രണ്ടാം ലോക മഹാ യുദ്ധാനന്തരം ഇനിയൊരു ലോക മഹായുദ്ധം ഉണ്ടാകരുതെന്ന് നിർബന്ധമാണ് ഐക്യരാഷ്ട്രസഭ (United Nations) എന്ന ആഗ്രഹത്തിലേക്ക് ലോക രാഷ്ട്രങ്ങൾ എത്തി ചേർന്നത്. അമേരിക്കൻ പ്രസിഡന്റായ ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റാണ് യുണൈറ്റഡ് നേഷൻസ് എന്ന പേര് മുൻപോട്ടു വെച്ചത്. യുദ്ധത്തിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കുക അഥവാ ആത്യന്തികമായ ലോക സമാധാനം. സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശം ഉറപ്പുവരുത്തുക, നീതിയെയും രാജ്യാന്തരനിയമങ്ങളെയും പിന്തുണയ്ക്കുക, സാമൂഹിക പുരോഗതിയും ജീവിതനിലവാരവും ഉയർത്തുന്നതിനായി നിലകൊള്ളുക എന്നിവയാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമാക്കുന്നത്.

1945-ൽ 51 അംഗ രാജ്യങ്ങളുമായി തുടങ്ങി ഇന്ന് 193 അംഗരാജ്യങ്ങളിൽ എത്തി നിൽക്കുന്നു. 1944 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ഫ്രാൻസ്, ചൈന, ബ്രിട്ടൻ, അമേരിക്ക, സോവിയറ്റ് യൂണിയൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ വാഷിംഗ്ടൺ ഡി.സി.യിൽ യോഗം ചേർന്നാണ് ഈ കൂട്ടായ്മയ്ക്ക് രൂപവും ഭാവവും നൽകി.തുടർന്ന് 1945 ഏപ്രിൽ 25-ന് സാൻഫ്രാൻസിസ്കോയിൽ യു. എൻ. രൂപവത്കരണയോഗം ചേരുകയും രാഷ്ട്ര നേതാക്കന്മാരോടൊപ്പം പൗര പ്രമുഖരും വിവിധ അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുകയും 50 രാജ്യങ്ങളുടെ പ്രാധിനിധ്യത്തിൽ രണ്ടുമാസത്തിനു ശേഷം ജൂൺ 26-ന് ഐക്യരാഷ്ട്രസഭയുടെ കരട് ഭരണഘടനയിൽ ഒപ്പുവെക്കുകയും ചെയ്തു. ആദ്യയോഗത്തിൽ വിട്ടുനിന്ന പോളണ്ടും കൂടി ചേർന്ന് 51 രാജ്യങ്ങൾ ഉൾപ്പെടുന്ന സുരക്ഷാസമിതിയിലെ ഭൂരിപക്ഷവും ഭരണഘടന അംഗീകരിച്ചതിനെത്തുടർന്ന് 1945 ഒക്ടോബർ 24-ന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി പ്രഖ്യപിച്ചു.ഇതിന്റെ ഓർമ്മ പുതുക്കലാണ് എല്ലാ വർഷവും ഒക്ടോബർ 24-ന് ഐക്യരാഷ്ട്ര ദിനമായി ആചരിക്കുന്നത്. ജോൺ ഡി. റോക്ക്ഫെല്ലർ സംഭാവനചെയ്ത, ന്യൂയോർക്കിലെ മാൻഹട്ടൻ ദ്വീപിലെ 17 ഏക്കർ സ്ഥലത്താണ് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം അന്താരാഷ്ട്ര ഭൂഭാഗമായാണ് കണക്കാക്കുന്നത്.1946ൽ ലണ്ടനിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രഥമ പൊതുസമ്മേളനം നടന്നത്. ആദ്യ സെക്രട്ടറി ജനറൽ നോർവേക്കാരനായിരുന്ന ട്രിഗ്‌വെ ലീ ആണ്. ന്യൂയോർക്കിലെ കോടീശ്വരനായിരുന്ന ജെ. പി. മോർഗന്റെ മകളായ ആൻ മോർഗനു വേണ്ടി 1921ൽ നിർമ്മിച്ച ബംഗ്ലാവ് അമ്പതു വർഷത്തിനുശേഷം സംഭാവനയായി ഐക്യരാഷ്ട്രസഭയ്ക്ക് ലഭിച്ചതാണ് ഇന്ന് യു.എൻ. ജനറൽ സെക്രട്ടറിയുടെ ഔദ്യോഗിക വസതി.ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, അറബിക്, സ്പാനിഷ്, ചൈനീസ് എന്നീ ആറുഭാഷകളാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകൾ.

1945 ഒക്ടോബർ 30-ന് ഇന്ത്യക്ക് യു. എൻ. അംഗത്വം ലഭിച്ചു.
യു. എൻ. ഭരണഘടന അംഗീകരിക്കുന്ന, ഏതു രാജ്യത്തിനും ഐക്യരാഷ്ട്രസഭയിൽ അംഗമാകാം.
പൊതുസഭ, സുരക്ഷാസമിതി, സാമ്പത്തിക-സാമൂഹിക സമിതി, ട്രസ്റ്റിഷിപ്പ് കൗൺസിൽ, സെക്രട്ടേറിയറ്റ്, രാജ്യാന്തര നീതിന്യായ കോടതി എന്നിവയാണ് ആറ് ഘടകങ്ങളാണ് ഐക്യരാഷ്ട്രസഭയ്ക്കുള്ളത്. ഇതിൽ രാജ്യാന്തര നീതിന്യായ കോടതി ന്യൂയോർക്കിനു പുറത്ത് ആസ്ഥാനമുള്ള ഏക ഐക്യരാഷ്ട്രസഭാ ഘടകം. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയും സെക്യൂരിറ്റി കൗൺസിലും കൂടി 9 വർഷ കാലയളവിലേക്ക് 15 ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നു. ഒരു അംഗരാജ്യത്തിൽ നിന്നു ഒന്നിലധികം ജഡ്ജിമാരുണ്ടായിരിക്കാനാവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

നെതർലാൻഡിലെ ദി ഹേഗിലാണ് ആസ്ഥാനമെങ്കിലും ഏത് രാജ്യവും ആസ്ഥാനമാക്കിയും കേസ് വിചാരണ ചെയ്യാൻ രാജ്യാന്തര നീതിന്യായ കോടതിക്ക് അവകാശമുണ്ട്. ഇത് കൂടാതെ വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം, ഉൾപ്പെടെ സമാധാനവും സുരക്ഷയും മുൻനിർത്തുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടനയായ യുനെസ്കോ, പുനരുത്പാദനക്ഷമമായ മുതൽ മുടക്കിനുവേണ്ട സ്വകാര്യമൂലധനം കിട്ടാതെ വരുമ്പോൾ വായ്പകൾ നൽകി അംഗരാജ്യങ്ങളെ സഹായിക്കുന്ന അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്ക് അഥവാ ലോക ബാങ്ക്, രാജ്യാന്തര നാണയ നിധി രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനഃസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനമായ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, ഐക്യരാഷ്ട്രസഭ, ഭക്ഷ്യ കാർഷിക സംഘടന, അന്താരാഷ്ട്ര തൊഴിൽ സംഘടന, ലോകാരോഗ്യ സംഘടന (W.H.O), ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ, ലോക കാലാവസ്ഥാ സംഘടന (W.M.O), തുടങ്ങിയവയാണ്.

2026-ലെ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ചർച്ചയുടെ മുഖ്യപ്രമേയം
“Restoring Trust, Managing Transformation: A United Nations That Delivers for All” (വിശ്വാസം പുനഃസ്ഥാപിക്കുക, മാറ്റങ്ങളെ നിയന്ത്രിക്കുക: എല്ലാവർക്കുമായി പ്രവർത്തിക്കുന്ന ഒരു ഐക്യരാഷ്ട്രസഭ) എന്നതാണ് .ഇത് കൃത്യമായി നടപ്പാക്കാനായാൽ ഇന്ന് നിലനിൽക്കുന്ന യുദ്ധ സമാന സാഹചര്യങ്ങൾ ലളിതമായി പരിഹരിക്കാനാകും.ഐക്യരാഷ്ട്രസഭ രൂപീകരിച്ചതിനു ശേഷവും ലോകത്തു വിവിധ രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടായിട്ടുണ്ട്.ഇന്നും ചിലയിടങ്ങൾ അശാന്തിയിലാണ്. അതിലൊക്കെ കൃത്യമായി ഇടപെട്ടു പ്രവർത്തിക്കാനായോ എന്നത് വലിയ ചോദ്യമാണ്. അതൊന്നും ലോക മഹായുദ്ധത്തിലേക്കെത്തിയില്ല എന്നതിൽ ഐക്യരാഷ്ട്രസഭയ്ക്ക് മികച്ച ഒരു പങ്കുണ്ടെന്ന് വിസ്മരിക്കാവുന്നതല്ല. ഇന്നും രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും പടല പിണക്കങ്ങളും വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങളും വംശീയമായ പ്രശ്നങ്ങളിലുമൊക്കെ ഐക്യരാഷ്ട്രസഭയ്ക്ക് ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ കഴിയുന്നില്ല എന്നതും ലോക രാഷ്ട്രങ്ങളിലെ സൂപ്പർ പവറുകളുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്നു എന്നും താരതമ്യേന ദുർബലരായ രാജ്യങ്ങളെ അവഗണിക്കുന്നു എന്നുമൊക്കെയുള്ള വിമർശനങ്ങൾ നിലനിൽക്കുമ്പോഴും ലോക രാജ്യങ്ങൾക്ക് ഒരു വർഷത്തിൽ പരമാവധി വിശേഷ ദിനങ്ങൾ സംഭാവന ചെയ്തതും, ലോക വ്യാപകമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാത്തക്ക രീതിയിൽ രാജ്യങ്ങളുടെ പരസ്പര സഹകരണങ്ങൾഏകോപിപ്പിക്കുകയും ലോക രാജ്യങ്ങളുടെ പരമാവധി സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നത് ഐക്യരാഷ്ട്രസഭ തന്നെയാണ്.

ആഗോള വത്കരണം എന്നത്, കച്ചവട താല്പര്യം മാറ്റിവെച്ച് ലോകം ഒരു ഗ്രാമമായി മാറുന്ന പുതിയ ജീവിത ക്രമത്തിനായി കാത്തിരിക്കാം.ഐക്യ രാഷ്ട്ര സഭ പേരിനോട് നീതി പുലർത്തുന്ന ലോക ഐക്യത്തിനായി മുന്നോട്ടു വരട്ടെ..

അഫ്സൽ ബഷീർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *