രചന : സഫൂ വയനാട് ✍️
പാതി ഛേദിച്ചയെൻ
ഖൽബാണെനിക്ക്
പ്രാർത്ഥനാലയം
ഇഷ്‌കുരുകുംവേളയിൽ
ഞങ്ങൾക്ക്സ്വസ്ഥം
ഇഹ്തികാഫിരിക്കാനുള്ള
ഹദീഖവേറെയില്ല
ശംസുണരുമ്പോൾ
ഞങ്ങളിരുവരും
ധ്യാനനിരതരാവും,
ഖമറൊളി പെയ്യുമ്പോൾ
നിലാവിന്റെ മുസല്ലയിൽഇരുന്ന്
ഖവാലികൾ ആലപിക്കും
സിറാത്തിനുമപ്പുറം
സ്നാനം ചെയ്യാൻ
പ്രേമ പൂർവ്വം അവൻ
സമ്മാനിച്ച നിലാ പൊയ്കയുണ്ട്
ഏഴഭ്രപാളിക്കുമപ്പുറം
റൈഹാൻ പൂക്കളിൽ
നിന്നിറ്റ് വീഴുന്ന ചഷക
മരന്ദകമുണ്ട്
അവന്റെ അസാന്നിധ്യങ്ങൾ
മറികടക്കാൻ അഭേരീ രാഗം
മുഴക്കുന്ന വിപഞ്ചികയുണ്ട്,
താളം മുറുകുമ്പോഴെല്ലാം ഞാൻ
ചിന്തകൾ ചിരാത് കൊളുത്തി
അവനെ തവാഫ് ചെയ്യുന്നുണ്ട്
അറിയുമോ ഞാനെത്ര
ആഹ്ലാദവതിയാണെന്ന്,
എന്റെ ഹിജ് റയുടെ
ഖിബ് ലയാണവൻ
അവന്റെ ഓരോ ഓർമയും
ഒരോപൂക്കാലമാണെനിക്ക് ,
തസ്ബീഹ് പോലെ ഓരോ
ശ്വാസത്തിലും ഞാനത് ആവർത്തിക്കും
വരികളിൽ അതിഭാവുകത്വം
നിറയുന്ന കവിതയാണ് ഞാൻ,
മനോഹരമെങ്കിലും
മടുത്തുപോകുന്ന
അതിശോകഭാവമാണെനിക്ക്,
അവനല്ലാതെ വേറെ ആർക്കും
എന്നെ എഴുതുവാനാകില്ല
ഏത് കൊടും വരൾച്ചയിലും
മൽഹാർ രാഗത്തിൽ അവനെന്നെ
അതീവ ഭംഗിയോടെ ആലപിക്കും
ഖൽബിനുള്ളിലൂടെ
മാത്രമേ അവനെന്നിലേക്ക്
പ്രവേശിക്കൂ എന്നതാണ് വാസ്തവം
അല്ലാത്തപക്ഷമവൻ
അകലങ്ങളിൽ ആഴ്ന്ന് പോകുന്നു
വെന്ന ഭയമെന്നെ പിടികൂടും.
പറഞ്ഞല്ലോ,
ഉത്സവാരവങ്ങൾക്കിടയിലും
ഉള്ളുരുകുന്ന നോവിലും
ഉടയവനൊരുവനോളം
നിറവിൽ അവൻ
നീന്തി തുടിക്കുന്ന
ഹൃദയമണെന്റെ
പ്രാർത്ഥനാലയം,
എന്നിലേക്ക് മാത്രം നീളുന്ന
അവന്റെ മിഴികളാണെനിക്ക്
വിശുദ്ധ സൂക്തം,
പാടി തീരാത്ത പ്രണയമാണെന്റെ
പ്രാർത്ഥന.
✍️
