രചന : രാജേഷ് പി ആർ ✍️
അയാളിലൂടേ
നമ്മിലേക്ക് വെറുതെ ഒന്നു പോകാം
.അയാൾ
അയാൾ ആവശ്യപ്പെട്ടത്
അതിവേഗം,
ഇടം കവിളിന്റെ മൃദുലതയിൽ
ഞാൻ അയാൾക്ക് സമ്മാനിച്ചു.
മോഹത്തിന്റെ സ്പർശനം പടർന്നപ്പോൾ
ആഗ്രഹപൂർത്തിയുടെ ആനന്ദാനുഭൂതിയിൽ
എല്ലാം മറന്ന് അയാൾ അലിഞ്ഞിരുന്നു;
കൺകോണുകളിൽ നീർത്തുള്ളികൾ നിറഞ്ഞു നിന്നു.
എന്റെ ഊഷ്മള പാരിതോഷികത്തിൽ
മറ്റൊരു ലോകത്ത് അകപ്പെട്ടപോലെ
അയാളുടെ മുഖത്ത് പൂക്കാലം വിടർന്നു.
ഇഷ്ടഭാവത്തിന്റെ പാരമ്യതയിൽ
എന്നെ ചേർത്തു നിർത്തുമ്പോൾ,
സ്നേഹമുദ്രകൾ എവിടെ ചാർത്തുമെന്നറിയാതെ
ഉഴറി, വിധേയയായി ഞാൻ നിന്നു.
സ്ഥലകാലങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ട
ആ ഇഷ്ടം എന്നെ
ആവോളം, ലഹരി തീരുവോളം പാനം ചെയ്തു.
ഞാനോ,
ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത
എല്ലാവിധ സുഖങ്ങളും
ഒരു മടിയും ലോഭവുമില്ലാതെ സ്വന്തമാക്കി.
“എന്റെ ജന്മം നിനക്കും
നിന്റെ ജന്മം എനിക്കും”
എന്ന ഇടമുറിയാത്ത ശ്രുതിലയം
ഞങ്ങളെ ആവേശിച്ചിരുന്നു.
കുറുമ്പും കുസൃതിയും,
നിർമ്മലവും നിസ്വാർത്ഥവുമായ സ്നേഹനദിയിൽ
കാലസമയങ്ങളറിയാതെ
പരമാനന്ദത്തിന്റെ പാരമ്യത്തിൽ
സർവ്വസ്വവും കൊടുത്തും വാങ്ങിയും
ഞങ്ങൾ സിരകളിൽ പരസ്പരം ഒഴുകി നിറഞ്ഞു.
എന്റെ ദുഃഖക്കറുപ്പെല്ലാം തെളിഞ്ഞു.
അയാളുടെ ആത്മഹത്യാ തീരുമാനത്തെ
ഞാൻ എന്റെ വിശപ്പിൽ ലയിപ്പിച്ചു,
ആ അസ്ഥിയുടെ തണുപ്പിലേക്ക് ഊളിയിട്ടു.
അയാൾ ഉണർന്ന് ഞാനായി മാറുന്നത്
എനിക്ക് വ്യക്തമായി അനുഭവപ്പെട്ടു,
ഞാൻ അയാളായി മാറുന്നതും
ഞാൻ കൗതുകത്തോടെ, സംതൃപ്തയായി നോക്കി നിന്നു.
ഇനി വിരഹത്തിന്,
വേർപാടിന്, ഒന്നിക്കലിന്,
മരണത്തിന് പോലും
ഞങ്ങൾക്കിടയിൽ ഒരു പ്രസക്തിയുമില്ല.
പുതുജീവിതത്തിലിരുന്ന്
കൊഴിഞ്ഞ കാലം ഞങ്ങൾ നിങ്ങൾക്കായി പറഞ്ഞുകൊണ്ടിരിക്കും.
നിങ്ങളിലും ഇക്കഥ
നടന്നിരിക്കും.
നടക്കും.
ഉറപ്പ്.
