ഏറ്റവും സമ്പന്നമായ ഇടങ്ങൾ ശ്മശാനങ്ങളാണെന്നു
എവിടെയോ വായിച്ചതായി ഓർക്കുന്നു.
പ്രതീക്ഷകളും സ്വപ്നങ്ങളും
മൂടപ്പെട്ട ഇടം.
ദുഃഖങ്ങളും സന്തോഷങ്ങളും
മൂടപ്പെട്ട ഇടം.
പൊടുന്നെനെയൊരുനാൾ
അവസാനിച്ച് നിശബ്‌ദം
മണ്ണിൽ കലർന്നവരുടെ സങ്കേതം.
സഫലമാകാതെ പോയ ഒരു കൂട്ടം
ആഗ്രഹങ്ങളെ അടക്കിപ്പിടിച്ച ശരീരങ്ങൾ.
സ്വപ്നങ്ങളിലേക്ക് വലിഞ്ഞു നടന്ന കാലുകൾ.
പ്രിയപ്പെട്ട ഒന്നിനെ കണ്ടു
കൊതി തീരാത്ത കണ്ണുകൾ.
ഇനിയുമിനിയും കേൾക്കാൻ
വിശാലമാക്കപ്പെട്ട ചെവികൾ.
കോർത്തു പിടിക്കാൻ വെമ്പുന്ന
വേർപ്പെട്ട കൈകൾ.
ആത്മാവിനെ തൊടുന്ന ചുംബങ്ങൾ കാത്തിരുന്ന നെറ്റികൾ.
പ്രേമം ഉപേക്ഷിക്കാതിരുന്നവർ.
രഹസ്യങ്ങൾ അടക്കം ചെയ്തവർ.
ഹൃദയം മുറിഞ്ഞവർ.
ഒട്ടേറെ ക്ഷമിച്ചവർ.
ആവശ്യമുണ്ടായിട്ടും സ്നേഹത്തെ ഉപേക്ഷിച്ചവർ.
എത്ര തന്നെ വേദനിച്ചിട്ടും
മരവിക്കാതിരുന്നവർ.
അത്രയേറെ സ്നേഹിച്ചിട്ടും
തിരിച്ചൊന്നും കിട്ടാത്തവർ.
വഞ്ചിക്കപ്പെട്ടവർ.
സ്നേഹിക്കപ്പെടും എന്ന്
കബളിപ്പിക്കപ്പെട്ടവർ.
ഉപേക്ഷിക്കപ്പെട്ട വിരലുകൾ .
ഭാരമിറങ്ങാത്ത നെഞ്ചുകൾ
മണ്ണിനു മുകളിൽ
ആരോ ഒരാൾ ഓർത്തു കിടക്കുന്ന
ശബ്ദങ്ങൾ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *