എന്റെ രാമാ
എന്റെ രാമാ
എന്ന വിലാപത്തിനൊടുവിൽ
മെതിയടിയിൽ നിന്ന് കാലിടറി
ഊന്നുവടിയിൽ നിന്ന് കൈവിട്ട്
മഹാത്മാവ്
ഹിംസയുടെ പതാക പാറുന്ന
ഞങ്ങളുടെ സ്വപ്നത്തിലേക്ക്
ചോര കിനിയുന്ന നെഞ്ചുമായി
പിടഞ്ഞ് വീഴുന്നു
പല്ലില്ലാത്ത മോണയിൽ
കളങ്കമില്ലാത്ത ചിരിയിൽ
സങ്കടമഴയുടെ മേഘക്കറുപ്പ് പടരുന്നു
മർത്യവംശത്തിന്റെ
ചോരക്കൊതിയുടെ കഥനഭാരത്തിൽ
നിറഞ്ഞുകവിയുന്നു
ക്ലാവ് പിടിച്ച കണ്ണടക്കുള്ളിലെക്കടലുകൾ
ഹിംസയാണ് കുഞ്ഞേ
നിന്റെ തീന്മേശയിലെ
പ്രിയ വിഭവം
ചൂടാറാത്ത ചോരമാത്രമേ
നിന്റെ ദാഹം ശമിപ്പിക്കുന്നുള്ളൂ
പീഢിതന്റെ അറുത്തെടുത്ത കരള്
അവന്റെ ആത്മാഭിമാനം
ചുട്ടെടുത്ത മാസഭാഗം
നിന്റെ ഇഷ്ടഭോജനം
നിന്റെ രാജ്യത്തെ കാറ്റ്
ഇലകളോട് ഹിംസ ചെയ്യുന്നു
ചില്ലകൾ കിളിക്കൂടുകളോട്
മുള്ളുകൾ
പൂവിതളുകളോട്
ഹിംസ ചെയ്യുന്നു കുഞ്ഞേ
ബാപ്പൂ
ഞങ്ങൾ കണ്ണ് പൊട്ടിയ ജനതയാണ്
മൃഗത്തിന്റെയോ
മനുഷ്യന്റെയോ എന്ന്
തിരിച്ചറിയാതെ
ഞങ്ങൾ ഇരയുടെ പച്ച മാംസം ഭക്ഷിക്കുന്നു
കടിച്ചു കീറി പശിയടക്കുന്നൂ
ഞങ്ങൾ നിസ്സഹായരാണ് ബാപ്പൂ
വെളിച്ചമില്ലാത്ത വഴികളിലെ
കണ്ണുപൊട്ടിയ വേട്ടക്കൂട്ടങ്ങളാണ്
ഞങ്ങൾ
പ്രണയിക്കാനും കാമിക്കാനും
തോന്നുമ്പോൾ
കൂട്ടത്തിലുള്ളവരിൽ നിന്ന്
ഞങ്ങൾ
നല്ല ഇരകളെ നായാടിപ്പിടിക്കുന്നു
വിശക്കുമ്പോൾ
ഏറ്റവും പ്രിയപ്പെട്ടവരെ
കെണിവെച്ചു വീഴ്ത്തി
പച്ചക്കും വേവിച്ചും തിന്നുന്നു
ഭക്ഷണം കൊണ്ട് മാറാത്ത
വിശപ്പുമായി
ഉടല് കൊണ്ട് പത്തി താഴാത്ത
കാമവുമായി
സ്വപ്നം കൊണ്ട്
മതിവരാത്ത നിദ്രയുമായി
കരുണ കൊണ്ട്
തിരി തെളിയാത്ത
വിളക്കുമായി
നിങ്ങളീ ജന്മത്തെ
ശീലിച്ചു കഴിഞ്ഞല്ലോ കുഞ്ഞേ
പിതൃഹത്യയുടെ തഴമ്പുവീണ
തോക്കുമായി
നിന്റെ നെഞ്ചിൻ കൂട്ടിലേക്ക്
ഉന്നം വെച്ച് ഒട്ടും പിഴക്കാതെ
കാഞ്ചി വലിക്കാൻ മാത്രമേ
ഞങ്ങൾ പഠിച്ചിട്ടുള്ളൂ ബാപ്പൂ
ഒന്ന്… രണ്ട്.. മൂന്ന്…
തകർന്ന നെഞ്ചിൻകൂട്ടിൽ നിന്ന്
വെടിയേൽക്കാതെ
പറന്നുയരുന്നു
നീ വളർത്താനേൽപ്പിച്ച
കരുണയുടെ പക്ഷിക്കൂട്ടം
നിന്റെ സഹനവ്യസനങ്ങൾക്ക്
മുന്നിൽ
പാഴായിപ്പോകുന്ന
ഞങ്ങളുടെ സായുധ മുന്നേറ്റങ്ങൾ
ഞങ്ങളൊരു
തോറ്റ ജനതയാണ് ബാപ്പൂ…..

എം ബഷീർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *