കൊലപാതകക്കേസിൽ വാട്‌സ്ആപ്പ് സന്ദേശങ്ങൾ മാത്രം അടിസ്ഥാനമാക്കി ആരോപണവിധേയനെ ശിക്ഷിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി പ്രതിയെ വെറുതെവിട്ടു. സന്ദേശം അയച്ചതായി പറയപ്പെടുന്ന പ്രോസിക്യൂഷൻ സാക്ഷി അത് നിഷേധിക്കുകയും സംഭവം നേരിട്ട് കണ്ട സാക്ഷികൾ ഇല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെ സുപ്രധാന വിധി.

കേസിൻ്റെ പശ്ചാത്തലം
2019 ഫെബ്രുവരി 9-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് റോപ്പുകൊണ്ട് കെട്ടിയ നിലയിൽ ഒരു മോട്ടോർ സൈക്കിളും കണ്ടെത്തിയിരുന്നു. തുടക്കത്തിൽ അപരിചിതരായ വ്യക്തികൾക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെങ്കിലും, അന്വേഷണത്തിനിടയിൽ രണ്ട് പ്രോസിക്യൂഷൻ സാക്ഷികളുടെ (PW-5, PW-6) ഫോണുകൾ പൊലീസ് പിടിച്ചെടുത്തു.

മരണപ്പെട്ടയാളും പ്രതിയും തമ്മിൽ വഴക്കുണ്ടായെന്നും കൊലപാതകത്തിൽ പ്രതിക്ക് പങ്കുണ്ടെന്നും സൂചിപ്പിക്കുന്ന വാട്‌സ്ആപ്പ് മെസ്സേജ് ഒരു ഫോണിൽ നിന്ന് മറ്റൊന്നിലേക്ക് പോയതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് വിചാരണക്കോടതിയും ഹൈക്കോടതിയും പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

കോടതിയുടെ നിരീക്ഷണങ്ങൾ
സാക്ഷികളുടെ നിലപാട്: വാട്‌സ്ആപ്പ് സന്ദേശം അയച്ചതായി ആരോപിക്കപ്പെട്ട വ്യക്തിയും അത് ലഭിച്ച വ്യക്തിയും കോടതിയിൽ വെച്ച് അത്തരമൊരു സന്ദേശം കൈമാറിയിട്ടില്ലെന്ന് മൊഴി നൽകി. കൂടാതെ ഇരുവരും കേസിനു ആസ്പദമായ സംഭവം നേരിട്ട് കണ്ടിട്ടുമില്ല.
തെളിവുകളുടെ അപൂർണ്ണത: സന്ദേശം ആരാണ് അയച്ചതെന്നോ, അത് സ്വന്തം അറിവോടെയാണോ അതോ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണോ അയച്ചതെന്നോ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. വാട്‌സ്ആപ്പ് മെസ്സേജ് ഒരു സംശയം മാത്രമാണ് സൃഷ്ടിക്കുന്നത്, എന്നാൽ സംശയം മാത്രം വെച്ച് ഒരാളെ ശിക്ഷിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

ഡി.എൻ.എ തെളിവുകളുടെ അഭാവം: പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രങ്ങളോ ഇരുമ്പ് വടിയോ കൊല്ലപ്പെട്ടയാളുടേതാണെന്ന് തെളിയിക്കാൻ ശാസ്ത്രീയമായ ഡി.എൻ.എ (DNA) തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
സാഹചര്യതെളിവുകളുടെ ചങ്ങല അപൂർണ്ണമാണെന്നും, അപകടമരണത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വിലയിരുത്തിയ സുപ്രീം കോടതി പ്രതിയുടെ ശിക്ഷ റദ്ദാക്കി അദ്ദേഹത്തെ വെറുതെവിട്ടു.

അഡ്വ. ബഷീർ ഐകപാടത്തു

By ivayana

Leave a Reply

Your email address will not be published. Required fields are marked *