഞാൻ പിറന്ന വീടിന്റെ പൂമുഖത്തെ ചുമരിലെ ആണിയിൽ കൊളുത്തിയിട്ട കറുത്ത ചട്ടയുള്ള ചില്ലുകൂടിനുള്ളിൽ സംസാരിച്ചുനിന്നിരുന്ന നാൽവർ സംഘത്തിലെ ഒരാൾ മാത്രമേ എനിക്ക് പരിചിതനായി ഉണ്ടായിരുന്നുള്ളൂ. അത് എന്റെ അമ്മാവനായിരുന്ന തോപ്പിൽ രവിയുടെ രൂപമായിരുന്നു.
മറ്റ് 3 പേരിൽ തടിച്ചിട്ടുള്ള ആൾ ‘ചെമ്മീൻ’ എന്ന സിനിമയുടെ സംവിധായകനായ രാമുകാര്യാട്ട് എന്നയാളാണെന്നും, അറ്റത്ത് നിൽക്കുന്ന ആളാണ് അതിന്റെ നിർമ്മാതാവായ ബാബുസേട്ട് എന്നും, തോൾഭാഗം വലത്ഭാഗത്തേക്ക് അൽപ്പം താഴ്ത്തി കറുത്ത്തടിച്ച ഫ്രെയിം ഉള്ള കണ്ണാട ധരിച്ചുനിൽക്കുന്ന ഉയരം അധികമില്ലാത്ത ആളുടെ പേര് വയലാർ രാമവർമ്മ എന്നാണെന്നും അറിയുന്നത് പിന്നെയും കുറേ നാളുകൾ കഴിഞ്ഞതിന് ശേഷം അമ്മ പറഞ്ഞുതന്നപ്പോൾ മാത്രമായിരുന്നു.
“തുമ്പി തുമ്പി വാ വാ തുമ്പതണലിൽ വാ വാ… “,
“മുത്തശ്ശി കഥ പറഞ്ഞുറക്കാം
മുത്തം തന്നുറക്കാം ഞാൻ…”
എന്നീ അമ്മ പാടിയിരുന്ന താരാട്ടുപാട്ടുകൾ എഴുതിയ ആളാണ് ഇതെന്നും അമ്മ വിശദീകരിച്ചപ്പോളാണ് ചുമരിലെ വലുപ്പം കുറഞ്ഞയാളിന്റെ വലുപ്പം അളവുകോലുകൾക്കുമപ്പുറമാണെന്ന് മനസ്സിലായത്.
സാഹിത്യ-കല-രാഷ്ട്രീയാതികളിൽ ജിജ്ഞാസുവും,
അന്ന് ‘മലയാള മനോരമ’യുടെ ലേഖകനുമായിരുന്ന അമ്മാവന്റെ സൗഹൃദവലയത്തിലെ അപൂർവ രത്നങ്ങളായിരുന്നു ഇവരൊക്കെ.
പിന്നീട്, “കടലിനക്കരെ പുഷ്പകതോണിയേറി പോണോരേ…നിങ്ങൾ പോയിവരുമ്പോൾ എന്തുകൊണ്ടുവരും” എന്നും , “മാനസമൈനയോട് കളിക്കൂട്ടുകാരനെ മറന്നുപോയോ “, എന്നും ചോദിച്ച ആളാണ് അതെന്നുള്ള വിജ്ഞാനം എന്നിൽ മുളപൊട്ടുന്നതിന് കാലം കുറേകൂടി യാത്രചെയ്യേണ്ടിവന്നു. അപ്പോഴേക്കും പുഴകളും, മലകളും, പൂമരങ്ങളുമൊക്കെ പിന്നിട്ട് ആയിരം പാദസരങ്ങൾ കിലുക്കി ആലുവാ പുഴയിലൂടെ കവി “സന്ധ്യമയങ്ങും നേരം ഗ്രാമചന്ത പിരിയുന്നനേരത്ത് രാഗബന്ധുരയോട് നീ എന്തിനീവഴി വന്നു” എന്ന ചോദ്യവുമായി ചെല്ലുന്നിടത്തെല്ലാം നിറഞ്ഞുതുളുമ്പുന്ന അവസ്ഥയിലേക്ക് പരിണമിച്ചുകഴിഞ്ഞിരുന്നു.
അതിനുശേഷം വളരുന്തോറും ഉണ്ടായ പരിണാമയാനങ്ങളിൽ വിസ്മയങ്ങൾ വിതറിക്കൊണ്ട് കാലത്തോടൊപ്പം സഞ്ചരിച്ച മഹാമയൂഖമായിരുന്നു വയലാർ എന്ന അമാനുഷപ്രതിഭ എന്ന തിരിച്ചറിവിൽ മറ്റെല്ലാവരെയുംപോലെ ഞാനും പുളകംകൊണ്ടു.
അനന്യ സൗഭഗമായ മധുരദളങ്ങൾ
‘അച്ഛനും ബാപ്പയും’എന്ന ചിത്രത്തിലെ “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു…” എന്നുതുടങ്ങുന്ന ഗാനത്തിന്റെ ദാർശനികമായ ഉൾവഴിയിലൂടെ സഞ്ചരിച്ചാൽ മതത്തിന്റെ പേരിൽ നടക്കുന്ന സംസ്കാരശൂന്യമായ പ്രവർത്തികളിൽ മനംനൊന്ത് പിടയുന്ന ഒരു കവിയുടെ വികാരങ്ങളുടെ വിക്ഷോപം പടർന്നുകയറുന്നത് കാണാനാകും.
സംഘർഷങ്ങൾക്കുമേൽ മനുഷ്യസ്നേഹത്തെ പ്രതിഷ്ഠിക്കുന്ന മാനവികതയാണ് ഗാനത്തിന്റെ കാതൽ. മനുഷ്യൻ സൃഷ്ടിച്ച ആശയങ്ങളും സ്ഥാപനങ്ങളും മനുഷ്യന്റെ ക്ഷേമത്തിനുവേണ്ടിയാണോ, അതോ അവ മനുഷ്യനെ പരസ്പരം അകറ്റുകയാണോ എന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ നിൽക്കുന്നു.
പല്ലവിയിലെത്തുമ്പോൾ, “ഹിന്ദുവായി മുസൽമാനായി എന്നുതുടങ്ങുന്ന വരിയിൽ ഇന്ത്യ ഭ്രാന്താലയമായി…” എന്നെഴുതിയ ഒരു ഭാഗമുണ്ട്. അതിന്മേൽ സെൻസർ ബോർഡ് കത്തിവെച്ച് ‘ലോകം ഭ്രാന്താലയമായി’ എന്നാക്കി തിരുത്തേണ്ടി വന്നത് മറ്റൊരു പീഡനകഥ. ദേശീയ പുരസ്കാരം ലഭിച്ച ആ രചനയിൽ ഇന്ത്യയുടെ നഗ്നമായ സാംസ്കാരികാധഃപതനം എത്ര തീവ്രമായാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് നോക്കൂ.
മനുഷ്യദുഃഖങ്ങളുടെ കാരണവും പരിഹാരങ്ങളും തേടി കാലം സമ്മാനിച്ചിട്ടുള്ള വിശിഷ്ടമെന്ന് കരുതുന്ന പല ആശയങ്ങളും എത്രമാത്രം അപര്യാപ്തമാണെന്ന് പണ്ടേ തിരിച്ചറിഞ്ഞ ഒരു ദീർഘദൃഷ്ടിയുടെ പരിഭവങ്ങളാണ് ‘അനുഭവങ്ങൾ പാളിച്ചകൾ’എന്ന ചിത്രത്തിലെ
“പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ…”
എന്ന ഗാനത്തിലൂടെ വയലാർ നമ്മെ ബോധ്യപ്പെടുത്തിയത്.
പ്രകൃതിയും അതിലെ ജീവജാലങ്ങളും മനുഷ്യാവസ്ഥകളും മാറ്റത്തിന് വിധേയമാണെന്ന ശാസ്ത്രസത്യം ഉറപ്പിച്ചു പറയുന്നു, “ചലനം… ചലനം… ചലനം… മാനവ ജീവിത പരിണാമത്തിൻ മയൂരസന്ദേശം”. ‘വാഴ്വേമായം’ എന്ന പ്രശസ്തമായ ചലച്ചിത്രത്തിലെ മറക്കാനാവാത്ത വയലാറിന്റെ ഗാനപീയുഷമാണിത്. യാതൊരു അവസ്ഥയും സ്ഥിരമായുള്ളതല്ലെന്നും സന്തോഷമായാലും ദുഃഖമായാലും ദിനരാത്രങ്ങൾ കൊഴിഞ്ഞുവീഴുമ്പോൾ മാറ്റങ്ങൾക്ക് വിധേയമാണെന്നുള്ള
പ്രപഞ്ചസത്യം വെളിപ്പെടുത്തുകയാണിവിടെ.
പ്രപഞ്ചരഹസ്യങ്ങളുടെ ധ്വനിപ്രസാദങ്ങൾ
60 കളുടെ ഗാനശാഖയെ ധന്യമാക്കിയ ഗന്ധർവ്വൻ തന്നെയായിരുന്നു വയലാർ. ഓരോ ഗാനങ്ങളിലും വൈവിധ്യമാർന്ന ആശയങ്ങളുടെ ധ്വനിപ്രസാദങ്ങളാണ്
വയലാർവരികളിൽ കൈരളിക്ക് സമ്മാനിതമാകുന്നത്. വളരെ കുറച്ചുകാലത്തെ സിനിമാലോകവുമായ ബന്ധമേ അദ്ദേഹത്തിന് വിധി അനുവദിച്ചുള്ളുവെങ്കിലും
ഇതിനിടയിൽ അദ്ദേഹമുണ്ടാക്കിയ ഗാനതരംഗങ്ങളാണ് ജീവിച്ചിരുന്ന കാലദൈർഘ്യത്തെയും അതിജീവിച്ചുകൊണ്ട് ആഴമുള്ള അർത്ഥതലങ്ങളിലൂടെ അത്ഭുതങ്ങൾ വിരിയിച്ചുകൊണ്ട് ഇപ്പോഴും ഒഴുകികൊണ്ടിരിക്കുന്നത്.
“പ്രഭാത ഗോപുരവാതിൽ തുറന്ന് പണ്ടുമനുഷ്യൻ വന്നു, വിശ്വ പ്രകൃതി വെറും കൈയ്യോടെ വിരുന്നു നൽകാൻ നിന്നു”
‘തുലാഭാരം’ എന്ന ചിത്രത്തിലെ ശാസ്ത്രവീക്ഷണമുള്ള ഈ ഗാനത്തിലൂടെ മനുഷ്യന്റെ അപാരമായ കഴിവിനെ പ്രകീർത്തിക്കുന്നുണ്ട് കവി.
വിശ്വപ്രകൃതി വെറുംകയ്യോടെയാണ് ഇവിടെ ജനിച്ച മനുഷ്യർക്ക് വിരുന്നുനൽകിയത്.
പിന്നീട് മനുഷ്യന്റെ ചിന്തയിലും കർമത്തിലും ഉണ്ടായ വളർച്ചയുടെ ഫലമാണ് ഇന്നുകാണുന്ന സകല പുരോഗതിയുടെയും പിന്നിൽ എന്ന ശാസ്ത്രദർശനം ഉറപ്പിച്ചുപറയുകയാണ് കവി ഈ കൊച്ചു വരികളിലൂടെ. അതിനുശേഷം ‘പേൾവ്യൂ’ എന്ന ചിത്രത്തിൽ “തങ്കത്താഴികക്കുടമല്ല
താരാപഥത്തിലെ രഥമല്ല
ചന്ദ്രബിബം കവികൾ പുകഴ്ത്തും സ്വർണ്ണമയൂരമല്ല” എന്നുകൂടി കുറിക്കുമ്പോൾ
പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക് ഒരു വിളക്കുകൂടി തുന്നിച്ചേർക്കുന്ന കവിയുടെ സർഗവ്യാപ്തിയുടെ അറ്റമില്ലാത്ത ആഴം പറന്നെത്തുന്ന ഇടങ്ങളെ തിരിച്ചറിയുന്ന നമുക്ക് അന്തംവിട്ട് നിൽക്കാനേ കഴിയൂ.
കലയുടെ ഉജ്ജ്വലങ്ങളായ അളകാപുരികളും മധുരാപുരികളും അമരാവതികളും തീർത്തത് മനുഷ്യന്റെ അതിരുകളില്ലാത്ത ഇച്ഛാശക്തി തന്നെയാണെന്നാണ് വയലാർ സമർഥിക്കുന്നത്.
ആത്മാവിന്റെ ആരാമപുഷ്പ്പങ്ങൾ
ഉടലഴകിന്റെ ബാഹ്യ കൗതുകങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല പ്രണയം എന്നും
ആത്മാവിന്റെ അനുഭവവും, വിരഹത്തിന്റെ വേദനയും, ഓർമയുടെ മധുരസാന്നിധ്യവുമായി ലയിച്ചുനിൽക്കുന്ന ഉത്തമ വികാരമാണ് അതെന്നും ബോധ്യപ്പെടുത്തുന്ന അനവധി രചനകൾ കൈരളിക്ക് ദാനം ചെയ്തിട്ടുള്ള മഹത് വ്യക്തിയാണ് കുട്ടൻ എന്ന് ഓമനപ്പേരുള്ള രാമവർമ്മ. ആന്തരികമായ സഹജവാസനകളുടെ തുറന്നിട്ട ജാലകങ്ങളാണ് അദ്ദേഹത്തിന്റെ പ്രണയഗാനങ്ങൾ.
“താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ”
“ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശിൽപ്പഗോപുരം തുറന്നൂ”
“സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമൻ”
“മാലിനി നദിയിൽ കാണാടി നോക്കും മാനേ”
“സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ”
“സ്വർണചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ”
“സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ”
“കുടമുല്ല പൂവിനും മലയാളി പെണ്ണിനും”
“നീലക്കൂവള പൂവുകളോ
വാലിട്ടെഴുതിയ കണ്ണുകളോ”
രാഗ ഗാനങ്ങളുടെ വ്യത്യസ്തമായ കല്പടവുകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന എത്രയെത്ര ഗാനസുധാസാഗരങ്ങൾ.
സ്ത്രീ കേവലം ദുർബലയല്ലെന്നും അവളെ ബഹുമാനിക്കേണ്ടതും, സംരക്ഷിക്കേണ്ടതുമായ ഉത്തരവാദിത്തം സമൂഹത്തിന് ഒഴിച്ചുകൂടാനാകാത്തതുമാണന്ന പ്രകൃതി നീതിയിലൂടെ നമ്മെ കൊണ്ടുപോകുന്ന “കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച” കാവ്യാഭാവനനെ അഭിനന്ദിക്കാൻ മാത്രമേ മനുഷ്യർക്കാവൂ.
ഹൃദയംകൊണ്ടെഴുതിയ കവിത.
ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പലരും ദീർഘമായ രചനകൾ നടത്തിയിട്ടുണ്ടെങ്കിലും
വയലാർ രചിച്ച കനകഗോപുര സമാനമായ ഒന്നാണ് ‘ശ്രീനാരായണ ഗുരു’ എന്ന കവിത.
“മതങ്ങൾക്കതീതമായ് മനുഷ്യൻ,
മറ്റാരും ഈ മധുരാക്ഷരമന്ത്രം ചൊല്ലിയില്ലിന്നേവരെ
മരണം മരണം എന്നെപ്പോഴും ഓർമ്മിപ്പിക്കും മതം
ആ മനുഷ്യന്റെ ശബ്ദത്തിൽ നടുങ്ങിപ്പോയി
കർമ്മത്തിൽനിന്നേ ധർമ്മ ചൈതന്യം വിളയിച്ച
നമ്മുടെ ജന്മാന്തര സഞ്ചിത സംസ്കാരങ്ങൾ
ആ ശിവവഗിരി കുന്നിൽ കത്തിച്ച വിളക്കത്ത് വിശ്വസൗഹാർദത്തിന്റെ യജ്ഞമൊന്നാരംഭിച്ചു”.
വയലാറിന്റെ വല്ലഭത്വം എത്രമാത്രം സൂക്ഷ്മമായാണ് ഈ വരികളിലൂടെ അദ്ദേഹം ഗുരുദേവജന്മദൗത്യം തൂലികനീട്ടി ദീപ്തമാക്കിയിട്ടുള്ളത്.
മലയാള സംസ്കൃതിയെ സമ്പന്നമാക്കിയ സർഗധനന്മാരിൽ എന്തുകൊണ്ടും മുൻനിരയിൽ തലയുയർത്തി നിർത്താവുന്ന മഹാവ്യക്തിതന്നെയായിരുന്നു വയലാർ. ഇരുളടഞ്ഞ മനസ്സുമായി തപ്പിനടന്നിരുന്ന കാവ്യ ശാഖയക്ക് ഉണർവിന്റെ ഗോപുരവാതിൽ തുറന്നുതന്ന അനശ്വരനായി ഇപ്പോഴും അദ്ദേഹം തെളിഞ്ഞുനിൽക്കുകയാണ്.
ഒരിക്കൽ, ‘വയലാർ അവാർഡ്’ സമർപ്പണവേദിയിൽ അഴിക്കോട് മാഷ് പറഞ്ഞത് ഓർത്തുപോകുകയാണ്.
“മരിച്ചവരെ ജീവിപ്പിക്കാൻ സയൻസ് എന്തോ മരുന്നുകൾ കണ്ടുപിടിക്കാൻ പോകുന്നു എന്നു വാർത്ത വായിച്ചപ്പോൾ എനിക്ക് ചിരിയാണ് വന്നത്. മരിച്ചിട്ടും ജീവിച്ചിരിക്കുന്നതിനേക്കാൾ ഓജസ്സോടെ വയലാർ രാമവർമ്മ ജീവിക്കുന്നത് ഈ ശാസ്ത്രജ്ഞന്മാർ കാണുന്നില്ലേ.
വയലാറിനെ പഠിച്ചാൽ മതി മരിച്ചാലും ജീവിക്കാനുള്ള ഫോർമുല കിട്ടും.

