രചന : ബി.സുരേഷ്കുറിച്ചിമുട്ടം ✍️
ഏതു ദിക്കിലും കേൾപ്പൂ വിലാപങ്ങൾ
ഏതു കണ്ണിലും നീറുന്നു കനലുകൾ
ഏതൊരുന്മത്ത ചിന്ത തൻ ഫലമായ്
ഏറെ മനുഷ്യർ മണ്ണടിഞ്ഞീടുന്നു പാരിൽ!
ഏകനായ് തീരുന്ന ബാല്യത്തിൻ രോദനം
ഏകിടുന്നു മനസ്സിനു വേദന
ഏറെ മോഹിച്ച സ്വപ്നങ്ങളൊക്കെയും
ഏതൊരു കരളിലും നീറ്റലായ് പിടയുന്നു!
ഏതു സിംഹാസനത്തിനായ് പോരാട്ടം
ഏതു രാജ്യത്തിന്നതിരുകൾ കാക്കുവാൻ
ഏഴകൾ തൻ രക്തത്താൽ കുതിർക്കുന്നു ഭൂമിയെ
ഏതു ലാഭത്തിനായ് ഈ കൊടും ക്രൂരത?
ഏഴുകടലിന്നു മക്കളിന്നേവരും
ഏകലോകമായ് വാഴേണ്ട നേരത്ത്
ഏറെ വിദ്വേഷം വിതയ്ക്കുന്നു യുദ്ധക്കൊതിയർ
ഏതു കാറ്റിലോ മാഞ്ഞുപോകുന്നു നിഴലായ് !
ഏകത തൻ കതിർ മാഞ്ഞുപോയ് ദൂരത്ത്
ഏതു നേരവും മരണം തുപ്പുന്ന പീരങ്കി
ഏതോ ആകാശ വാഹനം മുരളുന്നുമേലേ
ഏറെ ദുഃഖത്തിൽ ആഴുന്നു ധരണി!
ഏകമായിതാ ചൊല്ലിടാം നമുക്കിനി
ഏതു യുദ്ധവും തോൽവിയാണല്ലോ
ഏതു ജീവനും അമൂല്യമെന്നോർക്കുക
ഏതു കാലവും ശാന്തിക്കായ് വാഴുക!


ഏത് യുദ്ധവും ആത്യന്തികമായി മനുഷ്യരാശിയുടെ തോൽവിയും ഭൂമിയുടെ നാശവുമാണെന്ന് തിരിച്ചറിയുന്ന
ആഴമുള്ള വാക്കുകൾ…
മാനവ സ്വാന്തന്ത്ര്യത്തിനും ശാന്തിക്കുമായി
ശബ്‌ദിക്കുന്ന വാക്കുകൾക്കൊപ്പമുണ്ട്…
നമ്മുടെ ആകാശത്ത് ശാന്തിയുടെ വെള്ളരിപ്രാവുകൾ മടങ്ങിവരട്ടെ….