രചന : വിക്രമൻ പട്ടാഴി ✍️
ഓർമ്മ പൂക്കുന്ന പൂമര ചോട്ടിലായ്
ഒട്ടുനേരം ഇരുന്നു ഞാനേകനായ്,
ഓർത്തിടാൻ ഏറെയുണ്ടെനിക്കെന്നിലെ
കാത്തിരിപ്പിന്റെ മായാത്ത ചിത്രമായ് .
കാവും കുളങ്ങളും കൈനാറി പൂക്കളും
കാട്ടുതേനിറ്റിടും കാനനചന്തവും,
കുന്നിൻ ചരുവിൽ മറഞ്ഞിരിയ്ക്കും പുതു –
നാമ്പുപോൽ പാറി പറന്നിടും തുമ്പികൾ .
കുങ്കുമം ചാർത്തുന്ന സന്ധ്യയിൽ എന്നുമെൻ
ചാരത്തു പുഞ്ചിരി പൂമൊട്ടൊരായിരം,
നൂറു നൂറായിരം ചോദ്യത്തിനുത്തരം
കേൽക്കുവാൻ ആകാശ മേഘവും ആഴിയും.
വാചാലമാകുന്നവൾ ഏറെ നേരവും
വാക്കിനപ്പുറം മൗനത്തിലാഴുന്നു,
വാർന്നിടുന്നഴകാർന്നൊരാ..കൺമിഴി
കാണുവാൻ എനിയ്ക്കാകുമോ മൽസഖി .
കണ്ണൊന്നു തെറ്റാതെ എൻകരൽ പാതിയ്ക്ക്,
തേൻകണമിറ്റുന്ന പൂമ്പൊടിക്കുള്ളിലെ –
മിന്നുന്ന വൈഡൂര്യമേറ്റിടുന്നാത്മാവിൻ –
ആളുന്ന തീക്കനൽ ആരാലും കാണാതെ .
ഒന്നിച്ചൊരിയ്ക്കൽ എന്റൊപ്പം മടിത്തട്ടിൽ
ഒന്നായിടുന്നവിരാമ ദിനത്തിനായ്,
കാണാത്ത സ്പർശത്തിൽ ആത്മഹർഷത്തിന്റെ-
തേരിളക്കത്തിന്റെ ചക്രം ചലിയ്ക്കുവാൻ .
തോളത്തു കൈ കോർത്ത് പൂത്തുമ്പി പാറുന്ന –
കുന്നിൻ ചരുവിലെ കാഴ്ചകൾക്കപ്പുറം,
മിന്നുന്നതെന്താണെന്റ ന്താരാത്മാവിന്റെ –
സ്പന്ദനം കേൽക്കുന്ന സ്നേഹാത്മ രൂപമേ.

