രചന : ആദി ദേവ് ✍️
അശോകച്ചില്ലയിൽ ചോരച്ചുവപ്പായ്
അലിഞ്ഞു പൂക്കും മലരുകളെ,
കാലം മായ്ക്കും വഴികളിലെന്നും
കൂടെ നില്ക്കും നിന്നോർമ്മകളെ.
എത്ര നാൾ കൂടിയീ ഭൂമിയിൽ
എന്നെയീ ശ്വാസം തുഴഞ്ഞുവിടും?
അറിയില്ലിന്നും, എങ്കിലും ഞാനീ
അന്ത്യം വരെയു നിന്നോർമ്മയിലാം.
പ്രാർത്ഥനതൻ നിറസന്ധ്യകളിൽ
നിൻ പേരു മാത്രമുരുവിടുമ്പോൾ,
വാക്കുകൾക്കെല്ലാം പ്രഭയേറുന്നു,
വഴികളിലെല്ലാം മണം പടരും.
അശോകപ്പൂവിൻ തണലത്തിരുന്നു
പാടുന്നു ഞാൻ നിൻ രാഗങ്ങൾ,
ഓരോ ശ്വാസവും നിലയ്ക്കും വരെയും
നിനക്കായ് മാത്രമെൻ പ്രാർത്ഥനകൾ.
പൂത്തു കൊഴിഞ്ഞൊരു പൂവെന്നപോലെ
മണ്ണടിയും ഞാനൊരു നാളിൽ,
എന്നാലും സ്നേഹം മാഞ്ഞുപോകില്ലാ
നിൻ പേരിൽ മാത്രം പുലരും ഞാൻ.

