സ്നേഹലത റെഡ്ഡി
ഒരു കത്തുന്ന ചരിത്രം
വേദിയുടെ വെളിച്ചത്തിൽ
ഒരു നടി മാത്രമായിരുന്നില്ല അവൾ,
അനീതിയുടെ ഇരുട്ടിലേക്ക്
വെളിച്ചം നീട്ടിയൊരു ശബ്ദമായിരുന്നു.
നാടകവേദിയിൽ നിന്ന്
സമൂഹത്തിന്റെ ജീവിതത്തിലേക്ക് ഇറങ്ങി,
വാക്കുകൾക്ക് ചിറകേകി,
ചോദ്യങ്ങൾക്ക് ശബ്ദമേകി.
‘മദ്രാസ് പ്ലെയേഴ്സ്’ എന്ന വേദിയിൽ
കലയുടെ തിരശ്ശീല ഉയർന്നപ്പോൾ,
ഷേക്സ്പിയറും ഇബ്സനും
അവളുടെ അഭിനയത്തിൽ ജീവിച്ചു.
പിന്നെ സിനിമയുടെ വെള്ളിത്തിരയിൽ
‘സംസ്കാര’യിലൂടെ
അവളുടെ പേര് ദേശമറിഞ്ഞു;
അഭിനയം ജീവിതത്തിന്റെ
മറ്റൊരു ഭാഷയായി മാറി.
പക്ഷേ
1975-ൽ രാജ്യം ഇരുട്ടിലായപ്പോൾ,
അടിയന്തരാവസ്ഥയുടെ കരിനിഴൽ
സ്വാതന്ത്ര്യത്തിന്റെ വാതിലടച്ചപ്പോൾ,
അവളുടെ ശബ്ദവും
അധികാരത്തിന് അസ്വസ്ഥതയായി.
സംശയത്തിന്റെ പേരിൽ
തുറുങ്കിലടച്ചു അവളെ;
വിചാരണയുടെ വെളിച്ചമില്ലാതെ
എട്ടുമാസം ജയിലിന്റെ ഇരുട്ടിൽ.
ശരീരം രോഗത്തോട് പൊരുതുമ്പോഴും
മനസ്സ് തോറ്റില്ല;
വേദനയ്ക്കിടയിലും
സഹതടവുകാർക്കായി
പാട്ടും നാടകവും പുഞ്ചിരിയും
അവൾ പങ്കിട്ടു.
തടവറയുടെ ചുവരുകൾക്കുള്ളിലും
അവൾ മനുഷ്യാവകാശം സംസാരിച്ചു;
ചങ്ങലകൾക്കിടയിലും
സ്വാതന്ത്ര്യത്തിന്റെ അർത്ഥം പഠിപ്പിച്ചു.
ശ്വാസം മുട്ടിയ രാത്രികൾ
അവളുടെ ശരീരത്തെ തളർത്തിയെങ്കിലും,
അവളുടെ ആത്മാവിനെ
തടവിലാക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ
പരോൾ എന്ന പേരിൽ
തുറന്ന വാതിലിലൂടെ പുറത്തുവന്നു;
പക്ഷേ ജയിൽ വിട്ടത്
ശരീരം മാത്രം…
അഞ്ച് ദിവസങ്ങൾക്കകം
1977 ജനുവരി ഇരുപതിന്
സ്നേഹലത യാത്രയായി.
ഒരു നടി മരിച്ചില്ല അന്ന്
ഒരു കാലഘട്ടത്തിന്റെ
മുറിവ് ചരിത്രത്തിൽ പതിഞ്ഞു.
ഇന്നും തിരശ്ശീല ഉയരുമ്പോൾ
അവളുടെ ശബ്ദം കേൾക്കാം:
കലാകാരിയുടെ ശബ്ദം
അടച്ചിടാം
പക്ഷേ സത്യത്തിന്റെ ശബ്ദത്തെ
തടവിലാക്കാനാവില്ല
സ്നേഹലത
ഒരു പേര് മാത്രമല്ല,
വേദിയിൽ നിന്ന് തടവറയിലേക്ക്
നടന്നുപോയൊരു ജീവിതം;
അനീതിയുടെ മുന്നിൽ
കുനിയാതെ നിന്ന
ഒരു കത്തുന്ന ചരിത്രം.

റഹീം പുഴയോരത്ത്

By ivayana

Leave a Reply

Your email address will not be published. Required fields are marked *