“സ്നേഹിക്കയില്ല ഞാൻ. നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും.”,

ഒക്ടോബര് 27 ,മലയാളികളെ ഗാന പ്രപഞ്ചത്തിന്റെ വിസ്മയത്തിലേക്കു നയിച്ച വയലാര്‍ രാമവര്‍മ്മ നമ്മെളെ വിട്ടു പിരിഞ്ഞിട്ടു  51 വര്‍ഷം . ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് മാസം 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു .ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി. ബാല്യകാലം അത്ര സുഖകരമായിരുന്നില്ല.സമ്പത്തുണ്ടായിരുന്നിട്ടും ദരിദ്രനായി ജീവിക്കേണ്ടി വന്നു .അമ്മാവൻ്റെ കാർക്കശ്യവും പണം ചിലവാക്കാനുള്ള മടിയും അദ്ദേഹത്തിൻ്റെ ജീവിതം ദുസ്സഹമാക്കി. 

ആദ്യ കവിത ‘സ്വരാട്ട് ‘ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ചു. ചക്രവാളം, അരുണോദയം തുടങ്ങിയ മാസികകളിലും എഴുതി. ചെറുകഥകളും നാടകങ്ങളും രചിച്ചു. 1951-ല്‍ ‘ജനാധിപത്യം’ വാരിക ആരംഭിച്ചു. അന്വേഷണം വാരികയുടെ പത്രാധിപരായി പ്രവര്‍ത്തിക്കുകയും ചെയ്തു.
1948 ആഗസ്തിലാണ് ആദ്യ കവിതാ സമാഹാരമായ ‘പാദമുദ്രകള്‍’ പ്രസിദ്ധീകരിക്കുന്നത്. 1975ലെ ‘വൃക്ഷ’മാണ് അവസാന കവിത.പ്രൗഢ ഗംഭീരവും, ആധ്യാത്മികവും, ലളിതവും അങ്ങനെ വ്യത്യസ്ത ശൈലികളില്‍ ഗാനങ്ങളെഴതി അദ്ദേഹം ജനകീയനായത് . മാത്രമല്ല സിനിമ പിന്നണി ഗാനങ്ങൾക്കപ്പുറം വയലാറിന്റെ ഇന്ദ്രജാലം തുളുമ്പുന്ന കവിതകൾ മലയാള ഭാഷയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. ഗാന രചയിതാവിനേക്കാൾ ആ കവിതകളിലെ കാല്പനികതയും സർഗാത്മകതയും അദ്ദേഹത്തിന്റെ സർഗ്ഗ സൃഷ്ടികളായ പാദമുദ്രകൾ,കൊന്തയും പൂണൂലും,എനിക്കു മരണമില്ല,മുളങ്കാട് ,ഒരു യൂദാസ് ജനിക്കുന്നു,എന്റെ മാറ്റൊലിക്കവിതകൾ,സർഗസംഗീതംരാവണപുത്രി,അശ്വമേധം,സത്യത്തിനെത്ര വയ്യസ്സായി,താടക എന്ന ദ്രാവിഡ രാജകുമാരി ,,സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന ഖണ്ഡ കാവ്യമായ ആയിഷയും.


രക്തം കലർന്ന മണ്ണ്,വെട്ടും തിരുത്തുംഎന്നീ കഥകൾ പുരുഷാന്തരങ്ങളിലൂടെ
റോസാദലങ്ങളും കുപ്പിച്ചില്ലുകളുംഎന്നീ ഉപന്യാസങ്ങളും അങ്ങനെ എല്ലാ കാലത്തേക്കും കൂടി മലയാളത്തിന് നൽകിയതും,1956-ൽ “കൂടപ്പിറപ്പു്” എന്ന സിനിമയ്ക്കുവേണ്ടി തുമ്പീ തുമ്പീ വാ വാ എന്ന ആദ്യ പിന്നണി ഗാനം മുതൽ … ‘പ്രളയ പയോധിയിൽ ഉറങ്ങിയുണർന്നൊരു പ്രഭാ മയൂഖമേ കാലമേ …’ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചൂ ..’ ദൈവ വിശ്വാസി അല്ലെങ്കിലും ഗുരുവായൂർ അമ്പല നടയിൽ എന്നും ,പത്മ തീർത്ഥമേ ഉണരൂ എന്നും എഴുതാന്‍ വയലാറിന് കഴിഞ്ഞു . ‘റംസാനിലെ ചന്ദ്രികയോ രജനീ ഗന്ധിയോ..’ ,ആയിരം പാദസരങ്ങൾ കിലുങ്ങി .തുടങ്ങി 250ലേറെ ചിത്രങ്ങൾക്കു വേണ്ടി 1300 ഓളം ഗാനങ്ങൾ എഴുതി. കൂടാതെ 25 ഓളം നാടകങ്ങളിലായി 150 ഓളം നാടകഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അവയില്‍ മികച്ചതല്ലാത്തത് ഒന്നുമില്ല .’മധുര മനോഹര മനോജ്ഞ ചൈന.’ എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികൾ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് ‘ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ…’ എന്ന് എഴുതി രാജ്യ സ്നേഹം പ്രകടിപ്പിച്ചിട്ടുണ്ട്. 1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് വേണ്ടി അദ്ദേഹം രചിച്ച ” ബലികുടീരങ്ങളേ…”എന്ന ഗാനം ഏറെ ജനകീയമായ ഗാനമാണ്. മാത്രമല്ല അച്ഛന്റെ മരണത്തെ ആസ്പദമാക്കി ആത്മാവിൽ ഒരു ചിത’ എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഒരു പക്ഷെ കവിതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു എഴുത്തു തുടർന്നിരുന്നെങ്കിൽ ജ്ഞാനപീഠമോ നോബൽ സമ്മാനമോ പോലും ലഭിക്കാൻ വയലാറിന് കഴിയുമായിരുന്നു എന്നത് തർക്കമില്ലാത്ത കാര്യമാണ്. നാല് തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ്. . 1961ല്‍ സര്‍ഗസംഗീതമെന്ന കൃതിക്ക് കേരളസാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു.1974-ൽ “നെല്ല്”, “അതിഥി” എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1959-ൽ പുറത്തിറങ്ങിയ ചതുരംഗം എന്ന ചലച്ചിത്രത്തിൽ തുടങ്ങി വയലാർ-ദേവരാജൻ കൂട്ടുകെട്ടിൽ 135 ചിത്രങ്ങളിൽ നിന്നായി 755 ഗാനങ്ങൾ മലയാള ചലച്ചിത്ര രംഗത്തെ വിസ്മയമാണ് . ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം, കേരളം കേളികൊട്ടുയരുന്ന, ദേവലോക രഥവുമായ്, കള്ളി പാലകൾ പൂത്തു, പ്രേമ ഭിക്ഷുകീ, പാലാഴിമഥനം കഴിഞ്ഞു, സന്യാസിനി, ആമ്പൽ പൂവേ, സംഗമം ത്രിവേണി സംഗമം, കുടമുല്ല പൂവിനും, രൂപവതീ രുചിരാംഗി, തേടി വരും കണ്ണുകളിൽ, യവന സുന്ദരി എന്നിങ്ങനെ നീളുന്നു പട്ടിക. ആദിയിൽ വചനമുണ്ടായി എന്ന ബാബുരാജ് ഗാനത്തിൽ പാടി അഭിനയിച്ചു. സൂര്യകാന്തി സ്വപ്നം കാണുവതാരേ, അഞ്ജനക്കണ്ണെഴുതി, എന്നിങ്ങനെ 100 ഓളം ഗാനങ്ങൾക്ക് MS ബാബുരാജ് ഈണമിട്ടു.കൂടാതെ മലയാളത്തിലെ പ്രതിഭ ശാലികളായ അക്കാലത്തെ എല്ലാ സംഗീത സംവിധായകനുമായി ചേർന്നു പ്രവർത്തിച്ചു.

അദ്ദേഹത്തിന്റെ ആദ്യ പത്നി ചന്ദ്രമതി തമ്പുരാട്ടിയും പിന്നീട് അവരുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെയും വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കളാണ്.അദ്ദേത്തിന്റെ ഭാര്യ ഭാരതിതമ്പുരാട്ടി എഴുതിയ “ഇന്ദ്രധനുസ്സിൻ തീരത്ത്” എന്ന കൃതി മലയാളത്തിൽ
ഏറെ ചർച്ച ചെയ്യപ്പെടുകയും ഒട്ടനവധി വിവാദങ്ങൾക്കു വഴിവെക്കുകയും ചെയ്തു .”ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി” എന്ന വരികൾ നമുക്ക് സമ്മാനിച്ചു വയലാര്‍ നമ്മെ ‍വിട്ടു പിരിഞ്ഞകിലും ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ എഴുതുമായിരുന്നോ ?എന്നത് വർത്തമാന കാലത്തേ പ്രസക്തമായ ചോദ്യമാണ്. 1975 ഒക്ടോബർ 27-നു ഗുരുതരമായ കരൾ രോഗം ബാധിച്ചു നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു.ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത, നമുക്കുമുമ്പേ നടന്നുപോയ സ്നേഹധനനായ മറ്റൊരു ഓർഫ്യൂസ്” എന്നാണ് കവി ശ്രീ ഓ. എൻ. വി. കുറുപ്പു് വിശേഷിപ്പിച്ചത് .

“നിന്റെ ഏകാന്തമാം ഓര്മ തൻ വീഥിയിൽ എന്നെ എന്നെങ്കിലും കാണും ഒരിക്കൽ നീ എന്റെ കാൽപാടുകൾ കാണും” എന്ന വയലാറിന്റെ വരികൾ തന്നെ കടമെടുക്കാം

അനശ്വരനായ വയലാർ താങ്കൾക്ക് മരണമില്ല .

അഫ്സൽ ബഷീർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *